ഇന്ത്യയിലെ 22 % സ്ത്രീകളിൽ പ്രസവാനന്തര വിഷാദം, ദക്ഷിണേന്ത്യയിൽ ഇത് 26 %; അടിയന്തര നടപടി വേണമെന്ന് ലോക്സഭയിൽ ഷാഫി പറമ്പില്‍
text_fieldsന്യൂഡൽഹി: പ്രസവാനന്തര വിഷാദരോഗം നിർണയിക്കുന്നതിനും ചികിത്സ ലഭ്യമാക്കുന്നതിനും വിദഗ്ധരായ മനഃശാസ്ത്രജ്ഞരുടെ സേവനം സര്‍ക്കാര്‍ മുന്‍കൈയെടുത്തു ലഭ്യമാക്കണമെന്ന് ഷാഫി പറമ്പില്‍ എം.പി. പ്രസവാനന്തര വിഷാദരോഗം ബാധിച്ച അമ്മമാരുടെ എണ്ണത്തിലുള്ള വർധന ആശങ്കജനകമാണെന്നും ഷാഫി ലോക്സഭയില്‍ ചൂണ്ടിക്കാട്ടി.
പ്രസവശേഷം സ്ത്രീകളെ ബാധിക്കുന്നതും നീണ്ടുനിന്നേക്കാവുന്നതുമായ ഒരു മാനസിക രോഗമാണ് പോസ്റ്റ്‌പാർട്ടം ഡിപ്രഷൻ അഥവാ പ്രസവാനന്തര വിഷാദരോഗം. മിക്ക ആശുപത്രികളിലും ഈ രോഗം നിർണയിക്കാനുള്ള സൗകര്യം ഇല്ലാത്തതുകൊണ്ടുതന്നെ പലപ്പോഴും ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് ഇത് കാരണമാകുന്നു.
ശരിയായ ചികിത്സ കിട്ടാത്ത പ്രസവാനന്തര വിഷാദരോഗം അമ്മക്കും നവജാതശിശുവിനും ഒരുപോലെ ദോഷകരമാണ്. പലപ്പോഴും വിഷാദരോഗത്തിന്റെ തീവ്രതയില്‍ അമ്മമാര്‍ സ്വന്തം കുട്ടികളെ അപകടത്തിലാക്കുക വരെ ചെയ്യുന്നു. ഇന്ത്യയിൽ, കൃത്യമായ രോഗനിർണയം നടത്താത്തതും ചികിത്സിക്കാത്തതുമായ സുപ്രധാന വൈകല്യങ്ങളിൽ ഒന്നാണ് പ്രസവാനന്തര വിഷാദരോഗം. അതോടൊപ്പം ശിശുമരണത്തിനുള്ള ഒരു പ്രധാന കാരണങ്ങളിലൊന്നുമാണ്.
രാജ്യത്തെ സ്ത്രീകളിൽ 22 ശതമാനത്തോളം പ്രസവാനന്തര വിഷാദരോഗ ബാധിതരാവുന്നുവെന്നാണ് കണക്കുകൾ. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഇത് 26 ശതമാനമാണ്. അതിഗൗരവതരമായ ഈ പ്രശ്നം മനസ്സിലാക്കാനും പരിഹരിക്കാനും അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും ചട്ടം 377 പ്രകാരം ഷാഫി പറമ്പിൽ ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.