മഹിള കോൺഗ്രസ് നേതാവിനും ഭർത്താവിനുമെതിരെ സി.പി.എം നേതാവ് പരാതി നൽകി
text_fieldsആലുവ: ആലുവയിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബത്തിന്റെ പണം തട്ടിയ സംഭവത്തിൽ മഹിള കോൺഗ്രസ് നേതാവിനും ഭർത്താവിനുമെതിരെ പരാതി. സി.പി.എം ഏരിയ കമ്മിറ്റി അംഗം രാജീവ് സക്കറിയയാണ് മഹിള കോൺഗ്രസ് ജില്ല സെക്രട്ടറി ഹസീന, ഭർത്താവ് മുനീർ എന്നിവർക്കെതിരെ മുഖ്യമന്ത്രി, ജില്ല കലക്ടർ, റൂറൽ എസ്.പി എന്നിവർക്ക് പരാതി നൽകിയത്.
അഞ്ചു വയസ്സുകാരിയായ ബീഹാറി ബാലികയുടെ കുടുംബത്തിന് സംസ്ഥാന സർക്കാർ നൽകിയ നഷ്ടപരിഹാരത്തുകയിൽ നിന്നും ലക്ഷകണക്കിന് രൂപ ഇവർ തട്ടിയെടുത്തതായാണ് പരാതി. സർക്കാരിൽ നിന്നും ലഭിച്ച നഷ്ടപരിഹാരത്തുക ഇവരുടെ നിർദേശ പ്രകാരം സ്വകാര്യ ബാങ്കിലാണ് നിക്ഷേപിച്ചത്. നിർധനരും ഇതരസംസ്ഥാനക്കാരുമായ കുടുബത്തിന് ലഭിച്ച ധനസഹായം കബളിപ്പിച്ച് തട്ടിയെടുത്തത് വഞ്ചനാകുറ്റമാണ്. അതിനാൽ തന്നെ പണം തട്ടിയവർക്കെതിരെ മാതൃകാപരമായ ശിക്ഷാനടപടികൾ സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.
അൻവർസാദത്ത് എം.എൽ.എയുടെ അടുത്ത ആളെന്ന് കുടുംബത്തെ വിശ്വസിപ്പിച്ചാണ് മുനീറും ഭാവ്യയും തട്ടിപ്പ് നടത്തിയത്. കുട്ടിയെ കാണാതായ വാർത്ത പുറത്തുവന്നതു മുതൽ കുട്ടിയുടെ കുടുബത്തിനെ സഹായിക്കാനായി ഇവർ ഒപ്പം കൂടിയിരുന്നു.
കുട്ടിയുടെ കുടുംബം വളരെ മോശപ്പെട്ട കെട്ടിടത്തിലാണ് താമസിച്ചിരുന്നത്. കുട്ടി കൊല്ലപ്പെട്ട ശേഷം എം.എൽ.എ മുൻകൈയ്യെടുത്ത് നല്ലൊരു വാടക വീട്ടിലേക്ക് മാറ്റി. ഈ വീടിന് വാടക മുൻകൂറായി നൽകാനാണെന്ന പേരിലാണ് ആദ്യം 20,000 രൂപ തട്ടിയെടുത്തത്. ആഗസ്റ്റ് അഞ്ച് മുതൽ പത്ത് വരെ ഇരുപതിനായിരം രൂപ വീതം അക്കൗണ്ടിൽ നിന്ന് പിൻവലിച്ചു. എന്നാൽ, വീടിൻറെ വാടക നൽകുന്നത് എം.എൽ.എയാണ്. പണംതട്ടിയെടുത്തത് നീതികരിക്കാൻ പറ്റാത്ത കാര്യമാണെന്നും പണം കുടുംബത്തിന് കൊടുത്തെന്ന് പറഞ്ഞ് മുനീർ തന്നെയും കബളിപ്പിച്ചിട്ടുണ്ടെന്നും അൻവർ സാദത്ത് എം.എൽ.എ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.