ഓൺലൈനിൽ പാർട്ട് ടൈം ജോലി; 66.72 ലക്ഷം ആവിയായി
text_fieldsകണ്ണൂർ: കൈ നനയാതെ ഓൺലൈനിൽ പാർട്ട് ടൈം ജോലി ചെയ്ത് ലക്ഷങ്ങൾ സമ്പാദിക്കാൻ ഇറങ്ങിതിരിച്ചവർക്ക് ലക്ഷങ്ങൾ നഷ്ടം. ഓൺലൈൻ ടാസ്ക്, പാർട്ട് ടൈം ജോലി തട്ടിപ്പിൽ ജില്ലയിൽ വിവിധ സംഭവങ്ങളിൽ 66.72 ലക്ഷം രൂപ തട്ടിയെടുത്തു. വിവിധ സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളിലൂടെ ആളുകളെ ബന്ധപ്പെട്ട് അധിക വരുമാനം വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുക്കുന്നതാണ് തട്ടിപ്പുകാരുടെ രീതി.
കഴിഞ്ഞ ദിവസം കണ്ണൂർ സൈബർ പൊലീസ് സ്റ്റേഷനിൽ ലഭിച്ച പരാതികളിൽ പരാതിക്കാർക്ക് 47.61 ലക്ഷം, 16.82 ലക്ഷം, 1.23 ലക്ഷം, 99,500, 7,200 രൂപ എന്നിങ്ങനെ നഷ്ടമായി. അടുത്ത കാലത്തതായി നിരവധി പേർക്കാണ് ഓൺലൈൻ പാർട്ട് ടൈം ജോലി ഓഫറിൽ കുടുങ്ങി ലക്ഷങ്ങൾ നഷ്ടപ്പെട്ടിട്ടുള്ളത്.
ഫോണിലേക്ക് ആകർഷകമായ വാഗ്ദാനങ്ങൾ നൽകി സന്ദേശമയച്ചാണ് തട്ടിപ്പ് തുടങ്ങുന്നത്. സന്ദേശത്തിൽ നൽകിയ നമ്പറിൽ മറുപടി നൽകിയാൽ ഒരുചാറ്റ് ആപ്പിലെ ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ആവശ്യപ്പെടും. ഗ്രൂപ്പിൽ ജോയിൻ ചെയ്യുകയും ജോലിക്ക് സമ്മതിക്കുകയും ചെയ്യുന്നതോടെ തട്ടിപ്പുകാർ ഇരയുടെ വിശ്വാസം നേടിയെടുക്കാൻ ശ്രമിക്കും. അതിനായി ചെറിയ ടാസ്ക്കുകൾ നൽകി പൂർത്തീകരിച്ചാൽ ലാഭത്തോടുകൂടി പണം തിരികെ നൽകും.
ഇത്തരത്തിൽ മൂന്ന് നാല് തവണ ആവർത്തിക്കും. ശേഷം ടാസ്ക് ചെയ്യുന്നതിനായി കൂടുതൽ പണം ആവശ്യപ്പെടുകയും പ്രത്യേകം തയാറാക്കിയ സ്ക്രീനിൽ പണം കാണിക്കുകയും ചെയ്യും. ടാസ്ക് പൂർത്തീകരിച്ചാൽ ലാഭത്തോടുകൂടിയുള്ള പണം സ്ക്രീനിൽ കാണിക്കും. തുടർന്ന് ടാസ്ക് ചെയ്യുന്നതിനായി കൂടുതൽ പണം ചോദിക്കുകയും പണം പിൻവലിക്കാൻ നോക്കിയാൽ പറ്റാതെ വരികയും ചെയ്യും.
പിൻവലിക്കണമെങ്കിൽ നികുതി അടക്കണമെന്നും അതിനായി പണം നൽകണമെന്നും പറയും. ഇത്തരത്തിൽ പല കാരണങ്ങൾ പറഞ്ഞ് പണം വാങ്ങുകയല്ലാതെ തിരികെ ലഭിക്കില്ല. ഇതോടെയാണ് ഇതൊരു തട്ടിപ്പാണെന്ന് പലർക്കും മനസിലാക്കുക. അപ്പോഴേക്കും വൻതുക തട്ടിപ്പുകാരുടെ കൈകളിൽ എത്തിയിട്ടുണ്ടാകും.
പരാതിപ്പെടാം
ഓൺലൈൻ തട്ടിപ്പിൽ ഇരയാവുകയാണെങ്കിൽ ഉടൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന പൊലീസ് സൈബർ ക്രൈം ഹെൽപ് ലൈൻ നമ്പറായ 1930ൽ വിളിച്ച് പരാതിപ്പെടണം. അല്ലെങ്കിൽ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ സൈബര്‍ ക്രൈം റിപ്പോര്‍ട്ട് ചെയ്യാനുള്ള http://www.cybercrime.gov.in പോര്‍ട്ടലിലൂടെയോ പരാതി രജിസ്റ്റർ ചെയ്യാം. ആദ്യത്തെ ഒരു മണിക്കൂറിനുള്ളിൽ തന്നെ പരാതി നൽകാൻ ശ്രദ്ധിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.