തോമസ് കെ. തോമസിന് പാർട്ടിയുടെ ക്ലീൻ ചിറ്റ്; മന്ത്രി പദത്തിനായി വീണ്ടും നീക്കം
text_fieldsതിരുവനന്തപുരം: കൂറുമാറ്റ കോഴ വിവാദത്തിൽ തോമസ് കെ. തോമസിന് ക്ലീൻചിറ്റ് നൽകിയും വിവാദത്തിന് പിന്നിൽ ആന്റണി രാജു എം.എൽ.എയുടെ ഗൂഢാലോചനയാണെന്നും എൻ.സി.പിയുടെ പാർട്ടിതല അന്വേഷണ കമീഷൻ റിപ്പോർട്ട്.
എൻ.സി.പി അജിത് പവാർ പക്ഷത്തേക്ക് കൂറുമാറാനായി എൽ.ഡി.എഫ് എം.എൽ.എമാരായ ആന്റണി രാജുവിനും കോവൂർ കുഞ്ഞുമോനും തോമസ് കെ. തോമസ് 100 കോടി കോഴ വാഗ്ദാനം ചെയ്തുവെന്നായിരുന്നു പരാതി.
ഇക്കാര്യം ആന്റണി രാജു മുഖ്യമന്ത്രിക്ക് മുന്നിലും പിന്നീട് മാധ്യമങ്ങളോടും സ്ഥിരീകരിച്ചു. അതേസമയം കോവൂർ കുഞ്ഞുമോൻ നിഷേധിച്ചു. എ.കെ. ശശീന്ദ്രനെ മാറ്റി തോമസിനെ മന്ത്രിയാക്കാൻ എൻ.സി.പി തീരുമാനിച്ചതിന് പിന്നാലെയാണ് കോഴ ആരോപണം ഉയർന്നത്. ഇതേതുടർന്ന് തോമസിനെ മന്ത്രിസഭയിലെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ വിസ്സമ്മതിച്ചു. ശേഷമാണ് കോഴ വിവാദം അന്വേഷിക്കാൻ എൻ.സി.പി കമീഷനെ നിയോഗിച്ചത്. പാർട്ടി അന്വേഷണത്തിൽ കുറ്റവിമുക്തനായ സാഹചര്യത്തിൽ തോമസിനെ മന്ത്രിയാക്കണമെന്ന ആവശ്യം വീണ്ടും ഉന്നയിക്കാനുള്ള ഒരുക്കത്തിലാണ് എൻ.സി.പി നേതൃത്വം.
ഇക്കാര്യം അറിയിക്കാൻ പാർട്ടി നേതാക്കൾ പി.സി. ചാക്കോയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയെ കാണാനും തീരുമാനിച്ചിട്ടുണ്ട്. ഉപതെരഞ്ഞെടുപ്പിന് ശേഷമായിരിക്കും കൂടിക്കാഴ്ച. കോഴ വാഗ്ദാനം ലഭിച്ചുവെന്ന വാദത്തിൽ ആന്റണി ഉറച്ചുനിൽക്കുമ്പോൾ തോമസിന്റെ മന്ത്രി പദവിയിൽ മുഖ്യമന്ത്രി എന്തു നിലപാട് സ്വീകരിക്കുമെന്നതാണ് നിർണായകം. എൻ.സി.പി സംസ്ഥാന ഭാരവാഹികളായ പി.എം. സുരേഷ് ബാബു, കെ.ആർ. രാജൻ, ജോബ് കാട്ടൂർ, ലതിക സുഭാഷ് എന്നിവരടങ്ങിയ കമീഷൻ ആന്റണി രാജുവിനെയും കോവൂർ കുഞ്ഞുമോനെയും തെളിവെടുപ്പിനായി സമീപിച്ചു.
കമീഷനോട് സഹകരിക്കാൻ ആന്റണി രാജു തയാറായില്ല. കമീഷൻ മുമ്പാകെ ഹാജരായ കോവൂർ കുഞ്ഞുമോൻ തോമസ് തനിക്ക് കോഴ വാഗ്ദാനം ചെയ്തിട്ടില്ലെന്നും അങ്ങനെ ആരോടും പരാതി പറഞ്ഞിട്ടില്ലെന്നുമുള്ള മൊഴിയാണ് നൽകിയത്. ആരോപണം തോമസും നിഷേധിച്ചു. കോവൂർ കുഞ്ഞുമോന്റെ മൊഴി വിശ്വാസത്തിലെടുത്ത് തോമസിനെ കുറ്റവിമുക്തനാക്കുന്ന റിപ്പോർട്ട്, കോഴ വിവാദം ഉയർത്തിക്കൊണ്ടുവന്നത് ആന്റണി രാജുവാണെന്നും കുറ്റപ്പെടുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.