ഗായകനും നടനുമായ പാപ്പുക്കുട്ടി ഭാഗവതർ അന്തരിച്ചു
text_fieldsകൊച്ചി: ഗായകനും നടനുമായ പാപ്പുക്കുട്ടി ഭാഗവതർ അന്തരിച്ചു. 107 വയസായിരുന്നു. കൊച്ചി പള്ളുരുത്തിയിലെ വീട്ടിലായിരുന്നു അന്ത്യം. കേരള സൈഗാൾ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഇദ്ദേഹം അവസാനം പാടിയത് മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന ചിത്രത്തിൽ ആയിരുന്നു. 'എൻറടുക്കെ വന്നിരിക്കും പെമ്പിറന്നോളെ' എന്ന ഗാനം ഏറെ ജനശ്രദ്ധ ആകർഷിച്ചിരുന്നു.
ഏഴാമത്തെ വയസിൽ വേദമണി എന്ന സംഗീതനാടകത്തിലൂടെയാണ് ഇദ്ദേഹം അരങ്ങിലെത്തിയത്. പതിനേഴു വയസ്സുള്ളപ്പോളാണ് ആർട്ടിസ്റ്റ് പി.ജെ. ചെറിയാെൻറ 'മിശിഹാചരിത്ര'ത്തിൽ മഗ്ദലന മറിയത്തിെൻറ വേഷമിട്ട് പ്രഫഷണൽ നടനാവുന്നത്. പിന്നീട് ചങ്ങനാശേരിയിലെ നാടകട്രൂപ്പുകളുടെ കൂടെയായി. തിക്കുറിശ്ശിയുടെ മായ എന്ന നാടകത്തിൽ പാപ്പുക്കുട്ടി നായകനും തിക്കുറിശ്ശി വില്ലനുമായിരുന്നു. കോളിളക്കം സൃഷ്ടിച്ച നാടകമായിരുന്നു മായ. സമത്വം സ്വാതന്ത്ര്യം, തെരുവുതെണ്ടി, കമ്യൂണിസ്റ്റ് അല്ല, ഭാഗ്യചക്രം, ഇണപ്രാവുകൾ, ചിരിക്കുന്ന ചെകുത്താൻ, പത്തൊമ്പതാം നൂറ്റാണ്ട് തുടങ്ങി അനവധി നാടകങ്ങളിൽ പിന്നീട് വേഷമിട്ടു.
കോയമ്പത്തൂർ പക്ഷിരാജ സ്റ്റുഡിയോയിൽ ചിത്രീകരിച്ച പ്രസന്നയാണ് ആദ്യ സിനിമ. അതിൽ പാടുകയും ചെയ്തു. പിന്നീട് ഇരുപത്തഞ്ചോളം സിനിമകളിൽ അഭിനയിച്ചു. ഗുരുവായൂരപ്പൻ, സ്ത്രീഹൃദയം, മുതലാളി, വില കുറഞ്ഞ മനുഷ്യർ, പഠിച്ച കള്ളൻ, അഞ്ചു സുന്ദരികൾ തുടങ്ങിയവയാണ് അദ്ദേഹം അഭിനയിച്ച ചിത്രങ്ങൾ. സത്യനും നസീറിനും വേണ്ടി പിന്നണി പാടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.