പറഞ്ഞതും ചെയ്തതും: മങ്കട മണ്ഡലം
text_fieldsഅഞ്ചുവർഷം മണ്ഡലത്തിൽ നടപ്പായ വികസനങ്ങളെക്കുറിച്ച് ടി.എ. അഹമ്മദ് കബീര്‍ എം.എൽ.എയും അതിെൻറ മറുവശം പ്രതിപക്ഷവും വിലയിരുത്തുന്നു.
ടി.എ. അഹമ്മദ് കബീര്‍ എം.എല്‍.എ
- മാര്‍ക്കബ്ള്‍ മങ്കടയിലൂടെ വിദ്യാഭ്യാസ രംഗത്ത് സമാനതകളില്ലാത്ത മുന്നേറ്റമുണ്ടായി
- സംസ്ഥാന സര്‍ക്കാര്‍ വിദ്യാഭ്യാസ രംഗത്ത് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ആസ്തി ഫണ്ടില്‍ എല്ലാ സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് െകട്ടിടവും സ്മാര്‍ട് ക്ലാസ് റൂമുകളും മറ്റു അടിസ്ഥാന സൗകര്യ വികസനവുമൊരുക്കി
- മണ്ഡലത്തിന് സ്വന്തമായി കോളജ് യാഥാര്‍ഥ്യമാക്കി. എം.എല്‍.എ ആസ്തി വികസന ഫണ്ടില്‍നിന്ന് അഞ്ച് കോടി രൂപ അനുവദിച്ച് കെട്ടിടം പൂര്‍ത്തിയാക്കി
- ബൃഹത് ജലസേചന പദ്ധതികളും ചെറുപുഴ സംരക്ഷണവും സാധ്യമായി
- കൂട്ടിലങ്ങാടി പഞ്ചായത്തില്‍ കടലുണ്ടി പുഴയില്‍ ആറ് കോടി രൂപ ചെലവില്‍ ആനപ്പാറ പൊറ്റമ്മല്‍ കടവിൽ ചെക്ക് ഡാം നിർമാണം ആരംഭിച്ചു
- കീഴുമുറി കടവ് മോദിക്കയം ഭാഗത്ത് റഗുലേറ്റര്‍ കം ബ്രിഡ്ജ് സ്ഥാപിക്കുന്നതിന് 70 കോടി രൂപ അനുവദിച്ചു
- ചെറുപുഴ സംരക്ഷണത്തിന് 13 കോടി രൂപയോളം ചെലവഴിച്ച് ചെക്ക് ഡാമുകള്‍ വി.സി.ബി കംബ്രിഡ്ജുകള് നിര്‍മിച്ചു
- കുടിവെള്ള പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം. 4.88 കോടി രൂപയുടെ പദ്ധതി നടപ്പാക്കി
- റോഡുകള്‍ മികച്ച നിലവാരത്തിലേക്ക് ഉയര്‍ത്തി. പ്രധാന റോഡുകളെല്ലാം റബറൈസ് ചെയ്തു
- മൂന്ന് ബൈപാസുകള്‍ക്ക് ഫണ്ടനുവദിച്ചു
- മൈതാനങ്ങള്‍ക്ക് പുതുമുഖം നല്കുന്ന പദ്ധതി തുടങ്ങി. ആദ്യഘട്ടത്തില്‍ വലമ്പൂര്‍ സ്റ്റേഡിയം, പുഴക്കാട്ടിരി ഇവ സ്റ്റേഡിയം, മങ്കട ഹൈസ്കൂള്‍ മൈതാനം, ചേരിയം മിനി സ്റ്റേഡിയം നവീകരിക്കുന്നതിന് ഫണ്ടനുവദിച്ച് നിർമാണം തുടങ്ങി
- ജലജീവന്‍ മിഷന് പദ്ധതി പ്രകാരം എല്ലാ വീടുകളിലേക്കും വെള്ളമെത്തിക്കുന്ന പദ്ധതി തുടങ്ങി
- സി.എച്ച്.സികളിലും പി.എച്ച്.സികളിലും നടത്തുന്ന വികസന പ്രവൃത്തികളുടെ പൂര്ത്തീകരണത്തിെൻറ ഭാഗമായി മങ്കട സി.എച്ച്.സിക്ക് ബജറ്റില്‍ മാസ്റ്റര്‍ പ്ലാന്‍ പ്രകാരമുള്ള പദ്ധതിക്ക് അഞ്ച് കോടി ലഭിച്ചു
- സമ്പൂർണ വൈദ്യുതീകരണവും നാട്ടുവെളിച്ചം പദ്ധതിയില്‍ ഗ്രാമങ്ങളില്‍ വെളിച്ചം എത്തിക്കുന്ന പദ്ധതിയും നടപ്പാക്കി
- കേരഗ്രാമം പദ്ധതിയും മറ്റു പദ്ധതികളും വഴി കാര്‍ഷികരംഗത്ത് നടപ്പാക്കുന്ന പദ്ധതികളുടെ പൂര്‍ത്തീകരണം യാഥാര്‍ഥ്യമായി
