പറഞ്ഞതും ചെയ്തതും: ഒറ്റപ്പാലം മണ്ഡലം
text_fieldsകഴിഞ്ഞ അഞ്ച് വർഷം മണ്ഡലത്തിൽ നടപ്പിലായ വികസനങ്ങളെക്കുറിച്ച് എം.എൽ.എയും മറുവശം പ്രതിപക്ഷവും വിലയിരുത്തുന്നു.
പി. ഉണ്ണി എം.എൽ.എ
- ഭാരതപ്പുഴയിൽനിന്ന് ജലമെത്തിച്ച് വരൾച്ചബാധിത മേഖലയായ അമ്പലപ്പാറ പഞ്ചായത്തിൽ വെള്ളം വിതരണം നടത്താനുള്ള 21.14 കോടിയുടെ സമഗ്ര കുടിവെള്ള പദ്ധതി. പൂർത്തിയായ ആദ്യ ഘട്ടപദ്ധതിയിൽ നിന്ന് വിവിധ പ്രദേശങ്ങളിൽ ജല വിതരണം നടക്കുന്നുണ്ട്.
- കടമ്പൂർ പ്രദേശം ലക്ഷ്യമിട്ട് നടപ്പാക്കുന്ന രണ്ടാം ഘട്ട പ്രവൃത്തി അന്തിമ ഘട്ടത്തിലാണ്. മീറ്റ്നയിലെ പുഴയുടെ തീരത്ത് ഇതിെൻറ ഭാഗമായി നിർമിക്കുന്ന ജലശുദ്ധീകരണ ശാലയുടെ പ്രവൃത്തി പുരോഗമിക്കുന്നു.
- 22 കോടി രൂപ ചെലവിൽ നിർമിക്കുന്ന തച്ചനാട്ടുകര ഗ്രാമപഞ്ചായത്ത് കുടിവെള്ള പദ്ധതിയുടെ ഒന്നാം ഘട്ടം പൂർത്തിയായി. രണ്ടാം ഘട്ട നിർമാണ പ്രവൃത്തി പുരോഗമിക്കുന്നു.
- അമ്പലപ്പാറ പഞ്ചായത്തിലെ വേങ്ങശ്ശേരി അകവണ്ടയിൽ 1.75 കോടി രൂപ ചെലവിൽ കുടിവെള്ളം, ജലസേചനം എന്നിവ ലക്ഷ്യമിട്ട് ചെക്ക് ഡാം നിർമാണവും പുരോഗമിക്കുന്നു.
- ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെ സൗജന്യ ഡയാലിസിസ് യൂനിറ്റിെൻറ പ്രവർത്തനത്തിന് അര കോടി രൂപ ചെലവിൽ നിർമിക്കുന്ന രക്ത ബാങ്കിെൻറ നിർമാണം ആരംഭിച്ചു.
- താലൂക്ക് ആശുപത്രിയുടെ സമഗ്ര വികസനത്തിന് അനുവദിച്ച 16 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരമായി.
- ഒറ്റപ്പാലത്തെ ഗതാഗതക്കുരുക്കിന് പരിഹാരമായി കണ്ണിയംപുറത്ത് 4.3 കോടി രൂപ ചെലവിൽ പുതിയ പാലം യാഥാർഥ്യമാക്കി.
- ഈസ്റ്റ് ഒറ്റപ്പാലത്ത് പുതിയ പാലം നിർമിക്കുന്നതിന് 4.18 കോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതി ലഭ്യമാക്കി.
- നഗരത്തിലെ തിരക്ക് കുറക്കാൻ ലക്ഷ്യമിട്ട് കിഫ്ബിയുടെ സഹായത്തോടെ നടപ്പാക്കുന്ന 79.42 കോടി രൂപയുടെ ഒറ്റപ്പാലം ബൈപാസ് പദ്ധതി സ്ഥലമേറ്റെടുക്കൽ അന്തിമ ഘട്ടത്തിലാണ്.
സത്യൻ പെരുമ്പറക്കോട് (ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ്)
- ഒറ്റപ്പാലത്ത് നടപ്പാക്കിയ സമഗ്ര കുടിവെള്ള പദ്ധതിയുടെ ഭാഗമായ പഴയ പൈപ്പ് ലൈനുകൾ മാറ്റിസ്ഥാപിക്കൽ വർഷങ്ങൾ കഴിഞ്ഞിട്ടും യാഥാർഥ്യമാക്കിയില്ല.
- പൈപ്പുകൾ പൊട്ടി വെള്ളം പാഴാകുന്നത് നിത്യ സംഭവമായി മാറുന്നത് ജനങ്ങളുടെ കുടിവെള്ളം മുട്ടിക്കുന്നു.
