പരിയാരം മെഡിക്കൽ കോളജിൽ ചികിത്സാനിരക്ക് കുറച്ചു
text_fieldsപയ്യന്നൂർ: പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലെ ചികിത്സാനിരക്ക് കുറച്ചു. സ്പെഷാലിറ്റി ഒ.പി ഉൾപ്പെടെ ഒ.പി സേവനം സൗജന്യമാക്കി. ജനറൽ വാർഡുകളിൽ ചികിത്സ തേടുന്ന രോഗികളുടെ ബെഡ് ചാർജ് ഒഴിവാക്കി. പ്രൊസീജർ ചാർജുകളിൽ 50 ശതമാനവും ലാബ് ചാർജുകളിൽ 20 ശതമാനവും ഇളവ് ലഭിക്കും.
മരുന്നുകൾക്ക് പരമാവധി 50 ശതമാനംവരെ ഇളവ് ലഭിക്കും. സ്വാതന്ത്ര്യസമര സേനാനികൾക്കും ആശ്രിതർക്കും ഇപ്പോൾ നൽകിവരുന്ന ഇളവ് തുടരാനും നിശ്ചയിച്ചിട്ടുണ്ട്. തീരുമാനം അന്താരാഷ്ട്ര യോഗദിനമായ ജൂൺ 21 മുതൽ നടപ്പിൽവരുത്തിയതായും മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. കെ. സുധാകരൻ അറിയിച്ചു.
വിവിധ ആശുപത്രികളുമായി താരതമ്യംചെയ്യുമ്പോൾ കുറഞ്ഞനിരക്കാണ് പരിയാരത്തുണ്ടായിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. മഴക്കാലം മുൻനിർത്തി ഈ നിരക്കിലും കുറവുവരുത്തി രോഗികൾക്ക് ആശ്വാസം നൽകാൻ തീരുമാനിക്കുകയായിരുന്നു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ചികിത്സാനിരക്കിലെ ഇളവ് തുടരും.
അതേസമയം, വിവിധ ചികിത്സാപദ്ധതികൾ പ്രകാരം പ്രവേശിപ്പിക്കപ്പെടുന്ന രോഗികൾക്ക് ഈ ആനുകൂല്യം ലഭ്യമാവില്ല.
മെഡിക്കൽ കോളജ് ആശുപത്രിയിൽ മഴക്കാല രോഗപ്രതിരോധ സെൽ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. മെഡിക്കൽ സൂപ്രണ്ട് അധ്യക്ഷനായ സെല്ലിൽമുഴുവൻ വിഭാഗങ്ങളിൽനിന്നുമുള്ള ഡോക്ടർമാർ അംഗങ്ങളായിരിക്കും. െഡങ്കിപ്പനി ഉൾപ്പെടെ മഴക്കാലരോഗങ്ങളും പകർച്ചവ്യാധികളും പടരുന്ന സാഹചര്യത്തിൽ ആശുപത്രിയിലെത്തുന്ന രോഗികൾക്ക് പ്രത്യേക ചികിത്സ ഉറപ്പുവരുത്തുകയാണ് ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.