കരിപ്പൂർ വിമാനത്താവളത്തിലെ പാർക്കിങ് സമയപരിധി ആറു മിനിട്ടായി ഉയർത്തും -അബ്ദുസമദ് സമദാനി
text_fieldsകോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിലെ പാർക്കിങ് സമയപരിധി ആറു മിനിട്ടായി ഉയർത്തുമെന്ന് എം.പി അബ്ദുസമദ് സമദാനി എം.പി. സമയപരിധി ഉയർത്തുന്ന തീരുമാനം ഇന്നുതന്നെ എടുക്കുമെന്നാണ് എയർപോർട്ട് ഡയറക്ടറിൽ നിന്ന് മനസിലാക്കാൻ കഴിഞ്ഞിത്. സമയപരിധി പത്ത് മിനിട്ടായി ഉയർത്തണമെന്ന ആവശ്യം ആവർത്തിക്കുമെന്നും സമദാനി വ്യക്തമാക്കി.
വിമാനത്താവളങ്ങളിലെ പാർക്കിങ് സമയം സംബന്ധമായി എയർപോർട്ട് അഥോറിറ്റിയുടെ പുതിയ നിർദേശത്തെ തുടർന്ന് കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാർക്ക് ഉണ്ടായ പ്രയാസങ്ങളെക്കുറിച്ച് ജനപ്രതിനിധികളും രാഷ്ടീയ, സാമൂഹിക സംഘടനകളും കടുത്ത അതൃപ്തിയും പ്രതിഷേധവും ദിവസങ്ങളായി പ്രകടിപ്പിച്ചു വരികയാണ്. മൂന്നു മിനിട്ട് സമയപരിധി യാത്രക്കാർക്കും പൊതുജനങ്ങൾക്കും വലിയ ബുദ്ധിമുട്ടാണ് വരുത്തിവെച്ചിരിക്കുന്നത്. അത് പരിഹരിച്ച് സമയപരിധി ഉയർത്തണമെന്ന ആവശ്യം ജനപ്രതിനിധി എന്ന നിലയിലും എയർപോർട്ട് ഉപദേശക സമിതി ചെയർമാൻ എന്ന നിലയിലും ശക്തമായി ഉന്നയിച്ചു പോന്നിട്ടുണ്ട്. എയർപോർട്ട് ഡയറക്ടറുമായി ഈ വിഷയത്തിൽ നിരന്തരമായി ബന്ധപ്പെട്ടു വരികയുമാണ്.
സമയപരിധി പത്ത് മിനിട്ടായി ഉയർത്തണമെന്ന ആവശ്യം ആവർത്തിക്കുന്നു. പുതിയ സമയപരിധി നടപ്പാക്കുന്നതിനെ തുടർന്നുള്ള സാഹചര്യവും സുരക്ഷ അടക്കമുളള വിഷയങ്ങൾ പരിഗണിച്ചും വേണ്ടി വന്നാൽ ആലോചിക്കാമെന്നും ഡയറക്ടർ പറഞ്ഞിട്ടുണ്ട്. സമയപരിധി ഉയർത്തിക്കൊണ്ടുള്ള തീരുമാനം നാളെ കാലത്ത് മുതൽ പ്രാവർത്തികമാക്കാവുന്ന രീതിയിൽ ഇന്ന് സ്വീകരിക്കുമെന്നാണ് ഡയറക്ടർ അറിയിച്ചിരിക്കുന്നത്.
വിമാനത്താവളങ്ങളിൽ ആർ.ടി.പി.സി.ആർ ടെസ്റ്റിന്‍റെ പേരിൽ നടക്കുന്ന ചൂഷണം അവസാനിപ്പിക്കണമെന്ന ആവശ്യം പാർലമെന്‍റ് അംഗങ്ങളടക്കമുള്ള ജനപ്രതിനിധികൾ നേരത്തെത്തന്നെ ഉന്നയിച്ചതാണ്. പക്ഷെ, യു.എ.ഇയിലേക്കുള്ള യാത്രക്കാരുടെ കാര്യത്തിൽ വൻസംഖ്യ ഫീസ് ഈടാക്കിക്കൊണ്ട് പ്രവാസികൾക്ക് ദുരിതം പകരുന്ന നടപടി തുടരുന്നതിൽ പ്രതിഷേധിക്കുന്നു. കഴിഞ്ഞ പാർലമെന്‍റ് സമ്മേളനകാലത്ത് മറ്റ് എം.പിമാർക്കൊപ്പം കേന്ദ്രമന്ത്രിയുടെ ശ്രദ്ധയിൽ ഇക്കാര്യം കൊണ്ടു വന്നിരുന്നു.
വരുന്ന പാർലമെന്‍റ് സമ്മേളനത്തിലും ഇക്കാര്യത്തിലുള്ള ശക്തമായ എതിർപ്പ് മറ്റംഗങ്ങൾക്കൊപ്പം ബന്ധപ്പെട്ടവരെ അറിയിക്കും. യു.എ.ഇ സർക്കാറുമായി ബന്ധപ്പെട്ട് ആർ.ടി.പി.സി.ആർ ടെസ്റ്റ് തന്നെ വേണ്ടെന്നുവെക്കാനും പിൻവലിക്കാനും മാറിയ സാഹചര്യത്തിൽ കേന്ദ്ര സർക്കാർ നടപടി എടുക്കണമെന്ന് ആവശ്യപ്പെടുന്നതായും അബ്ദുസമദ് സമദാനി വാർത്താകുറിപ്പിലൂടെ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.