വേങ്ങരയിൽ സമഗ്ര വികസനമെന്ന് കെ.എൻ.എ. ഖാദർ; വികസനത്തിന് അവധി കൊടുത്ത അഞ്ചാണ്ടെന്ന് ഇടതുപക്ഷം
text_fieldsകഴിഞ്ഞ അഞ്ചുവർഷം വേങ്ങര മണ്ഡലത്തിൽ നടപ്പിലായ വികസനങ്ങളെക്കുറിച്ച് എം.എൽ.എയും അതിെൻറ മറുവശം പ്രതിപക്ഷവും വിലയിരുത്തുന്നു.
കെ.എൻ.എ. ഖാദർ എം.എൽ.എ
- പൊലീസ് സ്റ്റേഷന് സ്വന്തം കെട്ടിടം പണിയാൻ 2.50 കോടി
- പുതിയ 110 കെ.വി സബ് സ്റ്റേഷൻ സ്ഥാപിക്കാൻ 14 കോടി
- ഒതുക്കുങ്ങൽ പ്രാഥമികാരോഗ്യ കേന്ദ്രം കെട്ടിടത്തിന് രണ്ട് കോടി
- ഒതുക്കുങ്ങൽ ആയുഷ് ഹോളിസ്റ്റിക് സെൻറർ കെട്ടിടം പണിയാൻ അഞ്ചുകോടി
- കാരാത്തോട്-ചേറൂർ റോഡ് ബി.എം.ബി.സി ഏഴ് കോടി
- വിവിധ സ്കൂൾ കെട്ടിട നിർമാണങ്ങൾക്കായി തുക വകയിരുത്തി
- മണ്ഡലം പരിധിയിലെ പഞ്ചായത്തുകളിൽ ഹൈമാസ്റ്റ്, മിനി മാസ്റ്റ് തെരുവ് വിളക്ക് പദ്ധതി
- കണ്ണമംഗലം പഞ്ചായത്ത് ക്ഷീര വികസന ഗ്രാമം 50 ലക്ഷം
- ഊരകം, ഒതുക്കുങ്ങൽ, കണ്ണമംഗലം പി.എച്ച്.സികൾ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തി
- കടലുണ്ടിപ്പുഴ രാമങ്കടവിൽ കുളിക്കടവ് നിർമാണം 50 ലക്ഷം
- അംബേദ്കർ ഗ്രാമവികസന പദ്ധതി പ്രകാരം ഊരകം വെങ്കുളം കോളനി പ്രവൃത്തിക്ക് ഒരു കോടി
അഡ്വ. പി. പി. ബഷീർ (ഇടതുപക്ഷ സ്ഥാനാർഥി 2016)
- വികസനപ്രവർത്തനങ്ങൾക്ക് അവധി കൊടുത്ത അഞ്ചാണ്ട്
- പൊതുവിദ്യാഭ്യാസ സംരക്ഷണം, ആർദ്രം, ഹരിത കേരളം തുടങ്ങിയ പദ്ധതിയുടെ ഭാഗമായി സർക്കാർ നടപ്പാക്കിയ പരിപാടികൾക്കപ്പുറത്ത് ഒന്നും നടന്നില്ല
- വേങ്ങര ബൈപാസ് നിർമാണത്തിന് 20 കോടി സർക്കാർ നീക്കിവെച്ചെങ്കിലും എം.എൽ.എക്ക് ഒന്നും ചെയ്യാനായില്ല. ജനവാസ മേഖലയിൽ ജനങ്ങൾ എതിര് നിൽക്കുന്നുവെന്ന കാരണം പറഞ്ഞ് പദ്ധതി ഉപേക്ഷിച്ചു
- എ.ആർ നഗറിൽ കുടിവെള്ള പദ്ധതി സ്ഥാപിക്കാൻ റോഡ് കീറി പൈപ്പ് ലൈൻ സ്ഥാപിച്ചതൊഴിച്ചാൽ മറ്റൊരു പ്രവർത്തനവും നടന്നില്ല. ടാങ്ക് സ്ഥാപിക്കാൻ സ്ഥലം കണ്ടെത്താനാവാതെ സർക്കാർ അനുവദിച്ച 20 കോടി രൂപ അന്യാധീനമാക്കി
- ഫയർ സ്റ്റേഷൻ സ്ഥാപിക്കുന്നതിന് സർക്കാർ ഉദ്യോഗസ്ഥ തസ്തിക വരെ അനുവദിച്ചെങ്കിലും സ്ഥലം കണ്ടെത്താനായില്ല.
- നാലുപേർക്കെങ്കിലും തൊഴിൽ നൽകാവുന്ന ഒരൊറ്റ തൊഴിൽ യൂനിറ്റും തുടങ്ങാനായില്ല.
- റോഡ് ടാർ ചെയ്യാനും തെരുവ് വിളക്ക് സ്ഥാപിക്കാനും മുൻൈക എടുത്തു എന്നതിനപ്പുറത്ത് മണ്ഡലത്തിൽ ഒരു വികസന പ്രവർത്തനവും നടന്നില്ല.
