തെങ്ങിൽ തലകീഴായി തൊഴിലാളി; സാഹസികമായി രക്ഷിച്ച് നാട്
text_fieldsപേരാമ്പ്ര: തെങ്ങുകയറുന്നതിനിടെ യന്ത്രത്തിൽ കാലുകുടുങ്ങി തലകീഴായിനിന്ന തൊഴിലാളിയെ നാട്ടുകാരും പേരാമ്പ്ര ഫയർഫോഴ്സും അതിസാഹസികമായി രക്ഷപ്പെടുത്തി. കൂത്താളി പഞ്ചായത്ത് പൈതോത്ത് റോഡിലെ യുവധാര വായനശാലക്കു സമീപം ശനിയാഴ്ച രാവിലെയായിരുന്നു നാടിനെ മുൾമുനയിൽ നിർത്തിയ സംഭവം.
പറയൻകുന്നത്ത് രഘുനാഥ് യന്ത്രമുപയോഗിച്ച് തെങ്ങുകയറി മധ്യത്തിൽ എത്തിയതോടെ കൈയുടെ പിടിത്തംവിട്ട് പുറകിലേക്കു മറിഞ്ഞ് കാൽ യന്ത്രത്തിൽ തൂങ്ങിനിന്നു. ഓടിക്കൂടിയ നാട്ടുകാരുടെ സഹായത്തോടെ സമീപവാസി സുരേന്ദ്രൻ തെങ്ങിൽ ഒരു തടിക്കഷണം കെട്ടി അതിൽ കയറിനിന്ന് രഘുനാഥിനെ താങ്ങിനിർത്തി.
തുടർന്ന് ഏണി ഉപയോഗിച്ച് ഫയർഫോഴ്സ് ഓഫിസർമാരായ കെ.എം. ഷിജു, ഐ.ബി. രാഗിൻ എന്നിവർ തെങ്ങിൽ കയറി യന്ത്രത്തിൽനിന്നും അതിസാഹസികമായി ബെൽറ്റ് മുറിച്ചുമാറ്റി രഘുനാഥിനെ നെറ്റ് ഉപയോഗിച്ച് താഴെയിറക്കി. ആംബുലൻസിൽ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. കാലിനുള്ള ചെറിയ പരിക്കല്ലാതെ മറ്റു പരിക്കുകൾ ഒന്നുമില്ലെന്ന് ഡോക്ടർമാർ അറിയിച്ചു.
സ്റ്റേഷൻ ഓഫിസർ ടി. ജാഫർ സാദിഖിെൻറ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്. എ.എസ്.ടി.ഒ സജീവൻ, സി.എസ്.എഫ്.ആർ.ഒമാരായ പി. വിനോദൻ, എ. ഭക്തവത്സലൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ എം.പി. സിജു, കെ.പി. ബിജു, എൻ.കെ. സ്വപ്നേഷ്, എൻ.പി. അനൂപ്, കെ. ബിനീഷ് കുമാർ, സി.എം. ഷിജു, ഹോം ഗാർഡുമാരായ എ.സി. അജീഷ്, സി.പി. അനീഷ് കുമാർ എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.