പരപ്പനങ്ങാടി ഗൗരി കൊലപാതകം: 35 വർഷത്തിനുശേഷം പ്രതി കുറ്റമുക്തൻ
text_fieldsന്യൂഡൽഹി: പരപ്പനങ്ങാടി ഗൗരി കൊലപാതക കേസിൽ 35 വർഷത്തിനുശേഷം പ്രതിയെ കുറ്റമുക്തനാക്കി സുപ്രീംകോടതി. പരപ്പനങ്ങാടി സ്വദേശി കാരക്കാട്ട് മുഹമ്മദ് ബഷീറിനെയാണ് ജസ്റ്റിസ് അഭയ് എസ്. ഓഖ, ജസ്റ്റിസ് അഗസ്റ്റിൻ ജോർജ് മസിഹ് എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ച് കുറ്റമുക്തനാക്കിയത്. സാഹചര്യത്തെളിവുകൾ മാത്രമുള്ള കേസിൽ പ്രതിക്കെതിരായ കുറ്റം സംശയാതീതമായി തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്ന് കോടതി പറഞ്ഞു.
1989 ആഗസ്റ്റ് 17നാണ് തല തകർന്ന നിലയിൽ വയലിൽ ഉപേക്ഷിച്ച ഗൗരിയുടെ മൃതദേഹം കണ്ടെത്തിയത്. രാവിലെ പണിക്ക് പോവുകയായിരുന്ന തദ്ദേശവാസിയായ മണികണ്ഠൻ മൃതദേഹം കണ്ട വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. തലയുടെ ഇടതുവശത്ത് മാരകായുധം മൂലമുണ്ടായ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടത്തിൽ സ്ഥിരീകരിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മുഹമ്മദ് ബഷീറിനെയും മറ്റൊരു യുവതിയെയും പൊലീസ് അറസ്റ്റ് ചെയ്തു.
സാഹചര്യത്തെളിവുകളും ചുരുക്കം സാക്ഷിമൊഴികളും മാത്രമുണ്ടായിരുന്ന കേസിൽ മുഹമ്മദ് ബഷീറിന് ജീവപര്യന്തവും ഏഴുവർഷം കഠിന തടവും കൂട്ടുപ്രതിയായ യുവതിക്ക് നാലുവർഷം കഠിനതടവും കോടതി വിധിച്ചു. ഇരുവരും നൽകിയ അപ്പീൽ ഹൈകോടതി തള്ളിയതിനെ തുടർന്നാണ് ബഷീർ സുപ്രീംകോടതിയെ സമീപിച്ചത്. മൃതദേഹം ഒരുകിലോമീറ്റർ അകലെയുള്ള വയലിലേക്ക് ബഷീർ ചുമന്നുകൊണ്ടുപോവുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷൻ വാദം. എന്നാൽ, വഴിമധ്യേയുള്ള മില്ലിൽ ആളുകളുണ്ടായിരുന്നിട്ടും ആരും ഇത് കണ്ടിരുന്നില്ലെന്നതടക്കം പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി വിധി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.