കനവ്; രാജ്യത്തെ അത്ഭുതപ്പെടുത്തിയ സമാന്തര വിദ്യാഭ്യാസം
text_fieldsസുൽത്താൻ ബത്തേരി: നടവയൽ ചീങ്ങോടുള്ള ‘കനവ്’ എന്ന വിദ്യാലയം രാജ്യത്തെതന്നെ അത്ഭുതപ്പെടുത്തിയ സമാന്തര വിദ്യാഭ്യാസകേന്ദ്രമാണ്. ഇവിടെയുള്ള ആദിവാസി ഊരിലെ കുട്ടികൾ ഇംഗ്ലീഷ് പച്ചവെള്ളം പോലെ സംസാരിക്കുന്നു. അത്രമാത്രം എല്ലാവരെയും ആ ബദൽ വിദ്യാഭ്യാസ രീതി വിസ്മയപ്പെടുത്തി. സിനിമ സംവിധാനം, പാട്ട്, നൃത്തം, ചിത്രകല, കളരിപ്പയറ്റ് എന്നുവേണ്ട എല്ലാ മേഖലയിലും ഊരിലെ കുട്ടികൾ കഴിവുതെളിയിച്ചിട്ടുണ്ട്. കെ.ജെ. ബേബി എന്ന കണ്ണൂരുകാരനായ പഴയ നക്സലൈറ്റ് വയനാട്ടിലെത്തി കെട്ടിപ്പടുത്ത കനവ് വയനാടിന്റെ സാംസ്കാരിക ചിഹ്നമായി മാറുകയായിരുന്നു.
’90കളുടെ തുടക്കത്തിലാണ് കനവ് സജീവമായത്. കെ.ജെ. ബേബിയുടെ പ്രസിദ്ധമായ നാടുഗദ്ദിക നാടകത്തിന്റെ രണ്ടാമത് റിഹേഴ്സൽ 1992ൽ നടവയലിൽ നടക്കുന്ന കാലം. അഭിനേതാക്കൾ മിക്കവരും നടവയൽ പരിസരത്തെ കാട്ടുനായ്ക്ക, പണിയ ഊരുകളിൽപ്പെട്ടവരാണ്. റിഹേഴ്സലിന് വരുന്നവരുടെ മക്കളും മരുമക്കളുമായി 30ലേറെ കുട്ടികൾ കെ.ജെ. ബേബിയുടെ വീട്ടിലെത്തുമായിരുന്നു. അവരിൽ നിന്നുമാണ് കനവിന്റെ തുടക്കമെന്ന് കെ.ജെ. ബേബിയുടെ ഭാര്യ പരേതയായ ഷേർളി ടീച്ചർ പണ്ടൊരു അഭിമുഖത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. തുടക്കത്തിൽ നാലു വയസ്സിനും 18നും ഇടയിലുള്ള 42 കുട്ടികളാണ് ഉണ്ടായിരുന്നത്.
ആദിവാസികളുടെ നാട്ടറിവും കാട്ടറിവും മനസ്സിലാക്കി ആധുനിക ലോകത്തെ അറിവുകൂടി അവരിലേക്ക് എത്തിച്ചുകൊടുക്കാനുള്ള ശ്രമമാണ് കനവിലൂടെ യാഥാർഥ്യമായത്. സാമ്പ്രദായിക രീതിയിൽനിന്നും മാറിച്ചിന്തിച്ച് വിദ്യാഭ്യാസത്തിന്റെ അവസാന ലക്ഷ്യം ഭൂമിയിലെ സമാധാനമാണെന്ന സന്ദേശമായിരുന്നു ബേബി കുട്ടികൾക്ക് പകർന്നുകൊടുത്തത്.
ഇംഗ്ലീഷ്, ഹിന്ദി ഭാഷകൾ, സയൻസ്, കണക്ക്, ശാസ്ത്രീയ നൃത്തം, ചിത്രകല, സിനിമ, കുട്ടനെയ്ത്ത്, മൺപാത്ര നിർമാണം, കളരി അഭ്യാസവും ചികിത്സയും, നീന്തൽ എന്നിവയൊക്കെ കനവിലെ കുട്ടികൾ പഠിച്ചു. ഓരോ മേഖലയിലും വിദഗ്ധരായവർ കനവിൽ എത്തിയാണ് ക്ലാസുകൾ കൈകാര്യം ചെയ്തിരുന്നത്.
