കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നുകളഞ്ഞ മാതാപിതാക്കൾ കസ്റ്റഡിയിൽ
text_fieldsകൊച്ചി: ജനിച്ച് ദിവസങ്ങൾ മാത്രമായ കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നുകളഞ്ഞ ഝാർഖണ്ഡ് സ്വദേശികളായ മാതാപിതാക്കളെ എറണാകുളം നോർത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു. ദമ്പതികൾ എത്തുന്നുവെന്നറിഞ്ഞ് പൊലീസ് സംഘം ഇവരെ നിരീക്ഷണത്തിലാക്കിയിരുന്നു. അവർ എറണാകുളം ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ എത്തിയതോടെ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. ഇവർക്കെതിരെ ഭാരതീയ ന്യായസംഹിത, ജുവനൈൽ ജസ്റ്റിസ് ആക്ട് എന്നിവയിലെ കുട്ടികളെ ഉപേക്ഷിക്കുന്നതുമായി ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം കേസുണ്ട്.
അതേസമയം കുഞ്ഞിനെ വിട്ടുനൽകണമെന്ന ആവശ്യവുമായിട്ടാണ് ദമ്പതികൾ തിരിച്ചെത്തിയത്. പ്രസവത്തെത്തുടർന്ന് സ്വകാര്യ ആശുപത്രിയിലെ എൻ.ഐ.സി.യുവിൽ കുഞ്ഞിനെ പ്രവേശിപ്പിച്ചു. ഇവിടത്തെ ബില്ലടക്കാനോ ഭക്ഷണം കഴിക്കാനോപോലും പണമില്ലാത്ത സാഹചര്യമായിരുന്നു തങ്ങൾക്കെന്ന് അവർ മാധ്യമങ്ങളോട് പ്രതികരിച്ചു. അതിനാലാണ് കുഞ്ഞിനെ ഉപേക്ഷിച്ച് പോകേണ്ടിവന്നത്. ഇവരെ വൈദ്യപരിശോധനക്ക് വിധേയരാക്കി പൊലീസ് കസ്റ്റഡിയിലേക്ക് മാറ്റി. സംഭവത്തിൽ വിശദ അന്വേഷണവും പരിശോധനയും നടത്തിയ ശേഷമായിരിക്കും തുടർനടപടികൾ.
നിലവിൽ ശിശുക്ഷേമ സമിതിയുടെ പരിചരണത്തിലാണ് കുഞ്ഞ്. കുഞ്ഞിന്റെ സുരക്ഷിതത്വത്തിന് പ്രാധാന്യം നൽകിയുള്ള നടപടികളായിരിക്കും സ്വീകരിക്കുകയെന്ന് അധികൃതർ വ്യക്തമാക്കി. കോട്ടയത്തെ മീൻ ഫാമില്‍ ജോലി ചെയ്തുവരുകയായിരുന്നു ഝാർഖണ്ഡ് സ്വദേശികളായ ദമ്പതികള്‍. നാട്ടിലേക്ക് പ്രസവത്തിന് പോകുന്നതിനിടെ ട്രെയിനിലാണ് യുവതിക്ക് അസ്വസ്ഥതയുണ്ടായത്. തൊട്ടടുത്തുള്ള ആശുപത്രിയിലെത്തിക്കുകയും പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയുമായിരുന്നു. 950 ഗ്രാം മാത്രം ഭാരമുള്ളതിനാല്‍ വിദഗ്ധചികിത്സക്ക് കുഞ്ഞിനെ സ്വകാര്യ ആശുപത്രി എൻ.ഐ.സി.യുവിലേക്ക് മാറ്റി. പിന്നീട് അച്ഛനെയും അമ്മയെയും കാണാതാവുകയായിരുന്നു.
വാര്‍ത്ത ശ്രദ്ധയിൽപെട്ട് മന്ത്രി വീണ ജോര്‍ജ് കുഞ്ഞിന്റെ സംരക്ഷണവും ചികിത്സയും ഏറ്റെടുക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് വിദഗ്ധ പരിചരണം ഉറപ്പാക്കി. 37 ആഴ്ച പ്രായവും രണ്ടരക്കിലോ തൂക്കവുമായി പൂര്‍ണ ആരോഗ്യവതിയായതോടെ കുഞ്ഞിനെ ശിശുക്ഷേമ സമിതിക്ക് കൈമാറി. ആരോഗ്യമന്ത്രി വീണ ജോർജ് കുഞ്ഞിന് നിധിയെന്ന് പേരിടുകയും ചെയ്തിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.