പാർട്ടി നടപടി: ഒരു വർഷത്തിന് ശേഷം ടി.എം. സിദ്ദീഖ് കമ്മിറ്റിയിൽ തിരിച്ചെത്തി
text_fieldsപൊന്നാനി: നിയമസഭ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് പൊന്നാനിയിലുണ്ടായ വിഭാഗീയ പ്രവർത്തനങ്ങളുടെ പേരിൽ അച്ചടക്ക നടപടി നേരിട്ട ടി.എം. സിദ്ദീഖ് ഒരു വർഷത്തിന് ശേഷം ഏരിയ കമ്മിറ്റി യോഗത്തിൽ പങ്കെടുത്തു.
തിങ്കളാഴ്ച നടന്ന ഏരിയ കമ്മിറ്റി യോഗത്തിലാണ് സിദ്ദീഖ് പങ്കെടുത്തത്. ജില്ല സെക്രട്ടേറിയറ്റ് അംഗമായിരുന്ന ഇദ്ദേഹത്തെ നേരത്തെ ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരം താഴ്ത്തിയിരുന്നു. എന്നാൽ നടപടിയിൽ ഇളവ് നൽകണമെന്ന ജില്ല സെക്രട്ടേറിയറ്റ് തീരുമാനത്തെ തുടർന്നാണ് ഏരിയ കമ്മിറ്റിയിലേക്ക് ഉൾപ്പെടുത്തിയത്.
സിദ്ദീഖിനെ കൂടാതെ പെരിന്തൽമണ്ണയിലെ തോൽവിയുടെ പശ്ചാത്തലത്തിൽ ജില്ല സെക്രട്ടേറിയറ്റ് അംഗങ്ങളായിരുന്ന വി. ശശികുമാറിനെതിരെയും സി. രവീന്ദ്രനെതിരെയും അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. ഇതിൽ സിദ്ദീഖ് ഒഴികെയുള്ളവർ കഴിഞ്ഞ ജില്ല സമ്മേളനത്തിൽ കമ്മിറ്റിയിലേക്ക് തിരിച്ചെത്തി. ശശികുമാർ വീണ്ടും സെക്രട്ടേറിയറ്റ് അംഗമാവുകയും ചെയ്തു. ഇക്കാര്യം കൂടി പരിഗണിച്ചാണ് സിദ്ദീഖിനെ ഏരിയ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത്.
ഏരിയ കമ്മിറ്റി യോഗത്തിൽ സംസ്ഥാന കമ്മിറ്റിയംഗം വി.പി. സാനുവും ജില്ല സെക്രട്ടറിയേറ്റംഗം ഇ. ജയനും പങ്കെടുത്തിരുന്നു. ജയൻ സംസ്ഥാന കമ്മിറ്റി തീരുമാനങ്ങൾ റിപ്പോർട്ട് ചെയ്തു. ഏരിയ സമ്മേളനത്തിൽ ഔദ്യോഗിക പാനലിനെതിരെ മത്സരം നടന്നുവെന്ന പരാതിയെത്തുടന്നുള്ള തെളിവെടുപ്പ് വ്യാഴാഴ്ച നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.