- താലൂക്ക് ആശുപത്രിയെ ജില്ല ആശുപത്രിയുടെ പദവിയിലേക്ക് ഉയർത്തുമെന്ന പ്രഖ്യാപനം ഏട്ടിലെ പശുവായി. കഴിഞ്ഞ അഞ്ച് വർഷം കാര്യമായ വികസനമൊന്നും ആശുപതിയിൽ നടത്തിയിട്ടില്ല. ഡയാലിസിസിനായി നൂറുക്കണക്കിന് രോഗികൾ എത്തുന്നുണ്ടെങ്കിലും അവർക്ക് ആശ്രയിക്കാൻ ഒരു നെഫ്രോളജിസ്റ്റിനെ ഇതുവരെ നിയോഗിച്ചിട്ടില്ല.
- ഒറ്റപ്പാലത്തെ നിർദിഷ്ട ബൈപാസ് പദ്ധതി സ്ഥലമേറ്റെടുക്കൽ ഘട്ടത്തിലാണെന്ന് അവകാശപ്പെടുമ്പോഴും നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ പദ്ധതിക്ക് കഴിയുമോ എന്ന ആശങ്ക ബാക്കിയാവുന്നു. നഗരത്തിലെ ഗതാഗതക്കുരുക്ക് പൂർണമായും ഒഴിവാക്കാൻ സഹായകമായ ഒരു പുതിയ ബൈപാസ് പദ്ധതിയാണ് ആസൂത്രണം ചെയ്യേണ്ടത്.
- കരിമ്പുഴയിൽ പ്രഖ്യാപിച്ച തടയണ വാഗ്ദാനമായി ഇന്നും തുടരുന്നു.
- കാർഷിക മേഖലക്ക് സഹായകമായ പുതിയ പദ്ധതികളൊന്നും നടപ്പാക്കാനായില്ല.
- വർഷങ്ങൾ പിന്നിട്ടിട്ടും ഒറ്റപ്പാലം ഫിലിം സിറ്റി പദ്ധതി സ്വപ്നമായി തന്നെ തുടരുന്നു.
- താലൂക്ക് ആസ്ഥാനമായിട്ടും ഫയർ ഫോഴ്സ് യൂനിറ്റ് ആരംഭിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.
- തൊഴിൽ രംഗത്ത് യുവാക്കൾക്ക് അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ പൂർണമായ പരാജയമാണ്.
ഞങ്ങൾക്കും പറയാനുണ്ട്
ഇടത് സർക്കാറിനെ ജനം ഏറെ പ്രതീക്ഷയോടെയാണ് വരവേറ്റത്. എന്നാൽ അത്രത്തോളം ഉയരാൻ സർക്കാറിനായില്ല. നിലപാടുകളിൽനിന്ന് പുറകോട്ടു പോകുന്ന സംഭവങ്ങളാണ് പലപ്പോഴും കാഴ്ചവെച്ചത്.
ടി. ഉമർ (വ്യാപാരി വ്യവസായി അമ്പലപ്പാറ യൂനിറ്റ് ജനറൽ സെക്രട്ടറി)
പ്രവാസികളെ പരിഗണിച്ച സർക്കാറാണിത്. നോർക്കയുടെ പ്രവർത്തനം സജീവമാക്കുകയും പ്രവാസി ക്ഷേമ പദ്ധതികൾ, പെൻഷൻ, തൊഴിൽ സംരംഭം എന്നിവക്ക് അവസരം സൃഷ്ടിച്ചു. പുതുതായി ആരംഭിച്ച പ്രവാസി ക്ഷേമ സഹകരണ സംഘങ്ങൾ ഇതിെൻറ പ്രത്യക്ഷ ഉദാഹരണമാണ്.
എം.സി.ആർ. മേനോൻ (മുൻ പ്രവാസി)
പോരായ്മകൾ ഉണ്ടെങ്കിലും ഭരണം തരക്കേടില്ല. വികസനം വേഗത കൂട്ടണം. പ്രവാസികളെ ഇത്രത്തോളം പരിഗണിച്ച മറ്റൊരു സർക്കാർ ഇതുവരെ ഉണ്ടായിട്ടില്ല.
എം. ജയകുമാർ (മുൻ പ്രവാസി, ഹോൾസെയിൽ ഡിസ്ട്രിബ്യൂട്ടർ)
കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട് നിരന്തരം ഉയരുന്ന പരാതികൾക്ക് ശാശ്വത പരിഹാരം കണ്ടെത്താത്തത് ജനത്തെ നേരിട്ട് ബാധിക്കുന്ന ഗൗരവമേറിയ വിഷയമാണ്. ഒറ്റപ്പാലത്ത് ഓപറേഷൻ അനന്ത ലക്ഷ്യത്തിലെത്തിക്കാൻ ആവശ്യമായ നടപടി ഉണ്ടായിട്ടില്ല. റെയിൽവേ സ്റ്റേഷൻ പരിസരത്തെ നിർദിഷ്ട സ്ഥിരം തടയണ തലമുറകളുടെ സ്വപ്നമായി തന്നെ തുടരുന്നു.
അഡ്വ. ആർ.പി. ശ്രീനിവാസൻ (ഹൈകോടതി അഭിഭാഷകൻ ആൻഡ് സിറ്റിസൺ ഫോറം സംസ്ഥാന പ്രസിഡൻറ്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.