പാറമേക്കാവ് - തിരുവമ്പാടി ദേവസ്വങ്ങളുടെ വേല വെടിക്കെട്ട്; നിര്‍ദേശങ്ങളുമായി ഹൈകോടതി
text_fieldsകൊച്ചി: തൃശൂർ പാറമേക്കാവ് - തിരുവമ്പാടി ദേവസ്വങ്ങളുടെ വേല വെടിക്കെട്ടിന് അനുമതി തേടി ചീഫ് എക്‌സ്‌പ്ലോസീവ്‌സ് കണ്‍ട്രോളറെ സമീപിക്കാന്‍ ഹൈകോടതിയുടെ നിര്‍ദേശം. വേല വെടിക്കെട്ടിന് അനുമതി തേടിയുള്ള ദേവസ്വങ്ങളുടെ അപേക്ഷയിൽ എക്‌സപ്ലോസീവ്‌സ് കണ്‍ട്രോളര്‍ നാളെത്തന്നെ തീരുമാനം എടുക്കണമെന്നും ഹൈകോടതി പറഞ്ഞു. വേല വെടിക്കെട്ടിന് അനുമതി തേടി ദേവസ്വങ്ങള്‍ നല്‍കിയ ഹരജിയിൽ ഹൈകോടതി അവധിക്കാല സിംഗിൾ ബെഞ്ചിന്റേതാണ് ഇടക്കാല ഉത്തരവ്.
വേലയ്ക്ക് അനുമതി കിട്ടിയാൽ വെടിക്കെട്ട് ശാലയിൽ സ്‌ഫോടക വസ്തുക്കൾ നീക്കം ചെയ്യുമെന്ന് ദേവസ്വങ്ങൾ എക്‌സ്പ്ലോസീവ്‌സ് കണ്‍ട്രോളര്‍ക്ക് ഉറപ്പ് നല്‍കണം. അപേക്ഷയില്‍ അനുമതിയുണ്ടോയെന്ന കാര്യം ഉടന്‍ ദേവസ്വങ്ങളെ അറിയിക്കണമെന്നുമാണ് ഹൈകോടതിയുടെ ഉത്തരവ്. കേന്ദ്ര സര്‍ക്കാരിന്റെ 2008ലെ എക്‌സ്‌പ്ലോസീവ്‌സ് ചട്ടങ്ങള്‍ റദ്ദാക്കണമെന്ന ആവശ്യത്തില്‍ അതിവേഗം തീരുമാനമെടുക്കാനാവില്ലെന്നും ഹൈകോടതി നിരീക്ഷിച്ചു. ചട്ടങ്ങളില്‍ ഇളവ് വരുത്താൻ കഴിയില്ലെന്ന് കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ ഡെപ്യൂട്ടി സൊളിസിറ്ററുടെ നിലപാട് കൂടി പരിഗണിച്ചുകൊണ്ടാണ് ഹൈകോടതിയുടെ തീരുമാനം.
ജനുവരി മൂന്നിനും അഞ്ചിനുമാണ് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളുടെ നേതൃത്വത്തില്‍ നടത്തുന്ന വേല വെടിക്കെട്ട്. വേലവെടിക്കെട്ടിന് ജില്ലാ കളക്ടര്‍ അനുമതി നിഷേധിച്ചതോടെ ദേവസ്വങ്ങള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
കേന്ദ്ര സര്‍ക്കാരിന്റെ പുതുക്കിയ സ്‌ഫോടക വസ്തു നിയമപ്രകാരം വെടിക്കെട്ട് പുരയും വെടിക്കെട്ട് നടക്കുന്ന സ്ഥലവും തമ്മില്‍ 200 മീറ്റര്‍ അകലം വേണം. എന്നാല്‍ വേല വെടിക്കെട്ട് നടക്കുന്ന സ്ഥലത്ത് 78 മീറ്റര്‍ ദൂരം മാത്രമാണുള്ളത്. ഇതാണ് അനുമതി നിഷേധിക്കാനുള്ള പ്രധാന കാരണം. ജനങ്ങളുടെ ജീവനും സ്വത്തിനും അപകടകരമല്ലാത്ത വിധം വെടിക്കെട്ട് നടത്തുന്നതിനുള്ള ഭൗതിക സാഹചര്യം ഇല്ലെന്നും കളക്ടര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.