സമാന്തര എക്സ്ചേഞ്ച്:സാമ്പത്തിക ഇടപാടുകളിൽ കൂടുതൽ വ്യക്തത
text_fieldsകോഴിക്കോട്: നഗരത്തിന്‍റെ വിവിധയിടങ്ങളിൽ സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകകൾ സ്ഥാപിച്ച കേസിൽ അറസ്റ്റിലായി പൊലീസ് കസ്റ്റഡിയിലുള്ള പ്രതിയുമായി ക്രൈംബ്രാഞ്ച് തെളിവെടുത്തു.എക്സ്ചേഞ്ചുകളുടെ മുഖ്യസൂത്രധാരൻ മൂരിയാട് സ്വദേശി പുത്തൻപീടിയേക്കൽ ഷബീറിനെ തിങ്കളാഴ്ച നഗരത്തിൽ സമാന്തര എക്സ്ചേഞ്ചുകൾ പ്രവർത്തിച്ച സഭാ സ്കൂൾ ക്രോസ് റോഡിലെ സ്വകാര്യ കെട്ടിടത്തിൽ പ്രവർത്തിച്ച ദി ലിങ്ക്സ് ഐ.ടി സൊലൂഷൻസ്, പുതിയറ, കുണ്ടായിത്തോട്, മാങ്കാവ് തുടങ്ങിയ സ്ഥലത്തെ കെട്ടിട മുറികൾ എന്നിവിടങ്ങളിൽ കൊണ്ടുപോയാണ് സി-ബ്രാഞ്ചിന്‍റെ ചുമതല വഹിക്കുന്ന ട്രാഫിക് അസി. കമീഷണർ എ.ജെ. ജോൺസന്‍റെ നേതൃത്വത്തിലുള്ള സംഘം തെളിവുകൾ ശേഖരിച്ചത്.
മറ്റു സ്ഥാപനങ്ങൾ നടത്താൻ എന്നപേരിൽ വിവിധയിടങ്ങളിൽ മുറിയെടുത്തായിരുന്നു കെട്ടിടമുടമകൾ പോലുമറിയാതെ സമാന്തര എക്സ്ചേഞ്ചുകൾ സംഘം പ്രവർത്തിപ്പിച്ചത് എന്ന് വ്യക്തമായിട്ടുണ്ട്.ഇയാളെ ചോദ്യം ചെയ്തതിൽനിന്നുള്ള വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് നാലാം പ്രതി ബേപ്പൂർ സ്വദേശി പാണ്ടികശാലക്കണ്ടി ദാറുസ്സലാം വീട്ടിൽ പി. അബ്ദുൽ ഗഫൂർ കൽപറ്റയിലെ റിസോർട്ടിൽനിന്ന് ശനിയാഴ്ച രാത്രി അറസ്റ്റിലായത്.
ഇയാളെയും വരുംദിവസം പൊലീസ് കസ്റ്റഡിയിൽ വാങ്ങും. സമാന്തര എക്സ്ചേഞ്ച് നടത്തിപ്പിന്‍റെ മറവിൽ നടന്ന കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച വിവരങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്.ബാങ്കുകളോട് ഇക്കാര്യത്തിൽ കൂടുതൽ വിവരങ്ങൾ തേടിയതായാണ് വിവരം. മൂന്ന് കാറുകളും രണ്ട് മൊബൈൽഫോണും ഇതിനകം പൊലീസ് കസ്റ്റഡിയിലെടുത്തു.
മാത്രമല്ല എക്സ്ചേഞ്ചുകൾ സംബന്ധിച്ച നിർണായക വിവരങ്ങളുള്ള ഷബീറിന്‍റെ ലാപ്ടോപ് നശിപ്പിച്ചു എന്നാണ് നേരത്തേ അറിവായതെങ്കിലും ഇത് എവിടെയോ സൂക്ഷിച്ചിരിക്കുകയാണ് എന്നാണ് പുതിയ മൊഴി. ഇതോടെ ഇത് വീണ്ടെടുക്കാനുള്ള അന്വേഷണവും തുടങ്ങി.
നഗരം കേന്ദ്രീകരിച്ച് പ്രവർത്തിച്ച ഗുണ്ടസംഘത്തിന്‍റെ ഒത്താശയും പ്രതികൾക്ക് ഒളിവിൽ കഴിയുന്നതിന് ലഭിച്ചിരുന്നു. ഇതുസംബന്ധിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. പൊറ്റമ്മൽ സ്വദേശി മാട്ടായിപ്പറമ്പ് ഹരികൃഷ്ണയിൽ എം.ജി. കൃഷ്ണപ്രസാദ്, വിദേശത്തുള്ള മലപ്പുറം വാരങ്ങോട് സ്വദേശി നിയാസ് കുട്ടശ്ശേരി എന്നിവരാണ് ഇനി പിടിയിലാകാനുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.