ദിവ്യക്കെതിരെ പാർട്ടി നടപടി മുൻകൂർ ജാമ്യവിധിക്ക് ശേഷം
text_fieldsതിരുവനന്തപുരം: എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തിൽ കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡന്റ് മുൻ പ്രസിഡന്റ് പി.പി. ദിവ്യക്കെതിരായ പാർട്ടി നടപടി മുൻകൂർ ജാമ്യ ഹരജിയിലെ വിധിക്കുശേഷം. തലശ്ശേരി കോടതിയിൽ വാദം പൂർത്തിയായ ദിവ്യയുടെ മുൻകൂർ ജാമ്യഹരജി ചൊവ്വാഴ്ച വിധി പറയാനിരിക്കുകയാണ്. വിധി വരുന്നതുവരെ കാത്തിരിക്കാനാണ് ശനിയാഴ്ച തൃശൂരിൽ ചേർന്ന പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലുണ്ടായ ധാരണ.
മുൻകൂർ ജാമ്യം ലഭിച്ചാൽ കടുത്ത പാർട്ടി നടപടി ഉണ്ടായേക്കില്ല. ജാമ്യം നിഷേധിച്ചാൽ നടപടിയെടുക്കാൻ നേതൃത്വത്തിന് മുന്നിൽ സമ്മർദമേറും. ജില്ല കമ്മിറ്റിയിൽനിന്ന് തരംതാഴ്ത്തുന്നതുൾപ്പെടെ നടപടികളാണ് പരിഗണിക്കുന്നത്. സി.പി.എം കണ്ണൂർ ജില്ല കമ്മിറ്റിയംഗം കൂടിയായ ദിവ്യക്കെതിരെ നടപടിയുണ്ടാകുമെന്ന് ഇടത് മുന്നണി യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദനും സൂചന നൽകിയിരുന്നു. ശനിയാഴ്ച സെക്രട്ടേറിയറ്റ് യോഗത്തിൽ തീരുമാനം പ്രതീക്ഷിച്ചിരുന്നു.
നവീൻ ബാബുവിന്റെ നാട്ടുകാരായ പത്തനംതിട്ട ജില്ല കമ്മിറ്റി ദിവ്യക്കെതിരെ നടപടിക്ക് സംസ്ഥാന നേതൃത്വത്തിൽ കടുത്ത സമ്മർദം ചെലുത്തുന്നുണ്ട്. എന്നാൽ, ദിവ്യയെ പൂർണമായും കൈവിടുന്നതിൽ കണ്ണൂർ ഘടകത്തിൽനിന്ന് എതിർപ്പ് ഉയർന്നതായാണ് വിവരം.
എ.ഡി.എമ്മിനെ പരസ്യമായി അധിക്ഷേപിച്ച് ആത്മഹത്യയിലേക്ക് തള്ളിവിട്ട ദിവ്യയുടെ നടപടിയിൽ ജനരോഷം ശക്തമാണ്. ജില്ല പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കിയതോടെ ജനരോഷം തണുക്കുമെന്നാണ് പാർട്ടി കണക്കുകൂട്ടിയത്. എന്നാൽ, ആത്മഹത്യ പ്രേരണകുറ്റത്തിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് ആഴ്ച പിന്നിട്ടിട്ടും ദിവ്യയെ ചോദ്യംചെയ്യാൻപോലും തയാറാകാത്ത പൊലീസ് നടപടി ജനരോഷം ഇരട്ടിയാക്കി. നവീൻ ബാബുവിന്റേത് പാർട്ടിയുമായി അടുപ്പമുള്ള കുടുംബവുമാണെന്നതിനാൽ തുടക്കംമുതൽ സി.പി.എം പത്തനംതിട്ട ജില്ല ഘടകം ദിവ്യക്കെതിരെ രംഗത്തുണ്ട്. സി.പി.എമ്മിൽ ഇത് സമ്മേളനകാലമാണ്.
സമ്മേളനകാലത്ത് അംഗങ്ങൾക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കുന്ന പതിവില്ലെന്നത് ദിവ്യക്ക് അനുകൂലഘടകമായി നിൽക്കുന്നു. അസാധാരണ സാഹചര്യമായി കണക്കിലെടുത്ത് നടപടി വേണമെന്നാണ് പത്തനംതിട്ട ജില്ല ഘടകത്തിന്റെ ആവശ്യം. എന്നാൽ, കണ്ണൂർ ഘടകത്തിന്റെ എതിർപ്പിനെ മറികടക്കാൻ അവർക്ക് സാധിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.