ടോം സക്കറിയയുടെ ഭൂമി കൈയേറ്റം; ഇൻറലിജൻസ് അന്വേഷണം തുടങ്ങി
text_fieldsതൊടുപുഴ: പാപ്പാത്തിച്ചോലയിൽ കുരിശ് സ്ഥാപിച്ച് ഭൂമി കൈയേറിയ സംഭവത്തിൽ ആരോപണം നേരിടുന്ന സ്പിരീറ്റ് ഇൻ ജീസസ് എന്ന സംഘടനയുടെ മേധാവി ടോം സക്കറിയയുടെയും കുടുംബത്തിെൻറയും ഭൂമി ഇടപാടുകളെക്കുറിച്ച് പൊലീസ് ഇൻറലിജൻസ് വിഭാഗം അന്വേഷണം തുടങ്ങി. സംസ്ഥാന ലാൻഡ് ബോർഡ് നടത്തുന്ന അന്വേഷണത്തിന് പുറമെയാണിത്. ടോം സക്കറിയയും കുടുംബാംഗങ്ങളും നിയമവിരുദ്ധമായി കൈവശംവെച്ചിരിക്കുന്ന ഭൂമി സംബന്ധിച്ച വിവരങ്ങളാണ് ഇൻറലിജൻസ് ശേഖരിക്കുന്നത്.
ദേവികുളം താലൂക്കിൽ ചിന്നക്കനാൽ വില്ലേജിലെ പാപ്പാത്തിച്ചോലക്ക് പുറമെ ടോം സക്കറിയയും ഭാര്യ ലിസയും ഭൂപരിഷ്കരണ നിയമത്തിന് വിരുദ്ധമായി ഭൂമി കൈവശംവെച്ചിട്ടുള്ളതായി റവന്യൂ രേഖകൾ വ്യക്തമാക്കുന്നു. ഭൂസംരക്ഷണ ചട്ടപ്രകാരം ഒരു കുടുംബത്തിന് കൈവശം വെക്കാവുന്ന ഭൂമിയുടെ പരിധി 15 ഏക്കറാണ്. എന്നാൽ, ചിന്നക്കനാൽ വില്ലേജ് ഒാഫിസിലെ രേഖകൾ പ്രകാരം ടോം സക്കറിയയുടെയും ഭാര്യയുടെയും പേരിൽ 21 ഏക്കർ ഭൂമിയുണ്ട്. ഭൂമി കൃത്യമായി അളക്കാതെ രേഖകൾ രജിസ്റ്റർ ചെയ്തുനൽകിയതായും ആരോപണമുണ്ട്. ടോം സക്കറിയയുടെയും കുടുംബത്തിെൻറയും കൈവശമുള്ള ഭൂമിയെ സംബന്ധിച്ച വിവരങ്ങൾ ഒമ്പത് റവന്യൂ രജിസ്റ്ററുകളിലായാണ് ഉള്ളത്.
ടോം സക്കറിയക്ക് 386/1, 435/1,389/1,556/1, 34/1, 554 തുടങ്ങിയ സർവേ നമ്പറുകളിലും ഭാര്യ ലിസക്ക് 449, 450, 176/1,34/1 എന്നീ സർവേ നമ്പറുകളിലുമാണ് ഭൂമി. ഇതിനിടെ, അധിക ഭൂമി കൈവശംവെച്ച കേസിൽ രേഖകൾ ഹജാരാക്കാൻ ടോം സക്കറിയയുടെ വെള്ളൂക്കുന്നേൽ കുടുംബത്തിന് ഉടുമ്പൻചോല താലൂക്ക് ലാൻഡ് ബോർഡ് ഒരു മാസംകൂടി അനുവദിച്ചു. ഭൂപരിഷ്കരണ നിയമപ്രകാരം അനുവദനീയമായതിനേക്കാൾ കൂടുതൽ ഭൂമി കൈവശംവെച്ചതിന് ടോം സക്കറിയയയുടെ കുടുംബാംഗങ്ങളെ പ്രതികളാക്കി ലാൻഡ് ബോർഡ് 13 കേസുകൾ എടുത്തിരുന്നു.
തുടർന്ന്, വ്യാഴാഴ്ച ഭൂമിയുടെ രേഖകൾ ഹാജരാക്കാൻ നിർദേശിച്ചു. എന്നാൽ, വ്യാഴാഴ്ച ലാൻഡ്ബോർഡ് ചെയർമാനായ ഡെപ്യൂട്ടി കലക്ടറുടെ അധ്യക്ഷതയിൽ ഉടുമ്പൻേചാല താലൂക്ക് ഒാഫിസിൽ നടന്ന സിറ്റിങ്ങിൽ ഹാജരായ അഭിഭാഷകൻ രേഖകൾ ഹാജരാക്കാൻ വെള്ളൂക്കുന്നേൽ കുടുംബത്തിന് ഒരു മാസംകൂടി ആവശ്യപ്പെടുകയായിരുന്നു. മേയ് 24നാണ് അടുത്ത സിറ്റിങ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.