തെരഞ്ഞെടുപ്പ് ആവേശം വാനോളമുയർത്താൻ പാരഡി ഗാനങ്ങൾ
text_fieldsതൊടുപുഴ: ചുമരെഴുത്ത്, പോസ്റ്റർ പ്രചാരണം, പിന്നെ പാരഡി ഗാനങ്ങൾ ഇവ മൂന്നും തെരഞ്ഞെടുപ്പിലെ മുഖ്യകോമ്പോയാണ്. ഇതിൽ തെരഞ്ഞെടുപ്പിെൻറ ആവേശം നഗര-ഗ്രാമ വ്യത്യാസമില്ലാതെ വാനോളം ഉയർത്താനുള്ള പാരഡി ഗാനങ്ങളുടെ പണിപ്പുരയിലാണ് വണ്ണപ്പുറം സ്വദേശികളും സുഹൃത്തുക്കളുമായ നജീബും കരീമും.
സ്ഥാനാർഥി നിർണയം പൂർത്തിയായിട്ടില്ലെങ്കിലും പാർട്ടി ഭേദമന്യേ പാരഡി ഗാനങ്ങൾക്കായി നജീബിെൻറ വണ്ണപ്പുറത്തെ ഫോണോ സ്റ്റുഡിയോ തേടി പാർട്ടി പ്രവർത്തകർ എത്തുന്നുണ്ട്. നജീബിെൻറ സുഹൃത്ത് കരീമാണ് പാരഡിഗാനങ്ങൾ എഴുതുന്നത്.
പഴയകാല ഹിറ്റ് ഗാനങ്ങൾ മുതൽ ന്യൂ ജനറേഷൻ പാട്ടുകൾവരെ വോട്ടർമാരുടെ മനസ്സിളക്കാൻ പാരഡിയായി പുനർജനിപ്പിക്കുന്നതിനുള്ള ഒരുക്കത്തിലാണ് ഇവർ. ഭരണ നേട്ടങ്ങൾ ചൂണ്ടിക്കാട്ടി ഭരണപക്ഷം പാട്ടുകൾ ഇറക്കുമ്പോൾ, ഭരണത്തിലെ കോട്ടങ്ങൾ തുറന്നുകാട്ടിയാണ് പ്രതിപക്ഷം പാരഡി ഇറക്കുന്നത്.
സ്ഥാനാർഥിയുടെ പേര്, ചിഹ്നം, വാർഡ് എന്നിവ കിട്ടുന്നതോടെ തിരക്ക് കൂടുമെന്ന് കരീം പറഞ്ഞു. നിലവിൽ ഒരു സ്വതന്ത്ര സ്ഥാനാർഥിക്കായി ഗാനം എഴുതി നൽകിക്കഴിഞ്ഞു.
കോവിഡ് വ്യാപനത്തെ തുടർന്നുണ്ടായ പ്രതിസന്ധി നിലനിൽക്കുേമ്പാഴാണ് തെരഞ്ഞെടുപ്പ് എത്തുന്നത്. അതുകൊണ്ടുതന്നെ പാട്ടുകളിൽനിന്ന് കോവിഡിനെയും ഒഴിവാക്കിയിട്ടില്ല. കോഴിക്കോട്, മുവാറ്റുപുഴ, അടിമാലി എന്നിവിടങ്ങളിൽ നിന്നൊക്കെ പലരും പാട്ട് വേണമെന്ന ആവശ്യമായി എത്തിയിട്ടുണ്ടെന്നും ഇദ്ദേഹം പറഞ്ഞു. സിനിമയിലും ഒട്ടേറെ ആൽബങ്ങളിലും കരീം പാട്ടുകളെഴുതിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.