വീടിന് തീപിടിച്ച് മാതാപിതാക്കളും മകളും മരിച്ചു
text_fieldsസത്യപാലന്, ശ്രീജ
എരുമേലി: വീടിന് തീപിടിച്ച് മാതാപിതാക്കൾക്കും മകൾക്കും ദാരുണാന്ത്യം. മകൻ പൊള്ളലേറ്റ് ആശുപത്രിയിൽ. ജൂബിലി സൗണ്ട്സ് ഉടമ ശ്രീനിപുരം പുത്തന്‍പുരക്കല്‍ സത്യപാലന് (52), ഭാര്യ ശ്രീജ (സീതമ്മ -48), മകൾ അഞ്ജലി (26) എന്നിവരാണ് മരിച്ചത്. മകൻ അഖിലേഷിന് (ഉണ്ണിക്കുട്ടന് -22) 20 ശതമാനം പൊള്ളലേറ്റു.
വെള്ളിയാഴ്ച ഉച്ചക്ക് 12.30ഓടെയാണ് അപകടം. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ വീടിനകത്തുനിന്ന് തീ ആളിപ്പടരുന്നതാണ് കണ്ടത്. ഉടൻ വെള്ളം ഒഴിച്ച് തീ അണക്കാൻ ശ്രമം ആരംഭിച്ചു. ഇതിനിടെ, വാതിൽ തകർത്ത് വീടിനകത്തുനിന്ന് ഓരോരുത്തരെ പുറത്തെത്തിക്കുകയായിരുന്നു. പൊള്ളലേറ്റ നാലുപേരെയും ഏറെനേരത്തെ ശ്രമത്തിനൊടുവിലാണ് പുറത്തെത്തിച്ചത്. കാഞ്ഞിരപ്പള്ളിയിൽനിന്ന് അഗ്നിരക്ഷാസേന പ്രവർത്തകരും സ്ഥലത്തെത്തി.
പൊള്ളലേറ്റ നാലുപേരെയും എരുമേലി സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ചെങ്കിലും ശ്രീജ ആദ്യം മരിച്ചു. 90 ശതമാനം പൊള്ളലേറ്റ സത്യപാലനും അഞ്ജലിയും മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിയശേഷം വൈകീട്ടാണ് മരിച്ചത്.
അഞ്ജലി മൂന്നുദിവസം മുമ്പാണ് വിദേശത്തുനിന്നെത്തിയത്. അഞ്ജലിയെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു യുവാവ് വന്നുപോയശേഷം വീട്ടിൽ തർക്കം നടന്നിരുന്നതായി നാട്ടുകാർ പറയുന്നു. ഇതിനുശേഷം ശ്രീജ ആത്മഹത്യ ഭീഷണി ഉയർത്തിയിരുന്നതായി അഖിലേഷ് പൊലീസിനോട് പറഞ്ഞു. തീപിടിത്തത്തിൽ വീട്ടുപകരണങ്ങൾ പൂർണമായി കത്തിനശിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.