പറമ്പിക്കുളം പി.എ.പി കോളനി; കൈവശാവകാശ രേഖക്കായി അഞ്ചു പതിറ്റാണ്ടിന്റെ കാത്തിരിപ്പ്
text_fieldsപറമ്പിക്കുളം: കൈവശാവകാശ രേഖക്കായി അഞ്ചു പതിറ്റാണ്ടായി പോരാടുകയാണ് പി.എ.പി കോളനിവാസികൾ. 1962ൽ തമിഴ്നാട് മുഖ്യമന്ത്രി കെ. കാമരാജൻ കമീഷൻ ചെയ്ത പറമ്പിക്കുളം- ആളിയാർ പദ്ധതി ഗ്രൂപ് ഡാമുകളുടെ നിർമാണത്തിനായി വർഷങ്ങളായി പറമ്പിക്കുളത്ത് താമസിച്ച് ജോലിയെടുത്ത നൂറിലധികം കുടുംബങ്ങളാണ് കൈവശാവകാശ രേഖകളില്ലാത ദുരിതം അനുഭവിക്കുന്നത്.
പറമ്പിക്കുളം, പെരുവാരിപ്പള്ളം, തൂണക്കടവ് എന്നീ ഡാമുകളും അനുബന്ധ നിർമാണങ്ങൾക്കുമായി പറമ്പിക്കുളം ജങ്ഷനിലെത്തി ഓലപ്പുരകൾ നിർമിച്ച് പണികളിൽ ഏർപ്പെട്ട തൊഴിലാളികൾ സ്വന്തം ഭൂമിയില്ലാത്തതിനാൽ അവിടെത്തന്നെ തുടർന്നു. 1970ന് ശേഷം ഓലക്കുടിലുകൾ അറ്റകുറ്റപ്പണി നടത്തി. 80കൾക്ക് ശേഷം ഓലക്കുടിലുകളെ ഷെഡുകളാക്കി. ഇതിനിടെ ഒഴിഞ്ഞുപോകാൻ കേരള വനം വകുപ്പ് സമ്മർദം ചെലുത്തിയെങ്കിലും പോകാൻ മറ്റുവഴികളില്ലെന്ന് ഒറ്റക്കെട്ടായി ഉന്നയിച്ചു. 85ന് ശേഷം ഓടിട്ട വീടുകളായി മാറി. പറമ്പിക്കുളത്തെ പത്തിലധികം ആദിവാസി കോളനികളിൽ ഉള്ളവർക്ക് സർക്കാർ ആനുകൂല്യങ്ങൾ നൽകുമ്പോൾ മാറി വന്ന സർക്കാറുകൾ പി.എ.പി കോളനിവാസികളെ അവഗണിച്ചതാണ് ഉടമസ്ഥാവകാശ രേഖയില്ലാതെ ജീർണിച്ച വീടുകളിൽ വസിക്കേണ്ട ഗതികേടിന് കാരണം.
റേഷൻ കാർഡ്, തിരിച്ചറിയൽ രേഖകൾ എന്നിവ കരസ്ഥമാക്കിയ കോളനിവാസികൾക്ക് തകരുന്ന വീടുകൾ പുനർനിർമിക്കാൻ സാധിക്കാത്തത് കടുത്ത മനുഷ്യാവകാശ ലംഘനമാണ്. വിഷയം ഗ്രാമസഭകളിൽ ഉന്നയിക്കുമ്പോൾ തമിഴ്നാട് സർക്കാർ തീരുമാനിക്കട്ടെ എന്നാണ് വനം - പഞ്ചായത്ത് അധികൃതരുടെ മറുപടി. കടുവ സങ്കേതമായ ശേഷം പശു, ആട് വളർത്തലിന് വിലക്ക് ഉണ്ടായതോടെ ഉപജീവന മാർഗവും അനിശ്ചിതത്വത്തിലായി. എല്ലാ പി.എ.പി കോളനിവാസികൾക്കും വനം വകുപ്പിന്റെ ഇ.ഡി.സിയിൽ ജോലി നൽകുകയും സ്വയം തൊഴിൽ സംരംഭങ്ങൾ ആരംഭിക്കാൻ സർക്കാർ നടപടി സ്വീകരിക്കുകയും വേണമെന്ന ആവശ്യം നടപ്പായിട്ടില്ല.
നിരവധി വിദ്യാർഥികളും കുഞ്ഞുങ്ങളും വസിക്കുന്ന കോളനിയിലെ ജീർണിച്ച വീടുകൾക്ക് ശാപമോക്ഷം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയക്കാൻ തയാറെടുക്കുകയാണ് കോളനിവാസികൾ. 50 വർഷത്തിലധികമായി പി.എ.പി കോളനിയിൽ വസിക്കുന്നവർക്ക് ജീണിച്ച വീടുകൾ പുനർനിർമിക്കാനും കൈവശ രേഖകൾ നൽകാനും മനുഷ്യാവകാശ കമീഷൻ ഇടപെടണമെന്ന് പഞ്ചായത്ത് മുൻ അംഗം ആർ. ചന്ദ്രൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.