മാതാപിതാക്കൾ തടവറയിൽ; കുരുന്നുകൾക്ക് പൊലീസ് വീടൊരുക്കും
text_fieldsകോട്ടയം: കൊലപാതകക്കേസിൽ പ്രതികളായ മാതാപിതാക്കൾ തടവറയിലായതോടെ ഒറ്റപ്പെട്ട നാല് കുരുന്നുകൾക്ക് പൊലീസ് വീടൊരുക്കും. മുത്തശ്ശിയും നാലുകുട്ടികളും ഉൾപ്പെടെ അഞ്ചംഗ കുടുംബത്തിന് താമസിക്കാൻ വാടകവീടൊരുക്കുമെന്ന് കലക്ടർ ഡോ. ബി.എസ്. തിരുമേനി ‘മാധ്യമ’ത്തോട് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട ക്രമീകരണം ഏർപ്പെടുത്താൻ ജില്ല പൊലീസ് മേധാവി വി.എം. മുഹമ്മദ് റഫീഖിന് നിർദേശം നൽകിയതായും അദ്ദേഹം അറിയിച്ചു. ഇതേതുടർന്ന് 5,000 രൂപ പ്രതിമാസ വാടകയിൽ വീട് സൗകര്യപ്പെടുത്താൻ പൊലീസ് നടപടി ആരംഭിച്ചു.
കൊലപാതകക്കേസിൽ പ്രതികളായവരുടെ മക്കൾക്ക് ആരും വീട് നൽകാതെ തെരുവിൽ കഴിയുന്ന സാഹചര്യം ഒഴിവാക്കാനാണ് പൊലീസ് ഇടപെടലെന്ന് ഇൗസ്റ്റ് സി.െഎ സാജു വർഗീസ് പറഞ്ഞു. നഗരത്തിലെ സർക്കാർ സ്കൂളിൽ പഠിക്കുന്ന കുട്ടികൾക്ക് സൗകര്യപ്രദമായ കോട്ടയം, മണർകാട്, നാട്ടകം, പരിപ്പ് തുടങ്ങിയ പ്രദേശങ്ങളിൽ വാടകവീട് കണ്ടെത്താനാണ് ശ്രമം. സംഭവം ‘മാധ്യമം’റിപ്പോർട്ട് ചെയ്തതോടെ കോട്ടയം സബ് ജയിലിനുമുന്നിൽ ആക്രിക്കടയിൽനിന്ന് വാങ്ങിയ മാരുതി ഒമ്നി വാനിൽ താമസിച്ച കുടുംബത്തെ പൊലീസ് സുരക്ഷിതകേന്ദ്രത്തിലേക്ക് മാറ്റി. ഗാന്ധിനഗറിലെ സാന്ത്വനം അഭയകേന്ദ്രത്തിൽ എത്തിച്ച മുത്തശ്ശിക്ക് ആവശ്യമായ സഹായം നൽകുമെന്ന് സാന്ത്വനം ചെയർപേഴ്സൺ ആനി ബാബു ‘മാധ്യമ’ത്തോട് പറഞ്ഞു.
ആഗസ്റ്റ് 23ന് പയ്യപ്പാടി മലകുന്നം പുന്നാപറമ്പിൽ സന്തോഷിനെ വെട്ടിനുറുക്കി കൊലപ്പെടുത്തി ചാക്കിൽ കെട്ടി ഉപേക്ഷിച്ച കേസിൽ പ്രതികളായ വിനോദ് കുമാർ (കമ്മൽ-വിനോദ്-38), ഭാര്യ കുഞ്ഞുമോൾ (34) എന്നിവരുടെ നാലുമക്കൾ ഒരുമാസമായി തെരുവിൽ അലയുകയായിരുന്നു. സംഭവത്തെത്തുടർന്ന് പീടികപ്പടിയിലെ വാടകവീട്ടിൽനിന്ന് കുട്ടികളെ ഇറക്കിവിട്ടതോടെ വിനോദിെൻറ മാതാവും റിട്ട.നഗരസഭ ജീവനക്കാരിയുമായ തങ്കമ്മയുടെ (60) തണലിൽ കുട്ടികൾ തെരുവിൽ ജീവിക്കുകയായിരുന്നു.
വാടകവീടിന് ശ്രമിച്ചിട്ടും ആരും നൽകാതിരുന്നതിനെത്തുടർന്ന് മുത്തശ്ശി 14,000 രൂപക്ക് ആക്രിക്കടയിൽനിന്ന് എൻജിനില്ലാത്ത പഴയ മാരുതി ഒമ്നി വാൻ വാങ്ങി. പിന്നീട് സബ് ജയിലിനു സമീപത്തെ റോഡരികിൽ വാഹനം വീടാക്കിമാറ്റുകയായിരുന്നു.
കുട്ടികളുടെ സംരക്ഷണം ശിശുക്ഷേമസമിതി ഏറ്റെടുത്തു
കോട്ടയം: കൊലപാതകക്കേസിൽ പ്രതികളായ ദമ്പതികളുടെ നാലു മക്കളുടെ സംരക്ഷണം ഏറ്റെടുക്കാൻ ജില്ല ശിശുക്ഷേമസമിതി തീരുമാനിച്ചു. തിങ്കളാഴ്ച ചെയർപേഴ്സൺ കെ.യു. മേരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. സംരക്ഷണം ഏറ്റെടുത്ത മൂന്ന് ആൺകുട്ടികളെ തിരുവഞ്ചൂർ ഗവ. ചിൽഡ്രൻസ് ഹോമിലും പെൺകുട്ടിയെ തോട്ടക്കാട് ഇൻഫൻറ് ജീസസ് ഗേൾസ് ഹോമിലും താമസിപ്പിക്കും. വാടകവീട് കണ്ടെത്തുന്നതടക്കം കാര്യങ്ങൾക്ക് സമിതി മേൽനോട്ടം വഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.