പത്രപ്രവർത്തകനെന്ന നിലയിൽ വസ്തുതകൾ വിളിച്ചു പറയുക മാത്രമാണ് ചെയ്തതെന്ന് പരഞ്ജോയ് ഗുഹ ഠാകുർത
text_fieldsതൃശൂർ : പത്രപ്രവർത്തകനെന്ന നിലയിൽ വസ്തുതകൾ വിളിച്ചു പറയുക മാത്രമാണ് താൻ നാളിതുവരെ ചെയ്തതെന്ന് പരഞ്ജോയ് ഗുഹ ഠാകുർത. അത് തുടരുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ''അദാനി സാമ്രാജ്യം: ചങ്ങാത്ത മുതലാളിത്തത്തിനപ്പുറം'' എന്ന പുസ്തകത്തിൻ്റെ പ്രകാശനം തൃശൂർ സാഹിത്യ അക്കാദമിയിൽ വെച്ച് നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഒരു വ്യവസായ സാമ്രാജ്യമെന്ന നിലയിൽ ഗൗതം അദാനിയുടെ അതിശയകരമായ വളർച്ചയാണ് അദാനി സാമ്രാജ്യത്തെക്കുറിച്ച് കൂടുതൽ സൂക്ഷ്മതയോടെ നിരീക്ഷിക്കാൻ ഇടയായത്. നരേന്ദ്ര മോദിയുമായുള്ള ചങ്ങാത്തം ഇന്ത്യയിൽ മാത്രമല്ല അന്താരാഷ്ട്ര കരാറുകൾ നേടിയെടുക്കുന്നതിലും അദാനിക്ക് ഗുണകരമായി ഭവിച്ചു.
ചുരുങ്ങിയ കാലം കൊണ്ടുതന്നെ ഊർജ്ജം, ഖനനം, തുറമുഖം, വിമാനത്താവളം, ഡ്രോൺ നിർമ്മാണം, മാധ്യമം, ഹരിതോർജ്ജം, കൃഷി തുടങ്ങി സമസ്ത മേഖലകളിലും അതിശക്തമായ സ്വാധീനമാണ് കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകാലത്തിനിടയിൽ അദാനി ഗ്രൂപ്പ് ഉണ്ടാക്കിയെടുത്തത്. ഈ വസ്തുതകൾ തുറന്നു പറഞ്ഞതിൻ്റെ പേരിൽ ആറോളം മാനനഷ്ട കേസുകളാണ് അദാനി ഗ്രൂപ്പ് തനിക്കെതിരായി നൽകിയിരിക്കുന്നത്. നിയമ വ്യവഹാരങ്ങൾ കൊണ്ട് വസ്തുതകളെ മറച്ചുവെക്കാനോ, ഇല്ലാതാക്കാനോ സാധ്യമല്ല എന്നത് സത്യമാണ്.
ചടങ്ങിൽ പ്രഫ. കെ.വിനോദ് ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ഭാരത് ജോഡോ യാത്രയുടെ ഭാഗമായി കന്യാകുമാരിയിൽ നിന്ന് കാശ്മീർ വരെ മുഴുവൻ സമയ പങ്കാളിയായിരുന്ന ശശികുമാർ (അരിമ്പൂർ പാഠശാല) പുസ്തകം ഏറ്റുവാങ്ങി. ഡോ.കെ.ആർ.അജിതൻ പുസ്തകം പരിചയപ്പെടുത്തി സംസാരിച്ചു. ഏ.കെ.ഷിബുരാജ് പരഞ്ജോയ് യുടെ പ്രസംഗം പരിഭാഷപ്പെടുത്തി. ട്രാൻസിഷൻ സ്റ്റഡീസിന് വേണ്ടി ഡോ. സ്മിത പി. കുമാർ സ്വാഗതവും അശോകൻ നമ്പഴിക്കാട് നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.