തെരഞ്ഞെടുപ്പില്‍ പങ്കാളിത്തം ഉറപ്പുവരുത്തണം – കാസർകോട് കലക്ടര്‍
text_fieldsതൃക്കരിപ്പൂര്‍: വോട്ട് ചെയ്യുന്നത് ഉത്തരവാദിത്തമായി കണ്ട് കൃത്യമായി വിനിയോഗിച്ച് തെരഞ്ഞെടുപ്പിൽ പങ്കാളിയാകണമെന്ന് കലക്ടര്‍ കെ. ഇമ്പശേഖര്‍ പറഞ്ഞു. ജില്ല തെരഞ്ഞെടുപ്പ് വിഭാഗം സംഘടിപ്പിച്ച ദേശീയ സമ്മതിദായക ദിനാചരണ ഉദ്ഘാടനം തൃക്കരിപ്പൂര്‍ ഇ.കെ. നായനാര്‍ സ്മാരക ഗവ. പോളിടെക്നിക് കോളജില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ പോളിങ് ശതമാനം 90ന് മുകളിലെത്തിക്കാന്‍ എല്ലാവരും ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു. സ്വീപ് (സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജുക്കേഷന്‍ ആന്‍ഡ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍) ജില്ല നോഡല്‍ ഓഫിസർ ടി.ടി. സുരേന്ദ്രന് അധ്യക്ഷത വഹിച്ചു. സബ് കലക്ടര്‍ സൂഫിയാന് അഹമ്മദ് സമ്മതിദായക ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വോട്ടുവണ്ടി പര്യടനത്തിന്റെ ഭാഗമായി നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികള്‍ക്ക് അസി. കലക്ടര്‍ ദിലീപ് കൈനിക്കര ഉപഹാരം നല്കി.
ജില്ലയിലെ മികച്ച ബൂത്ത് ലെവല്‍ ഓഫിസര്‍മാരെ കലക്ടര്‍ അനുമോദിച്ചു. അന്തിമ വോട്ടര്‍പട്ടികയുടെ പകര്‍പ്പ് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്ക് കലക്ടര്‍ കൈമാറി. ചലച്ചിത്രനടന്‍ കൂടിയായ ഡിവൈ.എസ്.പി സിബി തോമസ് മുഖ്യാതിഥിയായി. ഇലക്ഷന് ഡെപ്യൂട്ടി കലക്ടര്‍ കെ. അജേഷ്, ഹോസ്ദുര്‍ഗ് തഹസില്‍ദാര്‍ എം. മായ, തൃക്കരിപ്പൂര്‍ നോര്‍ത്ത് വില്ലേജ് ഓഫിസര്‍ ടി.വി. സന്തോഷ് എന്നിവര്‍ സംസാരിച്ചു. പോളിടെക്നിക് പ്രിന്‍സിപ്പൽ ഭാഗ്യശ്രീ ദേവി സ്വാഗതവും ഇലക്ടറല്‍ ലിറ്ററസി കോഓഡിനേറ്റര്‍ കെ.വി. ശ്രീജേഷ് നന്ദിയും പറഞ്ഞു. ഉമേഷ് ചെറുവത്തൂരിന്റെ മാജിക് ഷോയും അരങ്ങേറി.
അംഗഡിമുഗർ: വോട്ടവകാശം വിനിയോഗിക്കേണ്ടതിന്റെ പ്രാധാന്യത്തെകുറിച്ച് അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ബൂത്തുതലങ്ങളിൽ ദേശീയ സമ്മതിദായക ദിനം ആചരിച്ചു. മഞ്ചേശ്വരം താലൂക്ക് ബൂത്ത് 171ലെ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ പുത്തിഗെ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുബ്ബണ്ണ ആൾവ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ബഷീർ കൊട്ടൂടൽ അധ്യക്ഷത വഹിച്ചു. ബി.എൽ.ഒ ബി. മുഹമ്മദ് സഈദ് വോട്ടർദിന സന്ദേശം കൈമാറി. പ്രിൻസിപ്പൽ ഇൻചാർജ് ദീപ്തി സ്വാഗതവും പത്മനാഭൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.