അഡ്വ. ടി.കെ. റഷീദലി (എല്‍.ഡി.എഫ് സ്ഥാനാർഥി 2016 നിയമസഭ)
- എം.എല്‍.എ ഫണ്ട്, ആസ്തി വികസന ഫണ്ട് എന്നിവ ചെലവഴിക്കുക എന്നതിലപ്പുറം മണ്ഡലത്തിെൻറ സമഗ്രവികസനം എന്നത് എം.എല്‍.എയുടെ അജണ്ടയിലുണ്ടായിരുന്നില്ല
- തദ്ദേശ സ്വയംഭരണ, നിയമസഭ തെരഞ്ഞെടുപ്പ് കാലത്തല്ലാതെ ഉദ്ഘാടനവേദികളില്‍ മാത്രമാണ് മണ്ഡലത്തിൽ എം.എല്‍.എയുടെ സാന്നിധ്യം അനുഭവപ്പെട്ടിരുന്നത്
- മണ്ഡലത്തിലെ വികസന കാര്യങ്ങളെക്കുറിച്ച് ഗ്രാമപഞ്ചായത്ത് ഭരണാധികാരികളുമായി കൂട്ടായ ചര്‍ച്ച നടത്തിയിട്ടില്ല. ഭൂരിഭാഗം പഞ്ചായത്തുകളും എല്‍.ഡി.എഫ് നേതൃത്വത്തിലുള്ളതാണ് എന്നതാണ് കാരണം
- ജലക്ഷാമം പരിഹരിക്കാന്‍ യു.ഡി.എഫ് ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍ക്ക് മാത്രമായി എം.എല്‍.എ ഫണ്ട് പരിമിതപ്പെടുത്തി
- ദേശീയപാതയില്‍ അങ്ങാടിപ്പുറത്തും മക്കരപ്പറമ്പിലും അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കിന് പരിഹാരം കാണാന്‍ കഴിഞ്ഞില്ല
- അങ്ങാടിപ്പുറം-വൈലോങ്ങര ബൈപാസ്, മക്കരപ്പറമ്പ് ബൈപാസ് എന്നിവ സംസ്ഥാന ബജറ്റില്‍ സ്ഥാനം പിടിച്ചിരുന്നു. ഡി.പി.ആര് തയാറാക്കുന്നതിലടക്കം എം.എൽ.എ താല്പര്യം കാണിച്ചില്ല
- മാനത്ത് മംഗലം-ഓരാടം പാലം ബൈപാസ് യാഥാർഥ്യമാക്കുന്നതില്‍ ഒരു ശ്രമവും നടത്തിയില്ല
- ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന മങ്കട ടൗണിലെ റിങ് റോഡിെൻറ കാര്യവും പരിഗണിച്ചില്ല
- അങ്ങാടിപ്പുറം പോളിടെക്നിക് എൻജിനീയറിങ് കോളജാക്കി ഉയര്‍ത്തുകയെന്ന ആവശ്യത്തിനും പോളി ഗ്രൗണ്ട് സ്റ്റേഡിയമാക്കുന്നതിലും താല്പര്യം കാണിച്ചില്ല
- കാര്‍ഷികമേഖലയെ അഭിവൃദ്ധിപ്പെടുത്താന്‍ പദ്ധതി നടപ്പാക്കിയില്ല. മങ്കട നാളികേര പാര്‍ക്കും എവിടെയും എത്തിയില്ല.
- ആരോഗ്യമേഖലയില്‍ മങ്കട സി.എച്ച്.സിയെ താലൂക്ക് ആശുപത്രിയായി ഉയര്‍ത്തിയെങ്കിലും മാറ്റം വന്നിട്ടില്ല. എം.എല്‍.എ ഫണ്ടുപയോഗിച്ച് നിര്‍മിച്ച കെട്ടിടം ഭിന്നശേഷി സൗഹൃദമല്ല
- പുഴക്കാട്ടിരി ഐ.ടി.ഐക്ക് സ്വന്തമായ കെട്ടിടം എന്നത് സ്വപ്നമായി അവശേഷിക്കുന്നു
ഞങ്ങൾക്കും പറയാനുണ്ട്
മണ്ഡലം ഇന്ന് നേരിടുന്നത് കുടിവെള്ളത്തിെൻറ ലഭ്യതക്കുറവാണ്. കൃഷിയെ ആശ്രയിച്ച് കഴിയുന്നവര്‍ക്ക് കൃഷിയിറക്കാന്‍ വെള്ളത്തിെൻറ കുറവ് പരിഹരിക്കാന്‍ എന്ത് ചെയ്തു? മൂർക്കനാട് മേജര്‍ കുടിവെള്ള പദ്ധതിയില്‍ മങ്കട പഞ്ചായത്തില്‍നിന്ന് അപേക്ഷ നല്കിയവര് ഇപ്പോഴും കാത്തിരിക്കുകയാണ്.
