ഇവിടെയുണ്ട്, ഹൃദയം തകർന്ന ദമ്പതികൾ
text_fieldsപേരാമ്പ്ര: മകൻ വരുന്നതുംകാത്ത് ഉറക്കമൊഴിച്ചിരുന്ന ഈ ദമ്പതികൾ വെള്ളിയാഴ്ച അറിഞ്ഞത് അവൻ ഈ ഭൂമിയിലേ ഇല്ലെന്നാണ്. ആ വാർത്ത കേട്ടതോടെ പന്തിരിക്കര കോഴിക്കുന്നുമ്മൽ നാസർ-നഫീസ ദമ്പതികൾ ഹൃദയം തകർന്നിരിക്കുകയാണ്.
സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ ഇവരുടെ മകൻ ഇർഷാദിന്റെ മൃതദേഹം ജൂലൈ 17ന് തിക്കോടി കടപ്പുറത്ത് കണ്ടെത്തുകയും ആളുമാറി സംസ്കരിക്കുകയും ചെയ്തെന്നറിഞ്ഞതോടെ മാതാപിതാക്കൾ പൊട്ടിക്കരയുകയാണ്. മകൻ മുങ്ങിമരിച്ചതല്ലെന്ന് ഇവർ തറപ്പിച്ചുപറയുന്നു. ഇർഷാദ് ചെറുപ്പംമുതൽ നന്നായി നീന്തുന്ന ആളാണ്. പുഴയിലും നന്നായി നീന്താനറിയാം. അതുകൊണ്ട് മകന്റേത് കൊലപാതകം തന്നെയാണെന്ന് ഇവർ ഉറപ്പിച്ചുപറയുന്നു. കേസ് അട്ടിമറിക്കാൻ ആസൂത്രിതശ്രമം നടക്കുന്നുണ്ടെന്നും ബന്ധുക്കൾ പറഞ്ഞു.
മേപ്പയ്യൂർ സ്വദേശി ദീപകിന്റെ മൃതദേഹമാണെന്ന് സ്ഥിരീകരിച്ചെന്ന് പറഞ്ഞാണ് ഇർഷാദിന്റെ മൃതദേഹം സംസ്‌കരിച്ചത്. എന്നാൽ, ഇത് തന്റെ മകന്റെ മൃതദേഹമല്ലെന്ന് ദീപകിന്റെ അമ്മ പറഞ്ഞിരുന്നതായും ഇവർ ചൂണ്ടിക്കാട്ടി. അത് വകവെക്കാതെ ഡി.എൻ.എ പരിശോധന ഫലം വരുന്നതിനുമുമ്പ് സംസ്‌കരിക്കുകയായിരുന്നു. ഇതിൽ ദുരൂഹതയുണ്ടെന്നും ബന്ധുക്കൾ പറഞ്ഞു.
കഴിഞ്ഞ മാസം ആറിനാണ് ഇർഷാദിനെ തട്ടിക്കൊണ്ടുപോയത്. മകനെ സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയെന്ന് കാണിച്ച് പെരുവണ്ണാമുഴി മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊയിലാണ്ടി കടൽതീരത്തുനിന്ന് ലഭിച്ച മൃതദേഹം ഇർഷാദിന്റേതാണെന്ന് സ്ഥിരീകരിച്ചത്. ഇർഷാദിന്റേത് കൊലപാതകമാണെന്ന് തന്നെയാണ് അന്വേഷണസംഘവും സംശയിക്കുന്നു. ഇർഷാദിനെ മർദിച്ച് അവശനാക്കി കിടത്തിയ ഫോട്ടോ സ്വർണക്കടത്ത് സംഘം ബന്ധുക്കൾക്ക് അയച്ചിരുന്നു.
ഇർഷാദിന്റെ കൈവശമുള്ള സ്വർണം തന്നില്ലെങ്കിൽ വധിക്കുമെന്ന ഭീഷണി സന്ദേശവും സഹോദരന് വന്നിരുന്നു.
വിദേശത്തായിരുന്ന ഇർഷാദിനെ സ്വർണക്കടത്ത് സംഘം വലയിലാക്കുകയായിരുന്നു. മകനെ കണ്ടെത്താൻ ഹൈകോടതിയിൽ ഹേബിയസ് കോർപസ് ഹരജി നൽകി കാത്തിരിക്കുകയായിരുന്നു നാസർ-നഫീസ ദമ്പതികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.