സ്വകാര്യ റിസോർട്ടിൽ ലഹരി പാർട്ടി; കൊലക്കേസ് പ്രതിയടക്കം 20 പേര് പിടിയിൽ
text_fieldsപൂവാർ (തിരുവനന്തപുരം): കാരക്കാട്ടെ സ്വകാര്യ റിസോർട്ടിൽ നടന്ന ലഹരി പാർട്ടിയിൽ പങ്കെടുത്ത ഇരുപതോളം പേർ കസ്റ്റഡിയില്‍. എക്സൈസ് എന്‍ഫോഴ്സ്മെൻറ് നടത്തിയ പരിശോധയിലാണ് സ്ത്രീയും കൊലക്കേസ് പ്രതിയും അടക്കം പിടിയിലായത്. ഹഷീഷ് ഓയിൽ, എം.ഡി.എം.എ ഗുളികകൾ, എൽ.എസ്.ഡി സ്റ്റാമ്പ്, കഞ്ചാവ് തുടങ്ങിയ മാരക ലഹരി വസ്തുക്കളും ഇവരിൽനിന്ന് പിടിച്ചെടുത്തു.
'നിർവാണ' എന്ന വാട്സ്ആപ് കൂട്ടായ്മയാണ് പാർട്ടി സംഘടിപ്പിച്ചത്. സംഘാടകരായ ആര്യനാട് സ്വദേശി അക്ഷയ് മോഹൻ, ശംഖുംമുഖം കണ്ണാന്തുറ സ്വദേശിയും കൊലക്കേസ് പ്രതിയുമായ പീറ്റർ ഷാൻ, അതുൽ എന്നിവരെ ചോദ്യംചെയ്തുവരികയാണ്.
ശനിയാഴ്ച രാത്രി ഏഴിന് തുടങ്ങിയ പാർട്ടിയിൽ സംസ്ഥാനത്തിനകത്തുനിന്നും പുറത്തുനിന്നും സ്ത്രീകളടക്കം നൂറോളം പേർ പങ്കെടുത്തതായാണ് വിവരം. നിർവാണ മ്യൂസിക് ഫെസ്റ്റിവൽ എന്ന പേരിലായിരുന്നു പാർട്ടി. പ്രവേശനത്തിനായി ഒരാളിൽനിന്ന് 1000 രൂപ വീതം വാങ്ങിയതായും എക്സൈസ് അധികൃതർ പറയുന്നു.
രഹസ്യ വിവരത്തിെൻറ അടിസ്ഥാനത്തിൽ ഞായറാഴ്ച ഉച്ചയോടെ എൻഫോഴ്സ്മെൻറ് സ്ക്വാഡ് സി.ഐ അനിലിെൻറ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ എത്തുമ്പോൾ പാർട്ടി അവസാനിപ്പിച്ച് പലരും സ്ഥലം വിട്ടിരുന്നു. ടൂറിസ്റ്റുകളെന്ന വ്യാജേനയാണ് ഉദ്യോഗസ്ഥരെത്തിയത്. റിസോർട്ടിൽ അവശേഷിച്ചിരുന്ന 20 പേരെയാണ് കസ്റ്റഡിയിലെടുത്തത്.
ലഹരിയുടെ ഉപയോഗംമൂലം ബോധം മങ്ങിയ അവസ്ഥയിലായിരുന്നു പലരും. കരയിൽനിന്ന് ബോട്ടിൽ മാത്രമേ റിസോർട്ടിൽ എത്താനാകൂവെന്ന സൗകര്യം ഉപയോഗപ്പെടുത്തിയാണ് ലഹരി പാർട്ടി സംഘടിപ്പിച്ചതെന്ന് കരുതുന്നു. റിസോർട്ടിലെ സി.സി.ടി.വി പരിശോധിച്ച് തുടർനടപടി സ്വീകരിക്കുമെന്നും എക്സൈസ് അധികൃതർ പറഞ്ഞു. റിസോര്‍ട്ടില്‍ മദ്യം വിളമ്പാൻ ലൈസന്‍സില്ലെന്നാണ് വിവരം. പാർട്ടിക്കെത്തിയവർക്ക് ബോട്ട് സൗകര്യം ഉള്‍പ്പെടെ ഒരുക്കിയ റിസോര്‍ട്ട് അധികൃതരും സംശയ നിഴലിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.