നാടിന്റെ നട്ടെല്ല് തകർത്ത് ക്വാറികൾ
text_fieldsകുറ്റ്യാടി: കായക്കൊടി കൂട്ടൂരിലെ പാറക്കൽ പാറയിൽ ക്വാറി ആരംഭിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്. ജനവാസ മേഖലയിൽ കരിങ്കൽ ക്വാറി ആരംഭിച്ചാൽ വീടുകൾക്കും റോഡിനും ഭീഷണിയാകുമെന്ന് കാണിച്ച് മുഖ്യമന്ത്രിക്കും കലക്ടർക്കും പഞ്ചായത്തിലും പരാതി നൽകി. ഈ പാറയോട് ചേർന്ന ഒരു ഭാഗത്ത് വർഷങ്ങൾക്കുമുമ്പ് ക്വാറി പ്രവർത്തിച്ചിരുന്നപ്പോൾ അകലെയുള്ള വീടുകൾക്കുപോലും തകരാർ സംഭവിച്ചിരുന്നു.
തുടർന്ന് പ്രവർത്തനം നിർത്തുകയായിരുന്നു. വീണ്ടും ക്വാറി ആരംഭിച്ചാൽ വീടുകൾക്ക് കേട് സംഭവിക്കുന്നതിനും നീരുറവകൾ ഇല്ലാതായി കുടിവെള്ള പ്രശ്നത്തിന് കാരണമാകുമെന്നും പരാതിയിൽ പറയുന്നു. നാവോട്ടുകുന്ന് കോളനി റോഡിലാണ് ക്വാറി. വിദ്യാർഥികൾക്ക് ഉൾപ്പെടെ റോഡിലൂടെ സഞ്ചരിക്കാൻ പറ്റാത്ത സാഹചര്യമുണ്ടാകും. കൊളാട്ട ജലാശയത്തിനടുത്താണ് പാറ.
ചുള്ളിയുള്ള മലയിൽ ക്വാറിക്ക് അനുമതി ഉടൻ റദ്ദാക്കണം
ബാലുശ്ശേരി: പരിസ്ഥിതി ലോലപ്രദേശമായ ബാലുശ്ശേരി പതിമൂന്നാം വാർഡ് എരമംഗലം ചുള്ളിയുള്ള മലയിൽ കരിങ്കൽ ക്വാറിക്ക് ഭരണാനുമതി നൽകിയ നടപടി റദ്ദുചെയ്യണമെന്ന് പഞ്ചായത്ത് മുസ്ലിംലീഗ് ആവശ്യപ്പെട്ടു. കോക്കല്ലൂർ ഗ്രാനൈറ്റ്സ് എന്ന പേരിലാണ് മലബാറിലെത്തന്നെ ഏറ്റവും വലിയ കരിങ്കൽ ക്രഷർ പ്രവർത്തിച്ചുവരുന്നത്. സ്ഥലത്തിന് സമീപം പ്രദേശവാസികൾക്ക് ദുരിതം വിതക്കുന്ന വിധത്തിലാണ് പഞ്ചായത്ത് ഭരണസമിതി ധിറുതിപിടിച്ച് ക്വാറിക്ക് അനുമതി നൽകിയിരിക്കുന്നത്.
ഇതിനുപിന്നിൽ അഴിമതിയാരോപണം ശക്തമായിരിക്കെ ക്വാറിപ്രവർത്തനവുമായി പഞ്ചായത്ത് ഭരണസമിതി മുന്നോട്ട് പോവുകയാണെങ്കിൽ ജനകീയ പ്രക്ഷോഭങ്ങൾക്ക് മുസ്ലിംലീഗ് നേതൃത്വം നൽകുമെന്ന് യോഗം മുന്നറിയിപ്പ് നൽകി. കെ. അഹമ്മദ് കോയ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പി.കെ. ഹമീദ് ഹാജി അധ്യക്ഷത വഹിച്ചു. കെ.സി. ബഷീർ മാസ്റ്റർ, സി.കെ. അബ്ദുൽ ഹക്കീം, കെ.എം. മുഹമ്മദ്, എൻ.വി. അബ്ദുല്ല, എം. അബ്ദുറഹ്മാൻ, ഷമീർ കണ്ണങ്കോട്, ഷാഫി ഹുദവി, അജ്മൽ കൂനഞ്ചേരി, റഫീഖ് പനായി എന്നിവർ സംസാരിച്ചു.
നാടിന്റെ നട്ടെല്ല് തകർത്ത് ക്വാറികൾ
ബാലുശ്ശേരി: ജനവാസ കേന്ദ്രത്തിൽ കരിങ്കൽ ക്വാറിയുടെ പ്രവർത്തനം പുനരാരംഭിക്കുന്നതിനെതിരെ ക്വാറിവിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ പനങ്ങാട് പഞ്ചായത്ത് ഓഫിസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. പഞ്ചായത്തിലെ 12ാം വാർഡിൽ എട്ടുവർഷം മുമ്പ് നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് നിർത്തലാക്കിയ മലയിലകത്തൂട്ട് ക്വാറിയാണ് വീണ്ടും തുറന്നുപ്രവർത്തിക്കാനുള്ള നടപടി തുടങ്ങിയത്.
15 വർഷത്തോളം ഇവിടെ കരിങ്കൽ ഖനനം നടത്തിയിരുന്നു. ക്വാറിയുടെ സമീപത്തെ വീടുകൾക്ക് വിള്ളലും കിണറുകൾ മലിനമാകുകയും ചെയ്തതോടെ നാട്ടുകാർ പ്രതിഷേധമുയർത്തി. തുടർന്ന് എട്ടുവർഷം മുമ്പ് ക്വാറി പ്രവർത്തനം നിർത്തി. ക്വാറിയുടെ മുകൾഭാഗത്ത് അഞ്ചു വീടുകളും താഴത്തായി ആറോളം വീടുകളും ഒരു ക്ഷേത്രവുമുണ്ട്.
സമീപത്ത് തന്നെയായി 17ഓളം കുടുംബങ്ങൾ താമസിക്കുന്ന കോളനിയുമുണ്ട്. പഞ്ചായത്ത് ഭരണസമിതിപോലും അറിയാതെ സെക്രട്ടറിയാണ് ക്വാറി ലൈസൻസ് പുതുക്കിനൽകിയതെന്നാണ് സമരസമിതി ആരോപിക്കുന്നത്. പഞ്ചായത്ത് ഓഫിസിലേക്ക് നടന്ന പ്രതിഷേധ മാർച്ച് മുൻ പഞ്ചായത്ത് പ്രസിഡൻറ് ബാലകൃഷ്ണൻ മാതുകണ്ടി ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ ശോഭന കണിയാൻകണ്ടി അധ്യക്ഷത വഹിച്ചു.
ഡി.സി.സി സെക്രട്ടറി നിജേഷ് അരവിന്ദ്, ബി.ജെ.പി ഉത്തരമേഖല സെക്രട്ടറി എൻ.പി. രാമദാസ്, ബാബുരാജ് അമ്പാടി, എം.വി. മുരളീധരൻ എന്നിവർ സംസാരിച്ചു. കോരൂട്ടി സ്വാഗതം പറഞ്ഞു. രാജേഷ്, സജി മാടാക്കണ്ടി, ലാലു മലയിൽ എന്നിവർ മാർച്ചിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.