കുറസോവയുടെയും മറ്റും സിനിമകൾ കുട്ടികളെ കാണിച്ച് നല്ല സിനിമകളെ കുറിച്ചുള്ള അവബോധമുണ്ടാക്കിയതിനുശേഷമായിരുന്നു സിനിമയെ കുറിച്ചുള്ള ആഴത്തിലുള്ള പഠനം. കനവിന്റെ ഗുഡ സിനിമയിൽ കാമറമാൻ ഒഴിച്ച് ബാക്കിയുള്ള എല്ലാം ചെയ്തത് കനവിലെ കുട്ടികൾ തന്നെയായിരുന്നു. ഹിമാലയത്തെക്കുറിച്ച് പഠിക്കാൻ ഹിമാലയത്തിൽ നേരിട്ട് പോയ അനുഭവം ഒരിക്കൽ കുട്ടികൾ പങ്കുവെക്കുകയുണ്ടായി. അതാണ് കനവിന്റെ വിദ്യാഭ്യാസ രീതിയുടെ ഏറ്റവും വലിയ പ്രത്യേകതയും.
വയനാട്ടിലെത്തിയ തന്നെ ഏറ്റവും ആകർഷിച്ചത് അടിയരുടെ തുടിയായിരുന്നുവെന്ന് ഒരിക്കൽ അദ്ദേഹം പറഞ്ഞിട്ടുണ്ട്. തണുപ്പുള്ള രാത്രികളിൽ വീട്ടിൽ മൂടിപ്പുതച്ച് കിടക്കുമ്പോൾ അകലെ ആദിവാസി ഊരുകളിൽനിന്നുള്ള തുടിതാളം വലിയ രീതിയിൽ ആകർഷകമായി തോന്നി. കോളനിയിലെത്തി മാതപ്പെരുമനെ കണ്ടു. തുടിയെക്കുറിച്ചും അതിലൂടെ ആദിവാസി ജീവിതത്തെയും അടുത്തറിഞ്ഞു. അതൊരു വലിയ മാറ്റത്തിന്റെ തുടക്കമായിരുന്നു.
"എട്ടു രൂപക്കാണ് കൈപ്പാടൻ എന്ന അടിമയെ അമ്പു നായർ സുബ്ബരായർക്ക് പണയം വച്ചത്...’’ -കെ.ജെ. ബേബിയുടെ പ്രശസ്തമായ മാവേലി മൻറം നോവലിന്റെ തുടക്കം ഇങ്ങനെയാണ്. ഒരു കാലഘട്ടത്തിൽ വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ പച്ചയായ ആവിഷ്കാരമായിരുന്നു ബേബി ‘മാവേലിമൻറ’ത്തിലൂടെ വരച്ചുകാണിച്ചത്. പ്രധാന കഥാപാത്രമായ കൈപ്പാടനെ കൂടാതെ ഈര എന്ന കഥാപാത്രവും ഏവരുടേയും മനസ്സിൽ തങ്ങിനിൽക്കും. 1994നാണ് മാവേലി മൻറത്തിന് കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിക്കുന്നത്. നടവയൽ ചീങ്ങോട് എന്ന ചെറിയ ഗ്രാമത്തിലൂടെ കേരള സാഹിത്യ അക്കാദമി അവാർഡ് അങ്ങനെ ആദ്യമായി വയനാടൻചുരം കയറി എത്തുകയായിരുന്നു.
‘നാട് എൻ വീട് ഈ വയനാട്...’
