പോപുലർ ഫ്രണ്ട് മുൻ സംസ്ഥാന പ്രസിഡൻറ് സി.പി. മുഹമ്മദ് ബഷീറിന് പരോൾ
text_fieldsമലപ്പുറം: പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ മുൻ സംസ്ഥാന പ്രസിഡൻറ് സി.പി. മുഹമ്മദ് ബഷീറിന് മകന്റെ വിവാഹത്തിൽ പങ്കെടുക്കാൻ പരോൾ. ഡൽഹി എൻ.ഐ.എ പ്രത്യേക കോടതിയാണ് നാലു ദിവസത്തെ പരോൾ നൽകിയത്.
ഇന്ന് വൈകീട്ട് മൂന്നിനും അഞ്ചിനും ഇടയിൽ മലപ്പുറം തലക്കാട് തൃപ്പങ്ങോട്ട് ഓഡിറ്റോറിയത്തിലാണ് നികാഹ്. നികാഹിലും വീട്ടിലെ വിവാഹ ചടങ്ങുകളിലും പങ്കെടുക്കാൻ ഒരു ദിവസം ആറു മണിക്കൂർ വീതമാണ് അനുവദിച്ചത്. ബാക്കി സമയം തവനൂർ ജയിലിൽ പാർപ്പിക്കും. കടുത്ത ഉപാധികളോടെയാണ് കോടതി പരോൾ നൽകിയത്. ഇന്നലെ നാട്ടിലെത്തിയ സി.പി. മുഹമ്മദ് ബഷീറിനെ രാത്രി ജയിലിലേക്ക് മാറ്റി.
2022ൽ പോപുലർ ഫ്രണ്ടിനെ നിരോധിക്കുന്നതിന് മുന്നോടിയായാണ് അന്നത്തെ സംസ്ഥാന പ്രസിഡൻറ് സി.പി. മുഹമ്മദ് ബഷീർ അടക്കമുള്ള നിരവധി നേതാക്കളെ എൻ.ഐ.എ അറസ്റ്റ് ചെയ്ത് തിഹാര്‍ ജയിലിലടച്ചത്. കേരളം, മഹാരാഷ്ട്ര, കർണാടക, തമിഴ്‌നാട്, അസം, ഉത്തർപ്രദേശ്, ആന്ധ്രാപ്രദേശ്, മധ്യപ്രദേശ്, പുതുച്ചേരി, ഡൽഹി, രാജസ്ഥാൻ എന്നീ 11 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഒരേ സമയം റെയ്ഡ് നടത്തിയായിരുന്നു അറസ്റ്റ്. ഇതിനുപിന്നാലെ 2022 സെപ്റ്റംബർ 28ന് യു.എ.പി.എ നിയമ പ്രകാരം പി.എഫ്.ഐയെയും അനുബന്ധ സംഘടനകളെയും അഞ്ച് വർഷത്തേക്ക് കേന്ദ്രസർക്കാർ നിരോധിച്ചു. തീവ്രവാദ വിരുദ്ധ നിയമം, നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം (യുഎപിഎ) എന്നിവ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.