കേരളത്തിൽ നടന്നത് മൂന്ന് ലക്ഷത്തോളം പിൻവാതിൽ നിയമനങ്ങൾ, സമാന്തര റിക്രൂട്ട്മെൻറ് സംഘം പ്രവർത്തിക്കുന്നു-വി.ഡി. സതീശൻ
text_fieldsതിരുവനന്തപുരം: കേരളത്തിൽ മൂന്ന് ലക്ഷത്തോളം പിൻവാതിൽ നിയമനങ്ങൾ നടന്നതായി വി.ഡി. സതീശൻ നിയമസഭയെ അറിയിച്ചു. നിയമനങ്ങളിൽ മന്ത്രി എം.ബി. രാജേഷ് സഭയെ അറിയിച്ച കണക്ക് തെറ്റാണെന്നും സതീശൻ പറഞ്ഞു. സംസ്ഥാനത്ത് പിഎസ്സി വഴി നിയമനങ്ങൾ നടക്കുന്നില്ല. ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യപ്പെടുന്നില്ല. ഇക്കാലയളവിൽ കേരളത്തിൽ മൂന്ന് ലക്ഷത്തോളം പിൻവാതിൽ നിയമനങ്ങൾ നടന്നു. സംസ്ഥാനത്ത് നിയമനങ്ങൾക്കായി സമാന്തര റിക്രൂട്ട്മെന്റ് സംഘം പ്രവർത്തിക്കുന്നുവെന്നതായും സതീശൻ ആരോപിച്ചു.
തിരുവനന്തപുരം കോർപ്പറേഷനിൽ, പിൻവാതിൽ നിയമനങ്ങളെ കുറിച്ച് വ്യക്തത നൽകുന്ന കത്ത് മാധ്യമങ്ങളോ പ്രതിപക്ഷമോ അല്ല പുറത്ത് വിട്ടത്. സി.പി.എം പാർട്ടിക്കുള്ളിൽ അധികാര തർക്കം വന്നപ്പോഴാണ് പാർട്ടി ഘടകങ്ങളിലൂടെ കത്ത് പുറത്ത് വന്നത്. കോർപ്പറേഷൻ നിയമന കത്ത് വ്യാജമാണെന്ന് എന്തിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി പറഞ്ഞതെന്ന് വ്യക്തമാക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു. ക്രൈംബ്രാഞ്ചും വിജിലൻസും അന്വേഷിക്കുന്നതിനിടെ മേയർ കത്ത് എഴുതിയില്ലെന്ന് സഭയിൽ മന്ത്രി പറഞ്ഞത് എന്ത് അധികാരികതയുടെ അടിസ്ഥാനത്തിലാണ് ? പ്രധാനപ്പെട്ട നേതാക്കളുടെ ഭാര്യമാർക്ക് നിയമനം കിട്ടിയത് എല്ലാവർക്കും അറിയാം. പിൻവാതിൽ നിയമനം ലഭിച്ചവരുടെ ലിസ്റ്റുണ്ട്'. പക്ഷേ ഞങ്ങൾ പേരെടുത്ത് പറയുന്നില്ല. നിയമനം ലഭിച്ചവരുടെ പേർ ഞങ്ങൾ ഉന്നയിക്കുന്നില്ലെന്നും സതീശൻ സഭയെ അറിയിച്ചു.
പിൻവാതിൽ നിയമനത്തിൽ നിയമസഭയിൽ പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നൽകവേയാണ് മന്ത്രി എം.ബി. രാജേഷ് നിയമന കണക്കുകൾ നിരത്തിയത്. ഒന്നാം പിണറായി സർക്കാർ മുതൽ ഇതുവരെ ഇടത് സർക്കാർ ആറര വർഷം കൊണ്ട് 1.99 ലക്ഷം നിയമനങ്ങൾ നടത്തിയെന്നും ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് മാത്രം 1.61 ലക്ഷം നിയമനങ്ങൾ നടന്നുവെന്നുമാണ് മന്ത്രി സഭയെ അറിയിച്ചത്. ബോർഡും കോർപറേഷനും അടക്കം 55 സ്ഥാപനങ്ങളിലെ നിയമനം കൂടി പി.എസ്.സിക്ക് വിട്ടുവെന്നും സ്ഥാനത്ത് പുതിയതായി 181 ഐടി കമ്പനികൾ പ്രവർത്തിച്ച് തുടങ്ങിയെന്നും മന്ത്രി അവകാശപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതിപക്ഷ നേതാവ് സർക്കാറിനെ പ്രതിക്കൂട്ടിൽ നിർത്തിയുള്ള വിമർശനം ഉന്നയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.