തലയോട്ടിയുടെ ഒരുഭാഗം ആശുപത്രി ഫ്രീസറിൽ; പണമില്ലാത്തതിനാൽ ശസ്ത്രക്രിയ നിഷേധിക്കുന്നെന്ന്
text_fieldsകോട്ടയം: ശസ്ത്രക്രിയക്ക് നീക്കിയ യുവാവിെൻറ തലയോട്ടിയുടെ ഒരുഭാഗം നാലുമാസമായി ആശുപത്രി ഫ്രീസറിൽ. പണമില്ലാത്തതിനാൽ തലയോട്ടിയുടെ ഭാഗം പുനഃസ്ഥാപിക്കാൻ ആശുപത്രി തയാറാകുന്നില്ലെന്ന് ആക്ഷേപം. ഏറ്റുമാനൂർ പട്ടിത്താനം പ്രണവം വീട്ടിൽ കൃഷ്ണൻകുട്ടി നായരുെട മകൻ ബിനു കെ. നായരാണ് (42) ദുരവസ്ഥയുടെ ഇര. ഒന്നരലക്ഷം രൂപ നൽകിയാലേ ശസ്ത്രക്രിയയിലൂടെ തലയോട്ടിയുടെ ഭാഗം പുനഃസ്ഥാപിക്കൂവെന്നാണ് ആശുപത്രി അധികൃതർ പറയുന്നതെന്ന് ബിനുവിെൻറ ഭാര്യ സൗമ്യ വാർത്തസമ്മേളനത്തിൽ ആരോപിച്ചു.
ഏറ്റുമാനൂരിലെ സ്വകാര്യ റബർ കമ്പനി ജീവനക്കാരനായിരുന്ന ബിനു കെ. നായരെ നെഞ്ചുവേദനയെത്തുടർന്ന് കഴിഞ്ഞവർഷം ഒക്ടോബർ 29നാണ് ഭാരത് ആശുപത്രിയിൽ എത്തിച്ചത്. അന്നുതന്നെ ആൻജിയോപ്ലാസ്റ്റി നടത്തി. കടുത്ത തലവേദനയെത്തുടർന്ന് 31ന് ഓർമ നഷ്ടപ്പെട്ടതോടെ സി.ടി സ്കാൻ ചെയ്തു.
തലച്ചോറിൽ രക്തസ്രാവം കണ്ടെത്തിയതിനെത്തുടർന്ന് അടിയന്തരമായി തലയോട്ടി തുറന്ന് ശസ്ത്രക്രിയ നടത്തി. തലയിൽ നീരുവന്നതിനാൽ തലയോട്ടിയുടെ ഒരുഭാഗം ആശുപത്രിയിലെ ഫ്രീസറിൽവെച്ചു. നീരുമാറിയ ശേഷമേ തിരിച്ചുവെക്കാനാവൂ എന്നാണ് പറഞ്ഞിരുന്നത്. 23 ദിവത്തിന് ശേഷം ഡിസ്ചാർജ് ചെയ്തു.
എന്നാൽ, നിരവധി തവണ ആവശ്യപ്പെട്ടിട്ടും സർജറി നടത്തി തലയോട്ടിയുടെ ഭാഗങ്ങൾ പുനഃസ്ഥാപിക്കാൻ ആശുപത്രി അധികൃതർ തയാറാകുന്നില്ല. ചികിത്സ നൽകിയ ഡോക്ടർ ശസ്ത്രക്രിയക്ക് തയാറാണെങ്കിലും പണം നൽകിയാൽ മാത്രമേ സർജറി നടത്താനാവൂ എന്നാണ് ആശുപത്രി അധികൃതരുടെ നിലപാട്. ഇ.എസ്.ഐ സൗജന്യ ചികിത്സ അനുവദിച്ചിട്ടുള്ള ആശുപത്രിയായതിനാൽ ഫെബ്രുവരിയിൽ ഇ.എസ്.ഐ റീജനൽ ഡയറക്ടർക്ക് പരാതി നൽകി.
തുടർന്ന് പ്രത്യേക കേസായി പരിഗണിച്ച് ചികിത്സ നൽകാൻ സംസ്ഥാന മെഡിക്കൽ ഓഫിസർ വടവാതൂർ ഇ.എസ്.ഐ സൂപ്രണ്ടിന് നിർദേശം കൊടുത്തു. എന്നാൽ, സൂപ്രണ്ടും ജില്ല ലേബർ ഓഫിസറും ഇടപെട്ടിട്ടും ആരോഗ്യമന്ത്രിക്ക് പരാതി നൽകിയിട്ടും കാര്യങ്ങൾക്ക് മാറ്റമുണ്ടായില്ല. കോവിഡ് സാഹചര്യത്തിൽ അണുബാധയുടെ ഭീതിയുള്ളതിനാൽ മറ്റൊരു ആശുപത്രിയെ സമീപിക്കാനും ഇവർക്ക് ധൈര്യമില്ല. ഗ്ലൗസ് നിർമിക്കുന്ന ഫാക്ടറിയിലെ ജീവനക്കാരിയായിരുന്ന സൗമ്യ ഭർത്താവിനെ ഒറ്റക്കാക്കി പോകാൻ കഴിയാത്തതിനാൽ ജോലി ഒഴിവാക്കി. 10, ഏഴ്, രണ്ട് ക്ലാസുകളിൽ പഠിക്കുന്ന മൂന്ന് മക്കളാണിവർക്ക്. .
ഭാരതിൽ ഓപറേഷൻ നടത്താനാകില്ലെന്ന് ആശുപത്രി അധികൃതർ കോട്ടയം: യുവാവിെൻറ ശസ്ത്രക്രിയക്ക് പണമാവശ്യപ്പെട്ടെന്ന ആക്ഷേപം അടിസ്ഥാന രഹിതമാണെന്ന് ഭാരത് ആശുപത്രി എം.ഡി ഡോ. വിനോദ്. തലയോട്ടിയുടെ ഭാഗം മുറിച്ചുമാറ്റുന്നത് അപൂർവ ശസ്ത്രക്രിയ അല്ല. ചിലർക്ക് അത് തിരിച്ചുവെക്കാറുണ്ട്. രോഗിയുടെ ശാരീരികാവസ്ഥ വിലയിരുത്തിയാണ് അത് ചെയ്യുന്നത്.
അവരോട് ആശുപത്രിയിൽ ചികിത്സ നടത്താനാകില്ലെന്ന് പറഞ്ഞിരുന്നു. ഇ.എസ്.ഐ പരിധിയിലുള്ള മറ്റേതെങ്കിലും ആശുപത്രിയിൽ ചികിത്സ നടത്താം. ആൻജിയോപ്ലാസ്റ്റി കഴിഞ്ഞയാൾക്ക് രണ്ടാമതൊരു ശസ്ത്രക്രിയ നടത്തുന്നത് അപകടമാണ്.
ന്യൂറോ സർജറി ഇ.എസ്.ഐ പരിധിയിയിലുൾപ്പെടുന്നുമില്ല. കാർഡിയാക് പേഷ്യൻറ് ആയിട്ടാണ് രോഗിയെ ആശുപത്രിയിൽ എത്തിച്ചത്. ചികിത്സയിലിരിക്കെ തലച്ചോറിൽ രക്തസ്രാവം കണ്ടതിനെത്തുടർന്ന് മറ്റ് ആശുപത്രിയിലേക്ക് പറഞ്ഞുവിടാതെ അടിയന്തരമായി ശസ്ത്രക്രിയ നടത്തിയത് മാനുഷിക പരിഗണന വെച്ചാെണന്നും ഡോ. വിനോദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.