സമാന്തര എക്സ്ചേഞ്ച്: പ്രതികൾക്ക് കുഴൽപ്പണ ഇടപാടും; എൻഫോഴ്സ്മെന്റും അന്വേഷണം തുടങ്ങി
text_fieldsകോഴിക്കോട്: സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കേസിലെ പ്രതികൾ വൻ കുഴൽപ്പണ ഇടപാടും നടത്തിയതായി അന്വേഷണസംഘത്തിന് വിവരം ലഭിച്ചു. കേസിൽ റിമാൻഡിലായി പൊലീസ് കസ്റ്റഡിയിൽ വാങ്ങിയ ബേപ്പൂർ സ്വദേശി അബ്ദുൽഗഫൂര്‍, പൊറ്റമ്മൽ സ്വദേശി കൃഷ്ണപ്രസാദ് എന്നിവരെ ചോദ്യം ചെയ്തപ്പോഴാണ് ഇതുസംബന്ധിച്ച വിവരങ്ങൾ സി ബ്രാഞ്ചിന് ലഭിച്ചത്.
കേസിലെ മുഖ്യസൂത്രധാരൻ മൂരിയാട് സ്വദേശി പി.പി. ഷബീറിന്റെ പണമിടപാടുകള്‍ സംബന്ധിച്ച സുപ്രധാന വിവരങ്ങളും പ്രതികളിൽനിന്ന് ലഭിച്ചു. വിവിധ ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിച്ച് വിദേശ രാജ്യങ്ങളില്‍ നിന്നടക്കം വൻസാമ്പത്തിക ഇടപാടുകൾ നടത്തിയതായാണ് കണ്ടെത്തിയത്. ഇതുസംബന്ധിച്ച് എൻഫോഴ്സ്മെന്റ് വിഭാഗവും അന്വേഷണം ആരംഭിച്ചു.വിവിധ രാജ്യങ്ങളില്‍നിന്നുള്ള പണം ദുബൈയിലെ അക്കൗണ്ടുകളില്‍ നിക്ഷേപിക്കുകയും അത് കുഴല്‍പണമായി എത്തിച്ച് അവരുടെ ഇന്ത്യയിലെ ഏജന്റുകള്‍ക്ക് അവരുടെ അക്കൗണ്ടുകളിൽ നിക്ഷേപിക്കുകയുമാണ് ചെയ്തിരുന്നത്.
ഇത്തരത്തില്‍ 2017 മുതല്‍ ഷബീറിന് പണം ലഭിച്ചതായാണ് വിവരം. ഈ പണം റിസോർട്ട് ഉൾപ്പെടെ വിവിധ മേഖലകളില്‍ നിക്ഷേപിച്ചതായും പൊലീസിന് വിവരം ലഭിച്ചു.പരസ്പരം ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിലേക്കും രാജ്യസുരക്ഷയെ ഗുരുതരമായി ബാധിക്കുന്ന ഉറവിടം കണ്ടെത്താനാവാത്ത ആശയവിനിമയം നടത്തുന്ന വ്യാജ ടെലികോം മാഫിയയിലേക്കുമാണ് അന്വേഷണം എത്തിയതെന്നാണ് പൊലീസ് പറയുന്നത്.
ദേശസുരക്ഷയെ ബാധിക്കുന്ന തരത്തിൽ അന്താരാഷ്ട്ര മാർഗനിർദേശങ്ങൾക്ക് വിരുദ്ധമായി സമാന്തരമായി തങ്ങളുടെ ആശയവിനിമയ ഇടനാഴി സൃഷ്ടിച്ച് വിവിധ രാജ്യങ്ങൾ തമ്മിൽ അനധികൃത ആശയവിനിമയത്തിന് അവസരമൊരുക്കുകയാണ് പ്രതികൾ ചെയ്തത്. ചൈനയില്‍നിന്ന് ഇന്ത്യയിലേക്ക് പ്രതികള്‍ നിരവധി കാള്‍റൂട്ടുകള്‍ നല്‍കിയതായും കണ്ടെത്തി.കേസുമായി ബന്ധപ്പെട്ട് കണ്ടെടുത്ത സിം കാര്‍ഡുകളില്‍ പ്രീ ആക്ടിവേറ്റഡ് വാട്സ്ആപ് അക്കൗണ്ടുകളും പേടിഎം അക്കൗണ്ടുകളും കണ്ടെത്തിയിരുന്നു. ഒരുഫോണിൽനിന്നുതന്നെ നിരവധി വാട്സ്ആപ് അക്കൗണ്ടുകൾ ആക്റ്റിവേറ്റ് ചെയ്തതായും കണ്ടെത്തി.
പൗരന്മാരുടെ സ്വകാര്യതക്കും സുരക്ഷക്കും ഭീഷണിയാകുന്ന തരത്തിലുള്ള സന്ദേശങ്ങൾക്കും എക്സ്ചേഞ്ചുകൾ ഇവർ ഉപയോഗിച്ചതായാണ് സൂചന. സമാന്തര എക്സ്ചേഞ്ചുകൾ ഉപയോഗിച്ച് ലൈംഗികച്ചുവയോടെ ഫോണിൽ സംസാരിച്ചത് സംബന്ധിച്ച് നേരത്തെതന്നെ സംസ്ഥാനത്ത് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഹണിട്രാപ്പ് മുതൽ ലഹരിവ്യാപാരം വരെ ഇത്തരത്തിൽ വിപണിയൽ സുലഭമായ പ്രീ ആക്റ്റിവേറ്റഡ് വാട്സ്ആപ് നമ്പറുകളിലൂടെയാണ് നടക്കുന്നതെന്നാണ് പൊലീസ് സംശയിക്കുന്നത്. സി ബ്രാഞ്ചിനുപുറമെ സംസ്ഥാനതല പ്രത്യേക അന്വേഷണസംഘവും പ്രതികളെ ചോദ്യംചെയ്തു. ജില്ല സി ബ്രാഞ്ച് അസി. കമീഷണർ എ.ജെ. ജോൺസൺ, സബ് ഇൻസ്‍പെക്ടർ എ.ആർ. സത്യൻ, അസി. സബ് ഇൻസ്‍പെക്ടർ പി.കെ. രാജേഷ് എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.