പരപ്പനങ്ങാടി കൂട്ടമാനഭംഗം: പ്രതികൾ ഇനിയുമുണ്ടെന്ന് പൊലീസ്, അന്വേഷണം പരപ്പനങ്ങാടി പൊലീസിന് കൈമാറും
text_fieldsപരപ്പനങ്ങാടി: പരപ്പനങ്ങാടി റെയിൽവെ സ്റ്റേഷനിലെത്തിയ ഭിന്നശേഷി വിദ്യാർഥിനിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ കേസ് കൂടുതൽ അന്വേഷണത്തിനായി പേരാമ്പ്രയിൽ നിന്ന് പരപ്പനങ്ങാടി പൊലീസിന് കൈമാറിയേക്കും. സംഭവത്തിൽ പരപ്പനങ്ങാടി നെടുവ സ്വദേശികളായ ബാർബർ തൊഴിലാളി പുത്തരിക്കൽ തയ്യിൽ വീട്ടിൽ മുനീർ (40), ഓട്ടോ ഡ്രൈവർമാരായ അലീക്കനകത്ത് സഹീർ (31), പള്ളിക്കൽ പ്രജീഷ് (41) എന്നിവരെ പേരാമ്പ്ര പൊലീസ് ഇൻസ്പക്ടർ ബിനു തോമസിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തിരുന്നു.
സംഭവം നടന്നത് പരപ്പനങ്ങാടി സ്റ്റേഷൻ പരിധിയിൽ ആയതിനാലും പ്രതികൾ പരപ്പനങ്ങാടി സ്വദേശികളായതുകൊണ്ടുമാണ് കേസ് പരപ്പനങ്ങാടി എസ്.എച്ച്.ഒക്ക് കൈമാറുന്നത്. സംഭവുമായി ബന്ധപ്പെട്ട് ഇനി പരപ്പനങ്ങാടിയുമായി ബന്ധപ്പെട്ടവരെയാണ് പിടികൂടാനുള്ളത്.
നേരിട്ടും അല്ലാതെയും പീഡനത്തിൽ പങ്കാളിയവർ ഇനിയുമുണ്ടെന്നും ഇപ്പോൾ കേസ് പേരാമ്പ്ര പൊലീസിന്റെ പരിധിയിലാണന്നും അന്വേഷണ ചുമതല വരുന്ന മുറക്ക് ഇക്കാര്യത്തിൽ കൂടുതൽ വെളിപ്പെടുത്താലുണ്ടാകുമെന്നും പരപ്പനങ്ങാടി എസ്.എച്ച്.ഒ ജിനേഷ് ‘മാധ്യമ’ത്തോട് പറഞ്ഞു.
മൂന്ന് പ്രതികളെയും സമർത്ഥമായി വലയിൽ തളച്ചതും പേരാമ്പ്ര പൊലീസിന് പൊക്കാൻ വഴിയൊരുക്കിയതും പരപ്പനങ്ങാടി പൊലീസായിരുന്നു. ഇതിന് ശേഷം പ്രതികളിലൊരാൾ ഇവരെ കോട്ടക്കലിലേക്ക് കൂട്ടികൊണ്ടുപോയതായും അവിടെ വെച്ചും പീഡനത്തിനിരയാക്കിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ഈ പരാതിയും അന്വേഷണ സംഘത്തിന്റെ മുന്നിലെത്തിയിട്ടുണ്ട്.
ഭിന്നശേഷിക്കാരി ആരുടെ സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പരപ്പനങ്ങാടി റെയിൽവെ സ്റ്റേഷനിലെത്തിയതെന്നും സൈബർ സെൽ പരിശോധിക്കുന്നുണ്ട്.
പേരാമ്പ്രയിലെ അൺ എയ്ഡഡ് കോളജിലെ ബിരുദ വിദ്യാർഥിനിയാണ് ബലാത്സംഗത്തിന് ഇരയായത്. ആറ് ദിവസം മുമ്പാണ് വിദ്യാർഥിനിയെ കാണാതാവുന്നത്. ബന്ധു വീട്ടിൽ പോകുകയാണെന്ന് പറഞ്ഞാണ് വീട്ടിൽ നിന്ന് ഇറങ്ങിയത്. എന്നാൽ ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പരപ്പനങ്ങാടി സ്വദേശി അനസിനെ വിവാഹം കഴിക്കാനാണ് കുട്ടി വീട് വിട്ട് ഇറങ്ങിയത്. വീട്ടുകാർ നൽകിയ പരാതിയെ തുടർന്ന് പേരാമ്പ്ര പൊലീസ് അന്വേഷണം നടത്തുന്നതിനിടെ കാസർകോട്ട് നിന്നാണ് കുട്ടിയെ കണ്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.