ശിശുക്ഷേമ സമിതിക്ക് കൈമാറിയ കുഞ്ഞിനെ തേടി മാതാപിതാക്കൾ ഹൈകോടതിയിൽ
text_fieldsകൊച്ചി: ലിവ്-ഇൻ റിലേഷൻഷിപ് ബന്ധം തകർന്നതോടെ അമ്മ ശിശുക്ഷേമ സമിതിക്ക് കൈമാറിയ കുഞ്ഞിനെത്തേടി മാതാപിതാക്കൾ ഒന്നിച്ച് ഹൈകോടതിയിലെത്തി. കുഞ്ഞിനെ മറ്റൊരു കുടുംബം ദത്തെടുത്ത നടപടി റദ്ദാക്കിയ ഡിവിഷൻ ബെഞ്ച് ഒരുമാസത്തിനകം കുഞ്ഞിനെ തിരിച്ചു നൽകാൻ ഉത്തരവിട്ട് ഹരജി തീർപ്പാക്കി.
2018ലെ പ്രളയസമയത്ത് സന്നദ്ധ പ്രവർത്തനങ്ങൾക്കിടെ സ്നേഹത്തിലായി വിവാഹം കഴിക്കാതെ ഒരുമിച്ചുതാമസം (ലിവ്-ഇൻ റിലേഷൻഷിപ്) ആരംഭിച്ച യുവതീയുവാക്കളാണ് കുഞ്ഞിനെ വിട്ടുകിട്ടാൻ ഒന്നിച്ച് ഹരജി നൽകിയത്. 2020 ഫെബ്രുവരി മൂന്നിനാണ് ഇവർക്ക് കുഞ്ഞ് ജനിച്ചത്. നടനായ യുവാവ് സിനിമയിൽ അഭിനയിക്കാൻ കർണാടകയിലേക്ക് പോയതോടെ ബന്ധം തകർന്നു. കുഞ്ഞിനെ നോക്കാനാവാതെ വന്നതോടെ മാതാവ് 2020 മേയ് എട്ടിന് കുഞ്ഞിനെ ശിശുക്ഷേമസമിതിക്ക് കൈമാറി.
കരാറും ഒപ്പിട്ടു നൽകി. കുഞ്ഞിനെ വിട്ടുനൽകിയെങ്കിലും സമിതിയുമായും കുഞ്ഞിനെ പാർപ്പിച്ച സ്ഥാപനവുമായും ഇവർ നിരന്തരം ബന്ധപ്പെട്ടിരുന്നു. ഇതിനിടെ, കുഞ്ഞിനെ ദത്തുനൽകാനുള്ള നടപടിക്രമങ്ങൾ സമിതി തുടങ്ങി. കുഞ്ഞിന് മറ്റ് അവകാശികളില്ലെന്നും ദത്തുനൽകാൻ നിയമപരമായി കഴിയുമെന്നും ബാലനീതി നിയമപ്രകാരം സമിതി പ്രഖ്യാപിച്ചു. എറണാകുളം കുടുംബ കോടതിയുടെ ഉത്തരവിനെത്തുടർന്ന് 2021 ഫെബ്രുവരി രണ്ടിന് കുഞ്ഞിനെ ഒരു കുടുംബം ദത്തെടുത്തു.
ഇതിനിടെയാണ് ഒമ്പതുമാസത്തിനുശേഷം കുഞ്ഞിനെ തിരിച്ചുനൽകണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കൾ ഒന്നിച്ച് 2021 ഫെബ്രുവരി 10ന് ഹൈകോടതിയിൽ ഹരജി നൽകിയത്.
അമ്മ മാത്രം ഒപ്പിട്ടുനൽകിയ കരാർപ്രകാരം കുഞ്ഞിനെ ഏറ്റെടുക്കുമ്പോൾ പിതാവിനെക്കുറിച്ച് അന്വേഷിക്കേണ്ടിയിരുന്നെന്നും ഉപേക്ഷിക്കപ്പെട്ട കുട്ടികളെ ഏറ്റെടുക്കുന്ന നടപടിക്രമങ്ങളാണ് ഇക്കാര്യത്തിൽ പാലിക്കേണ്ടതെന്നും ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. തുടർന്നാണ് വിട്ടുനൽകാൻ ഉത്തരവിട്ടത്.