‘നാട് എൻ വീട് ഈ വയനാട്... കൂട് എൻ മേട് ഈ വയനാട്...’ ഇങ്ങനെ തുടങ്ങുന്ന ഈ ഗാനം വെറുമൊരു ഗാനമല്ല. ലോകത്തെമ്പാടുമുള്ള മലയാളികൾക്ക് സുപരിചതമായ പാട്ട്. വയനാടിനെയും വയനാടിന്റെ ആദിവാസികളെയും അടയാളപ്പെടുത്തിയ പാട്ട്. പല വേദികളിൽ പലരും ആ ഗാനം ആലപിച്ചു. ആ പ്രശസ്ത ഗാനത്തിന്റെ പിറവി കനവ് ബേബി എന്ന കെ.ജെ. ബേബിയിലൂടെയായിരുന്നു.
കണ്ണൂരിലെ മാവിലായിയിൽ 1954 ഫെബ്രുവരി 27ന് ജനിച്ച ബേബിയുടെ ജീവിതം പിന്നീട് വയനാട്ടിലായിരുന്നു. ഒറ്റവാക്കിൽ വിശേഷിപ്പിക്കാൻ കഴിയാത്ത അത്ഭുതജീവിതമായിരുന്നു ബേബിയുടേത്. നാടകപ്രവർത്തകൻ, നോവലിസ്റ്റ്, നാടൻപാട്ടുകാരൻ, സാമൂഹിക, മനുഷ്യാവകാശ പ്രവർത്തകൻ എന്നിങ്ങനെ അദ്ദേഹം ആദിവാസി-പിന്നാക്ക ജനതക്ക് വേണ്ടി നിലകൊണ്ടു. കനവ് എന്ന സമാന്തര വിദ്യാഭ്യാസ സ്ഥാപനം അദ്ദേഹത്തെ ദേശീയതലത്തിൽ പ്രശസ്തനാക്കി.
’70കളുടെ അവസാനം കേരളം മുഴുവൻ ചർച്ചയായ നാടുഗദ്ദികയെന്ന തെരുവുനാടകവുമായി അദ്ദേഹം നാടുചുറ്റി. ഏറെ മുമ്പ് തിരുവണ്ണാമലയിലെ രമണാശ്രമത്തിൽ സന്യസിച്ചിരുന്നു. പിന്നീടാണ് സന്യാസം വിട്ട അദ്ദേഹം പൊതു പ്രശ്നങ്ങളിൽ സജീവമായത്. നർമ്മദാ ബച്ചാവോ ആന്ദോളൻ സമരം, മാവൂർ ഗ്വാളിയോർ റയോൺസ് സമരം തുടങ്ങിയവക്ക് പിന്തുണ പ്രഖ്യാപിച്ച് പരിപാടികൾ അവതരിപ്പിച്ചു. പഴശ്ശിരാജ കോളജിലെ അധ്യാപികയായിരുന്ന ഭാര്യ ഷേർളി ജോലി ഉപേക്ഷിച്ചാണ് ബേബിയുടെ സാമൂഹിക പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി ഒപ്പംനിന്നത്.
കാടിന്റെ മക്കളെ അവരുടെ സാംസ്കാരികത്തനിമയിൽതന്നെ നിലനിർത്തി അവരിൽനിന്ന് പാഠങ്ങൾ പഠിച്ചാണ് അവരെ ബേബി വികാസത്തിലേക്ക് വഴിനടത്തിയത്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് കനവ് വിദ്യാലയം. 2006ൽ കനവിന്റെ പ്രവർത്തനങ്ങളിൽനിന്ന് പിന്മാറിയ അദ്ദേഹം അവിടെ പഠിച്ച മുതിർന്ന കുട്ടികളെ സ്കൂളിന്റെ ചുമതല ഏൽപിക്കുകയായിരുന്നു. കനവിലെ ആദിവാസി കുട്ടികൾക്കൊപ്പമാണ് അദ്ദേഹവും കുടുംബവും താമസിച്ചിരുന്നത്.
കെ.ജെ. ബേബിയുടെ നിര്യാണത്തിൽ അനുശോചിച്ചു
കൽപറ്റ: കെ.ജെ. ബേബിയുടെ നിര്യാണത്തിൽ വയനാട് പ്രകൃതി സംരക്ഷണ സമിതി അനുശോചിച്ചു. വയനാടിന്റെ മണ്ണിനെയും മണ്ണിന്റെ മക്കളെയും പ്രകൃതിയെയും പ്രണയിച്ച കലാകാരനായിരുന്നു അദ്ദേഹം. എഴുപതുകളിൽ കേരളീയ യുവത്വത്തെ പിടിച്ചുലച്ച വസന്തത്തിന്റെ ഇടിമുഴക്കം ബേബിയെയും ആവേശത്തിലാക്കി.
