അടിസ്ഥാന സൗകര്യ വികസനത്തിൽ നേട്ടമെന്ന് സി.കെ. നാണു; പൂര്‍ണമായി അവഗണിക്കപ്പെട്ടുവെന്ന് കോട്ടയില്‍ രാധാകൃഷ്ണന്
text_fieldsകഴിഞ്ഞ 10 വര്‍ഷമായി വടകര നിയോജക മണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്ന എല്‍.ഡി.എഫിലെ സി.കെ. നാണു എം.എല്‍.എ വികസന വിപ്ലവം നടത്തിയെന്നാണ് പറയുന്നത്. 300 കോടിയുടെ വികസന പ്രവൃത്തികള്‍ മണ്ഡലത്തില്‍ നടത്തി. ഏറെയും പൂര്‍ത്തീകരിച്ചു. മറ്റുള്ളവയുടെ പ്രവൃത്തി പുരോഗമിക്കുന്നവയാണ്.
എന്നാല്‍, ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയാതെയും കാലത്തിനനുയോജ്യമായ പദ്ധതികള്‍ ആവിഷ്കരിക്കാന്‍ കഴിയാതെയും മരവിച്ചുകിടന്ന 10 വര്‍ഷത്തെക്കുറിച്ചാണ് യു.ഡി.എഫ് വടകര നിയോജക മണ്ഡലം ചെയര്മാന് കോട്ടയില്‍ രാധാകൃഷ്ണനു പറയാനുള്ളത്.
സി.കെ. നാണു എം.എല്‍.എ
- വിദ്യാഭ്യാസ മേഖലയില്‍ പഠന നിലവാരത്തിലും അടിസ്ഥാന സൗകര്യ വികസനത്തിലും ഏറെ നേട്ടം സ്വന്തമാക്കി. ഈ രംഗത്ത് 6.42 കോടിയുടെ പദ്ധതികള്‍ നടപ്പാക്കി
- മടപ്പള്ളി ഗവ. വി.എച്ച്.എസ്.എസ്, ഓര്‍ക്കാട്ടേരി കെ.കെ.എം.ജി.വി.എച്ച്.എസ്, പുതുപ്പണം ജെ.എന്‍.എം സ്കൂള്‍ എന്നിവിടങ്ങളില്‍ പുതിയ കെട്ടിടങ്ങള്‍.
- മടപ്പള്ളി കോളജില്‍ ടീച്ചിങ് ലാബ്, സയന്‍സ് ബ്ലോക്ക് നവീകരണം, പി.ജി ബ്ലാക്ക് നിർമാണം (1.30 കോടി), മടപ്പള്ളി കോളജ് അടിസ്ഥാന സൗകര്യവികസനം (4.46 കോടി), മള്‍ട്ടിപ്ലസ് ഇന്‍ഡോര്‍ സ്റ്റേഡിയം (69 ലക്ഷം) അനുവദിച്ചു.
- വിനോദസഞ്ചാര രംഗത്ത് സാന്‍ഡ് ബാങ്ക്സില്‍ ഒരു കോടിയുടെ വികസനം. നാദാപുരം റോഡില്‍ 2.5 കോടി ചെലവഴിച്ച് വാഗ്ഭടാനന്ദ പാര്‍ക്ക് നിർമിച്ചു.
- കായികപ്രേമികളുടെ നാടായ വടകരയില്‍ ഇന്‍ഡോര്‍ സ്റ്റേഡിയം പൂര്‍ത്തിയായി വരുന്നു. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചാണ് പ്രവൃത്തി ആരംഭിച്ചത്. ഒടുവില്‍, കിഫ്ബിയില്‍നിന്ന് 15.94 കോടി രൂപ നേടിയെടുത്തു, തുടര്‍പ്രവൃത്തി നടന്നുവരുന്നു.
- റോഡ് വികസനത്തില്‍ പൂര്‍ണത കൈവരിച്ചുവെന്ന് പറയാം. ചോറോട്-മലോല്‍മുക്ക്-ഓര്‍ക്കാട്ടേരി-കുന്നുമ്മക്കര-മോന്താല്‍ക്കടവ് റോഡ് (20 കോടി), മുട്ടുങ്ങല്‍-പക്രന്തളം റോഡ് (35 കോടി), വെള്ളികുളങ്ങര-ഒഞ്ചിയം-കണ്ണൂക്കര-മാടാക്കര റോഡ് (10 കോടി).
- വടകര ക്യൂന്‍സ് റോഡ് നവീകരിച്ചു. മൂന്നിടങ്ങളില്‍ റെയില്‍വേ അടിപ്പാത നിർമിച്ചു.
