പാർഥസാരഥി ആറുപേര്‍ക്ക് പുതുജീവനേകും
text_fieldsമെഡിക്കൽ കോളജ്: സർക്കാർ സര്‍വിസിലൂടെ നിരവധിപേര്‍ക്ക് തണലേകിയ തിരുവനന്തപുരം ഗവ. സെക്രേട്ടറിയറ്റ് ജീവനക്കാരൻ എസ്. പാർഥസാരഥി (55) ഇനി ആറുപേര്‍ക്ക് പുതുജീവനേകും. കേരള സെക്രട്ടേറിയറ്റ് അസോസിയേഷന് സജീവാംഗവും ഭക്ഷ്യ-പൊതുവിതരണ (ബി) വകുപ്പില്‍ അസിസ്റ്റന്റ് സെക്ഷന്‍ ഓഫിസറുമായ തിരുവനന്തപുരം പേട്ട സ്വദേശി എസ്. പാർഥസാരഥിക്ക് തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്നാണ് മസ്തിഷ്കമരണം സംഭവിച്ചത്. തുടര്‍ന്ന് അവയവങ്ങള്‍ ദാനം ചെയ്യാന്‍ ബന്ധുക്കള്‍ തയാറാകുകയായിരുന്നു.
അവയവങ്ങള്‍ കേരളത്തിലെ വിവിധ ആശുപത്രികളില്‍ കഴിയുന്ന ആറുപേര്‍ക്കാണ് ദാനം ചെയ്തത്. കരൾ, രണ്ട് വൃക്ക, നേത്രപടലം, ഹൃദയവാൽവ് എന്നിവയാണ് ദാനം ചെയ്തത്. ഒരു വൃക്കയും കരളും തിരുവനന്തപുരം കിംസ് ആശുപത്രിക്കും മറ്റൊരു വൃക്ക തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളജിനും നല്കി. നേത്രപടലം തിരുവനന്തപുരം റീജനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താല്മോളജിക്കും ഹൃദയവാല്‍വ് തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്നോളജിക്കും കൈമാറി.
ജൂണ്‍ രണ്ടിനാണ് തലച്ചോറിലെ രക്തസ്രാവത്തെതുടര്‍ന്ന് പാർഥസാരഥിയെ തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജൂണ്‍ ഏഴ് രാവിലെ ഒമ്പതിന് മസ്തിഷ്ക മരണം സ്ഥിരീകരിച്ചു. മരണാനന്തര അവയവദാനത്തിന് നേതൃത്വം നല്കുന്ന കേരള സ്റ്റേറ്റ് ഓർഗൻ ആന്‍ഡ് ടിഷ്യു ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷന്റെ നേതൃത്തിലാണ് അവയവ കൈമാറ്റ നടപടിക്രമങ്ങളും സ്വീകര്‍ത്താക്കളെ കണ്ടെത്തലും കാര്യക്ഷമമായി നടന്നത്. തീവ്രദുഃഖത്തിലും അവയവങ്ങള്‍ ദാനം നല്കാന് സമ്മതമേകിയ പാർഥസാരഥിയുടെ ബന്ധുക്കളെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആദരാഞ്ജലികളറിയിച്ചു. കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.