മലയാള നാടകത്തെ ഗുണകരമായി പരിവർത്തിപ്പിച്ചതിൽ തോപ്പിൽഭാസിക്കും സി.ജെ. തോമസിനും കാവാലത്തിനും സി.എൻ. ശ്രീകണ്ഠൻ നായർക്കുമൊപ്പം പ്രമുഖ സ്ഥാനം ബേബിക്കുമുണ്ടെന്നും പ്രസിഡന്റ് എൻ. ബാദുഷ, സെക്രട്ടറി തോമസ് അമ്പലവയൽ, ട്രഷറർ ബാബു മൈലമ്പാടി എന്നിവർ പറഞ്ഞു.
കൽപറ്റ: മർദിത ജനതയോടൊപ്പം നിന്ന പ്രമുഖ സാംസ്കാരിക-പ്രതിരോധ പ്രവർത്തകനാണ് കെ.ജെ. ബേബിയെന്ന് കൾച്ചറൽ ഫോറം ജില്ല കമ്മിറ്റി അനുശോചിച്ചു. അടിയന്തരാസ്ഥക്ക് ശേഷം കേരളത്തിലെ സാംസ്കാരിക രംഗത്ത് വിപ്ലവപക്ഷത്തുനിന്ന് അരങ്ങിലെത്തിയ നാടക പ്രവർത്തകനായിരുന്നു അദ്ദേഹം. 1980-81 കാലത്ത് നായനാർ മന്ത്രിസഭ ബേബിയുടെ ‘നാടുഗദ്ദിക’ നാടകം നിരോധിക്കുകയും, ബേബി ഉൾപ്പെടെ നാടകസംഘത്തെ ജയിലിലടക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ നിര്യാണം വലിയ നഷ്ടമാണുണ്ടാക്കിയതെന്ന് ജില്ല കമ്മിറ്റി യോഗത്തിൽ കെ. പ്രേംനാഥ്, പി.ജി. മോഹൻദാസ്, സുനിൽ ജോസഫ്, കെ.എം. പ്രകാശൻ എന്നിവർ പറഞ്ഞു.
കൽപറ്റ: കെ.ജെ. ബേബിയുടെ വിടവാങ്ങലിൽ സി.പി.ഐ (എം.എൽ) റെഡ് സ്റ്റാർ ജില്ല കമ്മിറ്റി അനുശോചിച്ചു. വിപ്ലവ നാടകകൃത്തും കവിയും വിദ്യാഭ്യാസ പരിഷ്കർത്താവുമായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ സ്വാധീനം മലയാള നാടകവേദിയിൽ സമാനതകളില്ലാത്തതാണ്. കേരളത്തിലെ ആദിവാസി സമൂഹങ്ങൾ നേരിടുന്ന പരുഷമായ യാഥാർഥ്യങ്ങൾ തുറന്നുകാട്ടാനുള്ള ബേബിയുടെ നിർഭയമായ പ്രതിബദ്ധതയുടെ തെളിവാണ് നാടുഗദ്ദിക. സാഹിത്യ-രാഷ്ട്രീയ ചരിത്രത്തിൽ കെ.ജെ. ബേബി ഉയർത്തിയ ചിന്തയുടെ വെളിച്ചം എന്നെന്നും പ്രകാശിക്കും.
ജില്ല സെക്രട്ടറി അനുശോചന പ്രമേയം അവതരിപ്പിച്ചു. പി.എം. ജോർജ്, പി.ടി. പ്രേമാനന്ദ്, ബിജി ലാലിച്ചൻ, എം.കെ. ഷിബു, കെ.ജി മനോഹരൻ, കെ. പ്രേംനാഥ്, എം.കെ. ബിജു തുടങ്ങിയവർ അനുശോചിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.