സര്‍ക്കാര്‍ നല്കുന്ന ഫണ്ടുകള്‍ ദിശാബോധത്തോടെ വിനിയോഗിക്കാന്‍ എം.എല്‍.എക്ക് കഴിഞ്ഞിട്ടില്ല. മണ്ഡലത്തിലെ പത്ത് പേര്‍ക്ക് ജോലി നല്കാന് കഴിയുന്ന ഒരു വ്യവസായ സ്ഥാപനം പോലും തുടങ്ങാന്‍ കഴിഞ്ഞിട്ടില്ല.
സുധാകരന് മങ്കട (സ്റ്റോര്‍ കീപ്പര്‍)
മണ്ഡലത്തിലെ വികസന പദ്ധതികളുടെ സുപ്രധാനമായ നേട്ടമാണ് വിദ്യാലയങ്ങളുടെ നവീകരണം. റോഡുകളുടെ ശോച്യാവസ്ഥയും ഏറെക്കുറെ പരിഹരിക്കപ്പെട്ടു. മങ്കട സി.എച്ച്.സി താലൂക്ക് ആശുപത്രിയായി പ്രഖ്യാപിക്കുകയും കെട്ടിടം നവീകരിക്കുകയും ചെയ്തെങ്കിലും രാത്രികാല സേവനം ലഭിക്കുന്ന ആശുപത്രിയാക്കണം.
അങ്ങാടിപ്പുറം മേൽപാലം യാഥാർഥ്യമായിട്ടും ഗതാഗതക്കുരുക്കിന് പരിഹാരമില്ല. ഓരാടം പാലം-മാനത്തുമംഗലം ബൈപാസും വൈലോങ്ങര ബൈപാസും ബദല്‍ മാര്‍ഗങ്ങള്‍ ആണെങ്കിലും ഇവ യാഥാര്‍ഥ്യമാക്കണം.
ശാഹിന തറയില്‍ (കവയിത്രി, എഴുത്തുകാരി)
വിദ്യാലയങ്ങള്‍, പൊതുഗതാഗതം എന്നീ മേഖലകളിൽ വികസനം കൊണ്ടുവരാൻ കഴിഞ്ഞു. കാര്‍ഷികമേഖലക്ക് ആവശ്യമായ വി.സി.ബിയും തടയണയും എല്ലാം പഞ്ചായത്തിലും കുടിവെള്ളക്ഷാമം പരിഹരിക്കാനും നാട്ടുവെളിച്ചം പദ്ധതി പ്രകാരം ഹൈ മാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കാനും അംബേദ്കര്‍ ഗ്രാമ വികസനം പദ്ധതി പ്രകാരം മണ്ഡലത്തിലെ വിവിധ കോളനികള്‍ നവീകരിക്കാനും സാധിച്ചു.
എന്നാല്‍, മക്കരപറമ്പ് ബൈപാസ് യാഥാര്‍ഥ്യമാക്കാനും ചെറുപുഴയുടെ വശങ്ങള് കെട്ടി സംരക്ഷിക്കാനും നടപടിയുണ്ടായില്ല.
ഷൈജു കരിഞ്ചാപ്പാടി (ഓട്ടോ ഡ്രൈവര്‍, കേരള ദലിത് യുവജന ഫെഡറേഷന് (ഡെമോക്രാറ്റിക്ക്) സംസ്ഥാന വൈസ് പ്രസിഡൻറ്)
വിദ്യാഭ്യാസ മേഖലയുടെ പുരോഗതിക്കാണ് എം.എല്‍.എ ഏറെ പ്രാധാന്യം നല്‍കിയത്. സ്കൂളുകള്‍ക്ക് കെട്ടിടങ്ങളും മറ്റു അടിസ്ഥാന സൗകര്യങ്ങളും ഒരുക്കി. തെരുവുവിളക്കുകള്‍, റോഡുകള്‍ എന്നിവക്കും ധാരാളം ഫണ്ട് ചെലവഴിച്ചു. ആരോഗ്യരംഗത്ത് മങ്കട ഗവ. ആശുപതിയുടെ പഴയ പ്രാതാപം വീണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല.
ഏതു സമയവും മണ്ഡലത്തിലെ ആളുകള്‍ക്ക് ആശ്രയിക്കാവുന്ന രീതിയിലേക്ക് മങ്കട ആശുപത്രി ഉയരണം. മങ്കടയില്‍ പ്രഖ്യാപിച്ച ഹോമിയോ ഡിസ്പെന്‍സറി എവിടെയും എത്തിയില്ല.
വി.കെ. ഭാസ്കരന് കൂട്ടില്‍, തൊഴിലാളി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.