ഒറ്റക്ക് കുഞ്ഞുങ്ങളെ വളർത്തുന്ന അമ്മമാർക്ക് പ്രത്യേക പദ്ധതി വേണം –ഹൈകോടതി
കൊച്ചി: കുഞ്ഞുങ്ങളെ ഒറ്റക്ക് വളർത്തുന്ന അമ്മമാർക്കായി പ്രത്യേക പദ്ധതി വേണമെന്ന് സർക്കാറിനോട് ഹൈകോടതി. ലിവ്-ഇൻ റിലേഷൻഷിപ്പിലെ മാതാപിതാക്കൾ നൽകിയ ഹരജി പരിഗണിക്കവേയാണ് ഡിവിഷൻ ബെഞ്ചിെൻറ നിർദേശം. കേരളം സാക്ഷരതയിൽ നൂറുശതമാനമാണെന്ന് മേനി നടിക്കുമ്പോഴും സ്ത്രീകളെ നിന്ദിക്കുന്ന മനഃസ്ഥിതിയാണ് നമുക്കുള്ളതെന്നും കുഞ്ഞുങ്ങളെ ഒറ്റക്ക് വളർത്തേണ്ടി വരുന്ന അമ്മമാർക്ക് സാമ്പത്തികമായോ സാമൂഹികമായോ പിന്തുണ ലഭിക്കാറില്ലെന്നും ഡിവിഷൻ ബെഞ്ച് പറഞ്ഞു. ഇത്തരം അമ്മമാർ മാനസികമായും കടുത്ത വെല്ലുവിളി നേരിടേണ്ടി വരുന്നു. ചെയ്ത തെറ്റിന് ഒറ്റപ്പെട്ടു കഴിയാൻ വിധിക്കപ്പെട്ടവളാണെന്ന് ഇവർ വിശ്വസിക്കേണ്ടി വരുന്നു. സമൂഹത്തിൽനിന്ന് പിന്തുണയോ സഹായമോ ലഭിക്കാൻ ഇവർക്ക് ഏറെ ബുദ്ധിമുട്ടേണ്ടിവരുന്നുണ്ട്.
കേസിലെ ഹരജിക്കാരിയും ഇത്തരം വെല്ലുവിളി നേരിടേണ്ടി വന്നയാളാണ്. ഒറ്റക്ക് കുട്ടിയെ വളർത്താനാവാത്ത സ്ഥിതി വന്നതോടെയാണ് ഹരജിക്കാരിക്ക് കുഞ്ഞിനെ ശിശുക്ഷേമ സമിതിക്ക് കൈമാറേണ്ടി വന്നത്.
ഏതൊരമ്മയെയുംപോലെ ഇവരും തെൻറ കുഞ്ഞിനെ സ്നേഹിച്ചു. പക്ഷേ, സമൂഹത്തിലെ സാഹചര്യങ്ങൾ കുഞ്ഞിനെ തുടർന്ന് നോക്കാൻ അവരെ അനുവദിച്ചില്ല. പുരുഷ പിന്തുണയില്ലാതെ ജീവിക്കാൻ കഴിയില്ലെന്നാണ് ഹരജിക്കാരി ചിന്തിച്ചത്.
പുരുഷെൻറ പിന്തുണയില്ലാതെ താൻ ഒന്നുമല്ലെന്ന് ഒരു സ്ത്രീക്ക് തോന്നിയാൽ അത് ഇൗ സംവിധാനത്തിെൻറ പരാജയമാണ്. ഇൗ പ്രപഞ്ചത്തിലെ മനുഷ്യശക്തിയുടെ ഉറവിടം മാതൃത്വമാണ്. നിലനിൽപിനുള്ള അവളുടെ പോരാട്ടങ്ങൾക്ക് നിയമവാഴ്ചയുടെ പിന്തുണ ഉറപ്പാക്കേണ്ടത് സർക്കാറാണ്. ആ ആത്മവിശ്വാസമാകണം അവളുടെ വ്യക്തിത്വവും അവർക്കു നൽകേണ്ട ബഹുമാനവുമെന്നും ഹൈകോടതി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.