സാങ്കേതിക സർവകലാശാലയിൽ വീണ്ടും ‘പാർട്ടി നിയമന മേള’
text_fieldsതിരുവനന്തപുരം: എംേപ്ലായ്മെന്റ് എക്സ്ചേഞ്ച് വഴി നിയമനം ലഭിച്ചവരെ കൂട്ടത്തോടെ പിരിച്ചുവിട്ട് എ.പി.ജെ. അബ്ദുൽ കലാം സാങ്കേതിക സർവകലാശാലയിൽ വീണ്ടും പാർട്ടി നിയമന മേള. താൽക്കാലിക നിയമനങ്ങൾ എംേപ്ലായ്മെന്റ് എക്സ്ചേഞ്ച് വഴി നടത്തണമെന്ന സർക്കാർ ഉത്തരവ് നിലനിൽക്കെയാണ് സി.പി.എമ്മുകാരെ നിയമിക്കാനായുള്ള നീക്കം.
സർവകലാശാല അസിസ്റ്റന്റിന് തുല്യമായ അഡ്മിനിസ്ട്രേറ്റിവ് സപ്പോർട്ട് സ്റ്റാഫ് തസ്തികയിലേക്കാണ് നിയമനം. ആറു മാസം മുമ്പ് എംേപ്ലായ്മെന്റ് എക്സ്ചേഞ്ച് വഴി നിയമനം നേടിയ 14 പേരെ പിരിച്ചുവിട്ട് സർവകലാശാല സ്വന്തമായി വിജ്ഞാപനം നടത്തുകയായിരുന്നു. തിങ്കളാഴ്ച നടന്ന ഇന്റർവ്യൂവിന് 94 പേരാണ് ഹാജരായത്. ഇതിൽനിന്ന് 20 പേരെയാണ് നിയമിക്കാൻ പോകുന്നത്.
എംേപ്ലായ്മെന്റ് എക്സ്ചേഞ്ച് വഴി നിയമിച്ചവരെ പിരിച്ചുവിടരുതെന്നും സർവകലാശാല പ്രവർത്തനങ്ങളെ ബാധിക്കുമെന്നും വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ് ഫയലിൽ രേഖപ്പെടുത്തിയിരുന്നു. എന്നാൽ, വിഷയം സിൻഡിക്കേറ്റിൽ കൊണ്ടുവന്നാണ് നിലവിലുള്ളവരെ പിരിച്ചുവിട്ട് പുതിയ നിയമനം നടത്താൻ തീരുമാനിച്ചത്.
സർക്കാർ നോമിനികളായി സിൻഡിക്കേറ്റിലെത്തിയ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കൂടിയായ പി.കെ. ബിജു, ഐ. സാജു, ഡോ. ജമുന, ഡോ. വേണുഗോപാൽ എന്നിവരായിരുന്നു ഇന്റർവ്യൂ ബോർഡ് അംഗങ്ങൾ. തിരുവനന്തപുരത്തെ ചില എം.എൽ.എമാരുടെ കത്ത് സഹിതമാണ് പലരും ഇന്റർവ്യൂ ബോർഡിന് മുന്നിലെത്തിയത്. നേരത്തേ ഡോ. സിസ തോമസ് വി.സിയുടെ ചുമതലയിലിരുന്നപ്പോഴാണ് എംേപ്ലായ്മെന്റ് എക്സ്ചേഞ്ച് വഴി നിയമനം നടത്തിയത്. അതുവരെ ഏതാനും സിൻഡിക്കേറ്റംഗങ്ങളുടെ നാട്ടുകാരായ സി.പി.എം പ്രവർത്തകർക്കാണ് കൂട്ടത്തോടെ സർവകലാശാലയിൽ നിയമനം നൽകിയിരുന്നത്. ഇവർക്കുവേണ്ടി ദിവസവും സർവകലാശാല ബസ് കാട്ടാക്കട ഉൾപ്പെടെ മേഖലകളിലേക്ക് സർവിസ് നടത്തുകയും ചെയ്തിരുന്നു. നിയമനങ്ങൾ സുതാര്യമാക്കാൻ വേണ്ടിയായിരുന്നു എംേപ്ലായ്മെന്റ് എക്സ്ചേഞ്ച് വഴിയുള്ള നിയമനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.