പറവൂർ സഹ.ബാങ്ക് ക്രമക്കേട്: കേസെടുത്ത് അന്വേഷിക്കാനുള്ള ഡി.ജി.പിയുടെ നിർദേശം പൊലീസ് അവഗണിക്കുന്നെന്ന്
text_fieldsപറവൂർ: പറവൂർ സഹകരണ ബാങ്കിൽ നടന്ന സാമ്പത്തിക ക്രമക്കേടിൽ കേസെടുത്ത് അന്വേഷിക്കാനുള്ള ഡി.ജി.പിയുടെ നിർദേശം പറവൂർ പൊലീസ് അവഗണിക്കുന്നതായി ആക്ഷേപം. 2020-21 സാമ്പത്തിക വർഷത്തിലെ ഓഡിറ്റ് റിപ്പോർട്ടിൽ ബാങ്കിൽ നടന്ന ആദായ നികുതി ഇടപാട്, സഹകരണ സൂപ്പർ മാർക്കറ്റിൽ നടന്ന ക്രമക്കേട്, പണയ സ്വർണം ലേലം ചെയ്യാതെ സ്വകാര്യ ജ്വല്ലറിയിൽ തൂക്കിവിറ്റത് ഉൾപ്പെടെയുള്ള ക്രമക്കേടുകൾ അക്കമിട്ട് നിരത്തിയിരുന്നു.
ക്രിമിനൽ കേസെടുത്ത് അന്വേഷിക്കേണ്ട സംഭവങ്ങളായതിനാൽ സ്പെഷൽ റിപ്പോർട്ടിലും ഇത് ഉൾപ്പെട്ടിരുന്നു. ഗൗരവമേറിയ രണ്ട് റിപ്പോർട്ട് പുറത്ത് വന്നിട്ടും സഹകരണ വകുപ്പ് ജില്ല ജോയന്‍റ് രജിസ്ട്രാർ തുടർ നടപടി സ്വീകരിക്കാത്തതിനെ തുടർന്ന് മുൻ നഗരസഭ ചെയർമാൻ രമേഷ് ഡി. കുറുപ്പ്, മുഖ്യമന്ത്രി, ഗവർണർ, സഹകരണ മന്ത്രി, പ്രതിപക്ഷ നേതാവ്, സഹകരണ സെക്രട്ടറി, രജിസ്ട്രാർ എന്നിവർക്ക് പരാതി നൽകി.
സമാന വിഷയത്തിൽ ബാങ്കിന്‍റെ അക്കാലത്തെ ഓഡിറ്ററായിരുന്ന എൻ.ആർ. ഹേമലത സഹകരണ ജോയന്‍റ് ഡയറക്ടർ വഴി സഹകരണ രജിസ്ട്രാർക്കും പരാതി നൽകി. ഈ രണ്ടു പരാതിയും 2022 നവംബറിൽ തുടരന്വേഷണത്തിനായി സംസ്ഥാന പൊലീസ് മേധാവി വഴി ജില്ല പൊലീസ് മേധാവിക്ക് കൈമാറിയിട്ടുണ്ട്. രണ്ട് പരാതിയും അന്വേഷണത്തിനായി പറവൂർ പൊലീസിന് കൈമാറിയെങ്കിലും മൂന്ന് മാസമായിട്ടും കേസെടുത്ത് അന്വേഷണം ആരംഭിച്ചില്ല.
രാഷ്ട്രീയ സമ്മർദം മൂലമാണ് കേസന്വേഷണം മുന്നോട്ട് നീങ്ങാൻ വൈകുന്നതെന്നാണ് ആക്ഷേപം. ഇതുസംബന്ധിച്ച് രമേഷ് ഡി. കുറുപ്പിന് സഹകരണ വകുപ്പ് ജോയന്റ് ഡയറക്ടർ നൽകിയ മറുപടിയിലാണ് പരാതികൾ പറവൂർ പൊലീസ് സ്റ്റേഷനിൽ എത്തിയിട്ടുണ്ട് എന്നറിയാൻ കഴിഞ്ഞത്.
സഹകാരികളുടെ നഷ്ടപ്പെട്ട പണം വീണ്ടെടുക്കാനും കുറ്റകൃത്യം ചെയ്തവർക്ക് ശിക്ഷ വാങ്ങി കൊടുക്കാനുമായി കോടതിയെ സമീപിക്കുമെന്ന് ബ്ലോക്ക് സെക്രട്ടറിയും മുൻ ചെയർമാനുമായ രമേഷ് ഡി. കുറുപ്പ്, എൻ. മോഹൻ, മണ്ഡലം പ്രസിഡന്റ് അനു വട്ടത്തറ എന്നിവർ പറഞ്ഞു. ബാങ്കിലെ മറ്റൊരു സഹകാരിയായ അനിൽകുമാർ ബാങ്കിൽ നടന്ന സ്വർണ ലേലത്തിൽ നടന്ന അഴിമതിയെ സംബന്ധിച്ച് ജില്ല പൊലീസ് മേധാവി, പറവൂർ പൊലീസ് എന്നിവടങ്ങളിൽ നൽകിയ പരാതിയും കേസെടുത്ത് അന്വേഷിക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.