'നീതു എത്തിയത് ഡോക്ടറുടെ വേഷത്തിൽ, ആശുപത്രിയിൽ കഴിയാൻ ഭയ'മെന്ന് കുഞ്ഞിന്‍റെ മാതാപിതാക്കൾ
text_fieldsഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിൽ നിന്ന് കുഞ്ഞിനെ തട്ടിയെടുത്ത സംഭവത്തിൽ നടുക്കം മാറാതെ ദമ്പതികൾ. ആശുപത്രിയിലെ സെക്യൂരിറ്റിക്ക് മുമ്പിലൂടെയാണ് കുഞ്ഞിനെ തട്ടിക്കൊണ്ടു പോയതെന്നും ആശുപത്രിയിൽ കഴിയാൻ ഭയമാണെന്നും മാതാവ് അശ്വതി പറഞ്ഞു.
ഡോക്ടർമാർ റൗണ്ട്സിന് വരുന്ന രീതിയിലാണ് പ്രതിയായ നീതു കുഞ്ഞിന്‍റെ സമീപത്ത് എത്തിയത്. മഞ്ഞനിറം നോക്കിയിട്ടില്ലെന്നും അതിനായി കുഞ്ഞിനെ തരാനും അവർ പറഞ്ഞു. കുഞ്ഞ് കരഞ്ഞതിനാൽ പാൽ നൽകി ഉറക്കിയാണ് നീതുവിന് കൈമാറിയത്. ഡോക്ടർമാർ സംസാരിക്കുന്ന രീതിയിൽ സംസാരിച്ച നീതു, സ്റ്റെതസ്കോപ്പുമായി പത്ത് മിനിറ്റോളം കുഞ്ഞിനെ പരിശോധിച്ചെന്നും അശ്വതി പഞ്ഞു.
മഞ്ഞനിറം പരിശോധിക്കാൻ പോകുന്നത് മുകളിലത്തെ നിലയിൽ ആയതിനാൽ കുഞ്ഞുമായി നട ഇറങ്ങി ഗ്രൗണ്ട് ഫ്ലോറിലേക്ക് നീതു പോയപ്പോഴാണ് സംശയം തോന്നിയത്. പ്രതിക്ക് പുറകെ ഒാടിയെങ്കിലും അവരെ കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് കുഞ്ഞിന്‍റെ വിവരം ആശുപത്രി നഴ്സറി അധികൃതരോട് തിരക്കി. എന്നാൽ, ബന്ധുക്കളല്ലാതെ മറ്റാരും കുഞ്ഞിനെ കൊണ്ടുവരാറില്ലെന്നാണ് മറുപടി ലഭിച്ചത്.
ഉടൻ തന്നെ കുഞ്ഞിനെ കാണാതായ വിവരം സെക്യൂരിറ്റി ജീവനക്കാരനെ അറിയിക്കുകയായിരുന്നു. നീതുവിനെ ആശുപത്രിയിൽവെച്ച് കണ്ടിട്ടുണ്ട്. എന്നാൽ, ഡോക്ടർ അല്ലെന്ന് അറിഞ്ഞിരുന്നില്ല. തിരക്കേറിയ നഗരത്തിൽ കുഞ്ഞിനെ തിരികെ കിട്ടുമെന്ന് കരുതിയില്ല. ദൈവത്തിന്‍റെ അനുഗ്രഹവും പൊലീസിന്‍റെ കൃത്യമായ ഇടപെടലും കാരണമാണ് കുഞ്ഞിനെ തിരികെ കിട്ടിയതെന്നും അശ്വതി പറഞ്ഞു.
കുഞ്ഞിനെ കടത്തിക്കൊണ്ടു പോയ സംഭവത്തിൽ സുരക്ഷാവീഴ്ച ഉണ്ടായെന്ന് പിതാവ് ശ്രീജിത് പറഞ്ഞു. ഒരു ചായ കൊണ്ട് പോയാൽ പ്രവേശനത്തിന് അനുമതിപത്രം വേണമെന്ന് സെക്യൂരിറ്റിക്കാർ പറയാറുണ്ട്. പ്രസവത്തിന് ശേഷം ഒരു തവണ മാത്രമാണ് കുഞ്ഞിനെ കണ്ടത്. മനുഷ്യാവകാശ കമീഷനിൽ അടക്കം പരാതിയുടെ മുന്നോട്ടു പോകുമെന്ന് ശ്രീജിത് അറിയിച്ചു.
വ്യാഴാഴ്ച വൈകീട്ട് മൂന്നരയോടെയാണ് ഡോക്ടർ ചമഞ്ഞെത്തിയ യുവതി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി ഗൈനകോളജി വാർഡിൽ നിന്ന് കുമളി വണ്ടിപ്പെരിയാർ വലിയതറയിൽ ശ്രീജിത്-അശ്വതി ദമ്പതികളുടെ രണ്ടു ദിവസം പ്രായമായ പെൺകുഞ്ഞിനെ തട്ടിയെടുത്തത്. ഒരുമണിക്കൂറിനകം കുഞ്ഞിനെയും ഇവരെയും ആശുപത്രിക്ക് സമീപത്തെ ബാർ ഹോട്ടലിൽ നിന്ന് പൊലീസ് കണ്ടെത്തി.
കളമശ്ശേരിയിൽ താമസിക്കുന്ന തിരുവല്ല സ്വദേശിനി നീതുവാണ് (30) കുഞ്ഞിനെ കടത്താൻ ശ്രമിച്ചത്. പൊലീസ് കസ്റ്റഡിയിലായ നീതുവിനെ വിശദമായി ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി. സംഭവത്തിൽ കളമശേരി സ്വദേശി ഇബ്രാഹിം ബാദുഷ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുഞ്ഞിനെ തട്ടിയെടുക്കാൻ പ്രതി നീതുവിനെ സഹായിച്ചത് ബാദുഷയാണെന്ന് പൊലീസ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.