അകത്ത് ജീവനക്കാർ; താലൂക്ക് ലൈബ്രറി കൗൺസിൽ കെട്ടിട ഭാഗം പൊളിച്ചു
text_fieldsചാലക്കുടി: ചാലക്കുടി താലൂക്ക് ലൈബ്രറി കൗൺസിൽ ഓഫിസ് പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ ഭാഗം ജീവനക്കാരും മറ്റും ഉള്ളിലിരിക്കെ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് തകർത്ത് ബ്ലോക്ക് പഞ്ചായത്ത്. ശനിയാഴ്ച രാവിലെയാണ് ബ്ലോക്ക് അധികൃതരുടെ നിർദേശപ്രകാരം കരാറുകാരൻ കെട്ടിടത്തിന്റെ ഭാഗം പൊളിച്ചത്.
ലൈബ്രറി നിലനിൽക്കുന്ന ഭാഗമാണ് പുസ്തകങ്ങൾ നീക്കം ചെയ്ത് പൊളിച്ചത്. ശബ്ദം കേട്ട് ഭയന്ന ജീവനക്കാരിയും മറ്റുള്ളവരും ഭയന്ന് പുറത്തേക്ക് ഓടുകയായിരുന്നു. വിവരമറിയിച്ചതിനെ തുടർന്ന് ലൈബ്രറി കൗൺസിൽ പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് കരാറുകാരൻ യന്ത്രവുമായി പിൻവാങ്ങിയത്. തുടർന്ന് സംഘർഷാവസ്ഥയുണ്ടായി. കെട്ടിടം പൊളിക്കാൻ പാടില്ലെന്നും പകരം സംവിധാനം ഏർപ്പെടുത്താതെയുള്ള കുടിയിറക്കൽ നിർത്തിവെക്കണമെന്നും അവർ ആവശ്യപ്പെട്ടു.
കുറച്ച് നാളുകളായി താലൂക്ക് ലൈബ്രറി കൗൺസിൽ കുടിയിറക്കൽ ഭീഷണിയിലായിരുന്നു. ഓഫിസിലേക്കുള്ള വെള്ളവും വൈദ്യുതിയും മുന്നറിയിപ്പില്ലാതെ ബ്ലോക്ക് പഞ്ചായത്ത് കഴിഞ്ഞ ദിവസം വിച്ഛേദിച്ചിരുന്നു. എം.എൽ.എ ഫണ്ട് ഉപയോഗപ്പെടുത്തി പുതിയ കെട്ടിടം നിർമിക്കാനാണ് പഴയ കെട്ടിടം പൊളിക്കുന്നത്. ഈ സാഹചര്യത്തിൽ ലൈബ്രറി കൗൺസിൽ ഓഫിസ് മറ്റൊരു സ്ഥലത്ത് മാറ്റി സ്ഥാപിക്കാൻ വഴി കാണാതെ വിഷമത്തിലാണ് ഗ്രന്ഥശാല അധികൃതർ. 2016 മുതൽ ഗ്രന്ഥശാല സംഘത്തിന്റെ ഓഫിസും ലൈബ്രറിയും ഈ കെട്ടിടത്തിൽ പ്രവർത്തിച്ചു വരികയായിരുന്നു. ചാലക്കുടി താലൂക്കിലെ 74 ലൈബ്രറികളുടെ ഗ്രാൻറടക്കമുള്ള ദൈനംദിന കാര്യങ്ങൾ നിർവഹിക്കുന്നത് ഈ ഓഫിസിൽ നിന്നാണ്. ഒരു ജീവനക്കാരിയും പ്രസിഡൻറും സെക്രട്ടറിയുമാണ് ഇവിടെ ഉള്ളത്. നേരത്തെ ഇതു സംബന്ധിച്ച കരാർ ലംഘിച്ചുകൊണ്ടാണ് ചാലക്കുടി ബ്ലോക്ക് പഞ്ചായത്തിന്റെ തികച്ചും അപ്രതീക്ഷിതമായ നടപടിയെന്ന് അവർ പരാതിപ്പെട്ടു.
ലൈബ്രറി കൗൺസിൽ ഭാരവാഹികളും പ്രവർത്തകരും ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വേണു കണ്ഠരുമടത്തിലുമായി ചർച്ച നടത്തി. വായനയെ സ്നേഹിക്കുന്ന മുഴുവൻ മനുഷ്യസ്നേഹികളും ബ്ലോക്ക് പഞ്ചായത്തിന്റെ നടപടികൾക്കെതിരെ ഒന്നിക്കണമെന്നും ലൈബ്രറി കൗൺസിൽ ആവശ്യപ്പെട്ടു. സി.പി.എം ഏരിയ കമ്മിറ്റി സെക്രട്ടറി കെ.എസ്. അശോകൻ, ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഐ. ബാലഗോപാൽ, താലൂക്ക് സെക്രട്ടറി സി.ഡി. പോൾസൺ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.