ഞങ്ങൾക്കും പറയാനുണ്ട്
വേങ്ങര മണ്ഡലത്തിലെ അഞ്ച് പഞ്ചായത്തുകളിലെ ജനങ്ങളുടെ ആശ്രയമായ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ കിടത്തി ചികിത്സ, പ്രസവം പോലുള്ള സൗകര്യങ്ങൾ ഇല്ലാതായി. ആവശ്യമായ ജീവനക്കാരെ നിയമിച്ച് ആധുനിക രീതിയിൽ ഡയാലിസിസ് സെൻറർ അടക്കമുള്ള സജ്ജീകരണങ്ങൾ ഏർപ്പെടുത്തി മാതൃക ആശുപത്രിയായി ഉയർത്തണം.
പി. അസീസ് ഹാജി, ജനറൽ സെക്രട്ടറി, വ്യാപാരി വ്യവസായി ഏകോപന സമിതി, വേങ്ങര
വേങ്ങര മണ്ഡലത്തിൽ യുവാക്കൾക്ക് തൊഴിൽ ലഭ്യമാവുന്ന പൊതുവ്യവസായ സ്ഥാപനങ്ങൾ ഒന്നും തുടങ്ങാനായില്ലെന്ന് പറയാം. പ്രവർത്തനം നിലച്ച സ്ഥാപനങ്ങൾ പുനരാരംഭിക്കാനോ പുതിയ വ്യവസായ സംരംഭങ്ങൾ തുടങ്ങാനോ ജനപ്രതിനിധികൾക്ക് സാധ്യമായിട്ടില്ല. വ്യവസായ പാർക്ക് തുടങ്ങുന്നതിനാവശ്യമായ അടിയന്തര നടപടികൾ സ്വീകരിക്കണമായിരുന്നു.
ഇ.കെ. ഖാദർ ബാബു, ഏരിയ സെക്രട്ടറി, ക്രഷർ ഓണേഴ്സ് അസോസിയേഷൻ, വേങ്ങര
നിരവധി കായികപ്രേമികളുള്ള മണ്ഡലത്തിൽ നിലവാരമുള്ള സ്റ്റേഡിയമില്ല. നീന്തലടക്കം എല്ലാ കായിക പരിശീലനത്തിനും ഉതകുന്ന രീതിയിലുള്ള അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒരു സ്പോർട്സ് സമുച്ചയം വരണം. വാഹന പാർക്കിങ്ങിന് ആധുനിക നിലവാരത്തിലുള്ള പാർക്കിങ് ടവർ എന്ന ആവശ്യം പരിഗണിക്കപ്പെട്ടിട്ടില്ല.
കെ.പി. സബാഹ്, പൊതുപ്രവർത്തകൻ
വേങ്ങര പോലെ തിരക്ക് പിടിച്ച ടൗണിൽ സൗകര്യങ്ങളോട് കൂടിയ വനിത സൗഹൃദ വിശ്രമകേന്ദ്രം സാധ്യമായിട്ടില്ല. വിശ്രമമുറി, മുലയൂട്ടല്‍ മുറി, തൊട്ടില്, ശുചിമുറി, ഇരിപ്പിടങ്ങള്‍, ലഘുഭക്ഷണ ശാല എന്നിവയും പത്രങ്ങള്‍, പുസ്തകങ്ങള്‍, ടി.വി, വൈഫൈ തുടങ്ങിയ സൗകര്യങ്ങളും ഒരുക്കിയ വനിത വിശ്രമകേന്ദ്രമാണ് വേങ്ങരയുടെ ആവശ്യം. വനിതകളെ പരിഗണിക്കുന്ന വികസന പ്രവർത്തനങ്ങൾ പൊതുവെ കുറവാണെന്നത് പറയാതെ വയ്യ.
ഷാക്കിറ ഹനീഫ, വേങ്ങര വിമൻസ് ജസ്റ്റിസ് മൂവ്മെൻറ് കൺവീനർ
വേങ്ങര മണ്ഡലത്തിലെ പ്രധാന വയലുകളിൽ ഒന്നായ കുറ്റൂർ പാടത്ത് കൃഷിക്കാവശ്യമായ ജലസേചന സൗകര്യങ്ങളെത്തിക്കാൻ അധികാരികൾക്ക് സാധ്യമായിട്ടില്ല. മഴയെ മാത്രം ആശ്രയിച്ച് കൃഷി ചെയ്യുന്ന വയലിൽ മുണ്ടകൻ കൃഷി മാത്രമാണ് ഇപ്പോൾ നടക്കുന്നത്. കനാൽ സൗകര്യമൊരുക്കി കടലുണ്ടിപ്പുഴയിൽനിന്ന് കുറ്റൂർ പാടത്ത് വെള്ളമെത്തിക്കണമെന്ന ആവശ്യം പരിഗണിക്കപ്പെട്ടിട്ടില്ല.
കെ.സി. അബ്ദുൽ മജീദ്, ട്രഷറർ കുറ്റൂർ പാടശേഖര സമിതി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.