പാർട്ടി കോൺഗ്രസ് സെമിനാറിൽ കെ.വി. തോമസ് എന്തായിരിക്കും പ്രസംഗിക്കുക?
text_fieldsകണ്ണൂർ : സി.പി.എം പാർട്ടി കോൺഗ്രസ് സെമിനാറിൽ മുതിർന്ന കോൺഗ്രസ് നേതാവ് കെ.വി. തോമസ് ഇന്ന് സംസാരിക്കും. വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനുമൊപ്പമാണ് കെ.വി. തോമസ് വേദി പങ്കിടുക. 'കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധം' എന്ന വിഷയത്തിലാണ് സെമിനാർ. സെമിനാറിൽ കെ.വി. തോമസ് എന്താണ് പറയാൻ പോകുന്നതെന്ന് ഉറ്റുനോക്കുകയാണ് ഏവരും. തനിക്ക് പറയാനുള്ളതെല്ലാം പാർട്ടി സമ്മേളനത്തിന്റെ ഭാഗമായ സെമിനാറിൽ പറയുമെന്ന് കെ വി തോമസ് വ്യക്തമാക്കിയിട്ടുണ്ട്.
ഇന്നലെ കണ്ണൂരിലെത്തിയ കെ.വി. തോമസിനു ഉജ്വല സ്വീകരണമാണ് സി.പി.എം നൽകിയത്. എന്നാൽ, എ.ഐ.സി.സി നിർദേശം തള്ളി സെമിനാറിൽ പങ്കെടുക്കുന്ന കെ.വി. തോമസിനെതിരെ, കോൺഗ്രസ് നേതൃത്വം അച്ചടക്ക നടപടി സ്വീകരിക്കാനെരുങ്ങുകയാണ്. ഇക്കാര്യം ഉറപ്പാക്കുന്ന തരത്തിലാണ് നേതാക്കളുടെ പ്രതികരണങ്ങളുമുള്ളത്. പാർട്ടിയിൽനിന്ന് പുറത്താക്കണമെന്ന പൊതുവികാരമാണ് എ.ഐ.സി.സിയിലുൾപ്പെടെയുള്ളത്. ചുവന്ന ഷാൾ അണിയിച്ചാണ് കെ.വി. തോമസിനെ സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി എം.വി. ജയരാജൻ സ്വീകരിച്ചത്.
ചുവന്ന നിറമാണെങ്കിലും തന്നെ അണിയിച്ചത് ഒരു ഷാൾ ആണെന്നായിരുന്നു ചുവന്ന ഷാൾ അണിയിച്ചതിനെ കുറിച്ചുള്ള ചോദ്യത്തോട് കെ.വി. തോമസിന്റെ പ്രതികരണം. മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തിയ അദ്ദേഹം, പിണറായി കേരളം കണ്ട നല്ല മുഖ്യമന്ത്രിമാരിലൊരാളാണെന്നും പല കാര്യങ്ങൾക്കായി ഇടയ്ക്കിടെ പിണറായിയുമായി ബന്ധപ്പെടാറുണ്ടെന്നും വ്യക്തമാക്കി. സെമിനാറിലെ പ്രസംഗം കൂടി വിലയിരുത്തിയാവും കോൺഗ്രസ് നേതൃത്വം അച്ചടക്ക നടപടി സ്വീകരിക്കുകയെന്നു അറിയുന്നു. ഭൂരിഭാഗം നേതാക്കൾക്കും കഴിഞ്ഞ കുറച്ച് കാലമായി കെ.വി. തോമസിന്റെ പ്രവർത്തന രീതിയോട് മതിപ്പില്ല. മുൻ കെ.പി.സി.സി മുല്ലപ്പള്ളി രാമചന്ദ്രൻ ഉൾപ്പെടെ അമർഷമുള്ളവരുടെ കൂട്ടത്തിലുണ്ട്. അധികാര സ്ഥാനങ്ങൾ സ്വർണ തളികയിലാണ് പാർട്ടി തോമസിനു നൽകിയതെന്നാണ് മുല്ലപ്പള്ളിയുടെ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.