ആശുപത്രി ഫ്രീസറിൽ സൂക്ഷിച്ച തലയോട്ടിയുടെ ഭാഗം വിട്ടുനൽകി; മറ്റൊരു ആശുപത്രിയിൽ ശസ്ത്രക്രിയ ഉടൻ
text_fieldsകോട്ടയം: നാലുമാസമായി സ്വകാര്യ ആശുപത്രിയിലെ ഫ്രീസറിൽ സൂക്ഷിച്ച തലയോട്ടിയുടെ ഭാഗം ആശുപത്രി അധികൃതർ യുവാവിെൻറ ഭാര്യക്ക് വിട്ടുനൽകി.
ഏറ്റുമാനൂർ പട്ടിത്താനം പ്രണവം വീട്ടിൽ കൃഷ്ണൻകുട്ടി നായരുെട മകൻ ബിനു കെ. നായരുടെ (42) ശസ്ത്രക്രിയക്ക് നീക്കിയ തലയോട്ടിയുടെ ഭാഗമാണ് ഭാര്യ സൗമ്യ കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തി കണ്ണീരോടെ ഏറ്റുവാങ്ങിയത്.
തലയോട്ടിയുടെ ഭാഗം പുനഃസ്ഥാപിക്കുന്നതിനുള്ള ശസ്ത്രക്രിയ ഇ.എസ്.ഐ പരിധിയിലുള്ള കാരിത്താസ് ആശുപത്രിയിൽ അടുത്തദിവസം നടക്കും. ഇ.എസ്.ഐ അധികൃതരുടെ ഇടപെടലിനെത്തുടർന്നാണ് കുടുംബത്തിന് ആശ്വാസമേകുന്ന നടപടി.
കോട്ടയത്തെ ഭാരത് ആശുപത്രിയിൽ ഹൃദയാഘാതവുമായാണ് ബിനുവിനെ കൊണ്ടുവന്നത്. തുടർന്ന് തലച്ചോറിൽ രക്തസ്രാവം കണ്ടതിനെത്തുടർന്ന് അടിയന്തരമായി തലയോട്ടി തുറന്ന് ശസ്ത്രക്രിയ നടത്തി. തലയിൽ നീരുവന്നതിനെത്തുടർന്ന് തലയോട്ടിയുടെ ഒരു ഭാഗം ആശുപത്രിയിലെ ഫ്രീസറിൽ വെച്ചു. നീരു മാറിയശേഷം സർജറി നടത്തി തിരിച്ചുവെക്കാം എന്നാണ് പറഞ്ഞിരുന്നത്.
23 ദിവസം ഐ.സി.യുവിൽ അടക്കം കിടന്നശേഷം ഡിസ്ചാർജ് ചെയ്തു. എന്നാൽ, നിരവധി തവണ ആവശ്യപ്പെട്ടിട്ടും വീണ്ടും സർജറി നടത്തി തലയോട്ടിയുടെ ഭാഗങ്ങൾ പുനഃസ്ഥാപിക്കാൻ ആശുപത്രി അധികൃതർ തയാറായില്ല. ഒന്നരലക്ഷം രൂപ ആവശ്യപ്പെട്ടാണ് സർജറി നടത്താത്തത് എന്നാണ് വീട്ടുകാരുടെ ആരോപണം.
എന്നാൽ, പണം ആവശ്യപ്പെട്ടിട്ടില്ലെന്നും ആൻജിയോപ്ലാസ്റ്റി കഴിഞ്ഞയാൾക്ക് രണ്ടാമതൊരു ശസ്ത്രക്രിയ നടത്തുന്നത് അപകടമാണെന്നും ഇ.എസ്.ഐ പരിധിയിലുള്ള മറ്റേതെങ്കിലും ആശുപത്രിയിലേക്ക് കൊണ്ടുപോകാനുമായിരുന്നു ആശുപത്രി അധികൃതരുടെ പ്രതികരണം.
തുടർന്ന്, സൗമ്യ പ്രധാനമന്ത്രിക്ക് പരാതി നൽകിയതിനെത്തുടർന്ന് ഇ.എസ്.ഐ ഹെഡ്ക്വാർട്ടേഴ്സിൽനിന്ന് ഇടപെട്ടെങ്കിലും ആശുപത്രി അധികൃതർ നിലപാടിൽ ഉറച്ചുനിന്നു.
ഇതോടെ ഇ.എസ്.ഐ പരിധിയിലുള്ള കാരിത്താസിലേക്ക് കൊണ്ടുപോകാൻ നിർദേശിക്കുകയായിരുന്നു. കാരിത്താസിലെ ന്യൂറോ സർജെൻറ കത്തുമായി വ്യാഴാഴ്ച ഭാരത് ആശുപത്രിയിലെത്തിയ സൗമ്യക്ക് ജീവനക്കാരനാണ് തലയോട്ടിയടങ്ങിയ കവർ കൈമാറിയത്.
തലയോട്ടിയുടെ ഭാഗം പുനഃസ്ഥാപിക്കാത്തതിനാൽ പുറത്തിറങ്ങാനോ ജോലിക്ക് പോകാനോ കഴിയാത്തവിധം ദുരിതത്തിലായിരുന്നു ബിനു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.