പരമശിവൻ, ശ്രീരാമൻ, ഐ.എസ്.ആർ.ഒ; കുടമാറ്റം കെങ്കേമം
text_fieldsതൃശൂർ: പൂരത്തിലെ ഏറ്റവും ആകർഷകമായ ഇനമാണ് കുടമാറ്റം. അങ്ങേയറ്റം മത്സരാവേശത്തിലുള്ള ഒന്നര മണിക്കൂർ നീണ്ട കുടമാറ്റത്തിനാണ് ഇക്കുറി തൃശൂർ പൂരം സാക്ഷ്യം വഹിച്ചത്. ഇലഞ്ഞിത്തറ മേളം കഴിഞ്ഞ് തിരുവമ്പാടിയുടെ 15 ഗജവീരന്മാർ തെക്കേനടയിലൂടെ പുറത്തെത്തി. ശക്തൻ തമ്പുരാനെ വണങ്ങി തെക്കേനടക്ക് അഭിമുഖമായി പാറമേക്കാവിന്റെ ആനകൾകൂടി അണിനിരന്നതോടെ ജനസഞ്ചയം ഇളകിമറിഞ്ഞു. വൈകീട്ട് ആറ് മണിയോടെ കുടമാറ്റം ആരംഭിച്ചു.
മയിൽപ്പീലിയും പലവർണ ബഹുനില കുടകളും നന്ദികേശനും ചന്ദ്രക്കലാധരനും പരമശിവനും ഒക്കെയായി ഒരുകൂട്ടർ അണിനിരന്നപ്പോൾ ഹനുമാൻ സ്വാമിയും വിവിധ രീതിയിലുള്ള ശ്രീരാമനും ഒക്കെയായി മറുവിഭാഗം മറുപടി നൽകി. കുടകൾക്കു പകരം എൽ.ഇ.ഡിയിലുള്ള ബഹുരൂപങ്ങളും ഇരുവിഭാഗങ്ങളും മത്സരിച്ചുയർത്തി.
ഐ.എസ്.ആർ.ഒ, ചന്ദ്രയാൻ എന്നിവയും കുടമാറ്റത്തിന്റെ ഭാഗമായി വാനിലുയർന്നു. എല്ലാ വർഷവും വ്യത്യസ്തമായ കുടകൾ അവതരിപ്പിക്കാൻ ഇരു വിഭാഗവും ശ്രമിക്കാറുണ്ട്. ഇക്കുറിയും അത് ആവർത്തിച്ചു. ചെറിയ വെടിക്കെട്ടോടെ കുടമാറ്റം ഏഴരക്ക് അവസാനിച്ചു. ഇതോടെ പകൽപൂരം പൂർണമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.