കേരളയിലും കാലിക്കറ്റിലും സർക്കാറിന്‍റെ ഭാഗിക അനുമതി; വിദൂര കോഴ്സാകാം
text_fieldsതിരുവനന്തപുരം: ശ്രീനാരായണഗുരു ഓപൺ സർവകലാശാല യു.ജി.സിയുടെ അംഗീകാരത്തിനായി അപേക്ഷിച്ച 12 ബിരുദ, അഞ്ച് ബിരുദാനന്തര ബിരുദ കോഴ്സുകളൊഴികെയുള്ളവയിലേക്ക് മറ്റ് സർവകലാശാലകൾക്ക് വിദൂരവിദ്യാഭ്യാസ രീതിയിൽ വിദ്യാർഥി പ്രവേശനത്തിന് അനുമതി നൽകി സർക്കാർ ഉത്തരവ്.ഇതോടെ, നിലവിൽ വിദൂരവിദ്യാഭ്യാസ കോഴ്സുകൾ നടത്താൻ യു.ജി.സി അംഗീകാരമുള്ള കേരള, കാലിക്കറ്റ് സർവകലാശാലകൾക്ക് ഓപൺ സർവകലാശാല അംഗീകാരത്തിന് അപേക്ഷിച്ചിട്ടില്ലാത്ത കോഴ്സുകളിലേക്ക് വിദ്യാർഥി പ്രവേശനം നടത്താം.
ഓപൺ സർവകലാശാല അംഗീകാരം കാത്തിരിക്കുന്ന കോഴ്സുകളുടെ കാര്യത്തിൽ യു.ജി.സി തീരുമാനം വന്നശേഷം തീരുമാനമെടുക്കുമെന്നും ഉത്തരവിൽ പറയുന്നു. മറ്റ് സർവകലാശാലകളിൽ വിദൂരവിദ്യാഭ്യാസ രീതിയിൽ പഠനം നടത്താൻ അനുമതി തേടി ഏതാനും വിദ്യാർഥികൾ ഹൈകോടതിയെ സമീപിച്ചിരുന്നു. വിദ്യാർഥികളെയും ഓപൺ സർവകലാശാല അധികൃതരെയും കേട്ടശേഷം സർക്കാർ ഇതുസംബന്ധിച്ച് ഉത്തരവിറക്കണമെന്ന് കോടതി ഉത്തരവിട്ടു.
ഇതിനെതുടർന്ന് ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി നടത്തിയ തെളിവെടുപ്പിനുശേഷമാണ് ഓപൺ സർവകലാശാല അംഗീകാരത്തിനായി അപേക്ഷിച്ച കോഴ്സുകൾ ഒഴികെയുള്ളവയിലേക്ക് മറ്റ് സർവകലാശാലകൾക്ക് പ്രവേശനാനുമതി നൽകിയത്.ബി.എ അറബിക്, ഇക്കണോമിക്സ്, ഇംഗ്ലീഷ്, ഹിന്ദി, ഹിസ്റ്ററി, മലയാളം, ഫിലോസഫി വിത്ത് സ്പെഷലൈസേഷൻ ഇൻ ശ്രീനാരായണഗുരു സ്റ്റഡീസ്, സംസ്കൃതം, സോഷ്യോളജി, ബി.ബി.എ, ബി.കോം, ബി.സി.എ എന്നീ ബിരുദ കോഴ്സുകൾക്കും എം.എ മലയാളം, ഇംഗ്ലീഷ്, സോഷ്യോളജി, ഹിസ്റ്ററി, എം.കോം കോഴ്സുകൾക്കുമാണ് ഓപൺ സർവകലാശാല യു.ജി.സിയുടെ അംഗീകാരത്തിനായി അപേക്ഷിച്ചത്.
ഇവ ഒഴികെ മറ്റ് സർവകലാശാലകളിൽ യു.ജി.സി അംഗീകാരമുള്ള കോഴ്സുകൾക്കാണ് സർക്കാർ അനുമതി നൽകിയത്. കോഴ്സുകളുടെ അംഗീകാരത്തിനായി ഓപൺ സർവകലാശാല അപേക്ഷ നൽകിയതായും ആഗസ്റ്റ്-സെപ്റ്റംബർ മാസത്തിൽ യു.ജി.സി സംഘത്തിന്‍റെ വെർച്വൽ സന്ദർശനം പ്രതീക്ഷിക്കുന്നതായും ഓപൺ സർവകലാശാല രജിസ്ട്രാർ (ഇൻ ചാർജ്) തെളിവെടുപ്പിൽ സർക്കാറിനെ അറിയിച്ചു.
കോളജുകളിലെ റെഗുലർ ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശനം സെപ്റ്റംബർ അവസാനത്തോടെയേ പൂർത്തിയാകൂ. അതിനുശേഷമേ വിദൂരവിദ്യാഭ്യാസ കോഴ്സുകളിൽ പ്രവേശനം തുടങ്ങാറുള്ളൂവെന്നും രജിസ്ട്രാർ ബോധിപ്പിച്ചു. യു.ജി.സി തീരുമാനം വരുംവരെ ഇക്കാര്യത്തിൽ സർക്കാർ കാത്തിരിക്കണമെന്നും രജിസ്ട്രാർ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ, യു.ജി.സി ഇതുവരെ ഒരു കോഴ്സിനും ഓപൺ സർവകലാശാലക്ക് അനുമതി നൽകിയിട്ടില്ലെന്നും ഇഷ്ടമുള്ള സർവകലാശാലയിൽ പഠിക്കാനുള്ള അവകാശം പുനഃസ്ഥാപിക്കണമെന്നുമായിരുന്നു വിദ്യാർഥികൾ ആവശ്യപ്പെട്ടത്. ഓപൺ സർവകലാശാല കോഴ്സുകൾക്ക് അംഗീകാരം നൽകിയില്ലെന്ന് യു.ജി.സിയുടെ അഭിഭാഷകൻ ഹൈകോടതിയെ അറിയിച്ച കാര്യവും വിദ്യാർഥികൾ ചൂണ്ടിക്കാട്ടി.അതേസമയം കൂടുതൽ വിദ്യാർഥികൾ പ്രവേശനം നേടുന്ന കോഴ്സുകളുടെ കാര്യത്തിൽ യു.ജി.സി തീരുമാനം വരുംവരെ കാത്തിരിക്കേണ്ടിവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.