- വടകര ഗവ. ജില്ല ആശുപത്രിയില്‍ പുതിയ കെട്ടിടം പണി പുരോഗമിക്കുന്നു. ഭൂരിഭാഗം പി.എച്ച്.സികളും കുടുംബാരോഗ്യ കേന്ദ്രങ്ങളായി. ഓര്‍ക്കാട്ടേരി സി.എച്ച്.സിക്ക് നബാര്‍ഡില്‍ നിന്നും അഞ്ചുകോടി ലഭിച്ചു.
- വടകരയിലെ ഉപ്പുവെള്ള പ്രശ്നം പരിഹരിക്കാന്‍ പെരിഞ്ചേരിക്കടവില്‍ റഗുലേറ്റര്‍ കം ബ്രിഡ്ജ് നിർമാണം തുടങ്ങി.
കോട്ടയില്‍ രാധാകൃഷ്ണന്
- തീരദേശ മണ്ഡലമായ വടകര പൂര്‍ണമായി അവഗണിക്കപ്പെട്ടു. കടല്‍ഭിത്തി നിർമാണം പോലും പൂര്‍ത്തീകരിച്ചില്ല. വര്‍ഷകാലത്ത് തീരദേശവാസികള്‍ക്ക് ഉറക്കം നഷ്ടപ്പെട്ട അവസ്ഥയാണ്.
- -താലൂക്കിലെ പ്രധാന മത്സ്യബന്ധന മേഖലയായ ചോമ്പാല മത്സ്യബന്ധന തുറമുഖത്തിനായി ഒന്നും ചെയ്തില്ല. ഇക്കഴിഞ്ഞ ബജറ്റുകളില്‍ പേരിനൊരു പരാമര്‍ശം നേടിയെടുക്കാന്‍ പോലും കഴിഞ്ഞില്ല. നേരത്തെ ഫിഷറീസ് മന്ത്രി ചോമ്പാല സന്ദര്‍ശിച്ച് നിരവധി പദ്ധതികള്‍ പ്രഖ്യാപിച്ചെങ്കിലും ഒന്നും നടന്നില്ല.
- കളരിയുടെ ഈറ്റില്ലമെന്നാണ് വടകരയെ വിശേഷിപ്പിക്കാറ്. എന്നാല്‍, കളരി അക്കാദമി ഇപ്പോഴും ചുവപ്പുനാടയില്‍ കുരുങ്ങിക്കിടക്കുകയാണ്.
- പ്രീഡിഗ്രി ഒഴിവായതോടെ, മടപ്പള്ളി കോളജില്‍ പുതിയ കോഴ്സുകള്‍ അനുവദിക്കണമെന്ന ആവശ്യം ശക്തമാണ്. എന്നാല്‍, കാലാനുസൃതമായ കോഴ്സുകള്‍ കൊണ്ടുവരാന്‍ കഴിഞ്ഞില്ല.
- ദേശീയപാത വികസനത്തിെൻറ ഇരകളുടെ നാടുകൂടിയാണ് വടകര. എന്നാല്‍, വീടും ഭൂമിയും നഷ്ടമാകുന്നവര്ക്കുവേണ്ടി ഇടപെടാന്‍ കഴിഞ്ഞില്ല. കുടിയൊഴിക്കപ്പെടുന്ന കച്ചവടക്കാരുടെയും തൊഴിലാളികളുടെയും ആനുകൂല്യത്തിനായി പ്രവര്‍ത്തിച്ചില്ല.
- കായികപ്രേമികളുടെ നാടാണ് വടകര. വലിയ പ്രതീക്ഷയോടെയാണ് ഇന്‍ഡോര്‍ സ്റ്റേഡിയത്തെ നോക്കിക്കണ്ടത്. 400 മീറ്റര്‍ ട്രാക്ക് സൗകര്യത്തോടെയുള്ള വലിയ സ്റ്റേഡിയമാണ് നാട് ആഗ്രഹിച്ചത്. എന്നാല്‍, വടകരയിലെ പ്രധാന മൈതാനമായ നാരായണനഗരം വെട്ടിമുറിച്ച് നിർമാണപ്രവൃത്തികള്‍ നടത്തിയപ്പോള്‍ ഇന്‍ഡോര്‍ സ്റ്റേഡിയമായി ചുരുങ്ങി. ഇതിനെതിരെ കായികപ്രേമികളിപ്പോഴും പ്രക്ഷോഭത്തിലാണ്.
- ഉപ്പുവെള്ളത്തിെൻറയും കുടിവെള്ളക്ഷാമത്തിെൻറയും ദുരിതത്തിനു ശാശ്വത പരിഹാരം കാണാന്‍ കഴിഞ്ഞില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.