പെരിയ ഇരട്ടക്കൊലക്കേസുമായി പാർട്ടിക്ക് യാതൊരു ബന്ധവുമില്ല -എ.കെ ബാലൻ
text_fieldsതിരുവനന്തപുരം: പെരിയ ഇരട്ടക്കൊലക്കേസുമായി പാർട്ടിക്ക് യാതൊരു ബന്ധവുമില്ലെന്ന് സി.പി.എം നേതാവ് എ.കെ ബാലൻ. പാർട്ടിയുടെ പിന്തുണയോട് കൂടി നടന്ന കൊലപാതകമല്ല അതെന്നും അദ്ദേഹം പറഞ്ഞു.
ഇതുമായി പാർട്ടിക്ക് യാതൊരു ബന്ധവുമില്ല. പാർട്ടിയുടെ പിന്തുണയോട് കൂടി നടന്ന കൊലപാതകവുമല്ല. ഇതിൽ പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിന് ശക്തമായ നിലപാടാണ് പൊലീസ് തുടക്കം മുതൽ എടുത്തിട്ടുള്ളത്. ആ അന്വേഷണത്തിന്‍റെ ഭാഗമായി തന്നെയാണ് സി.ബി.ഐയും കാര്യങ്ങൾ മുന്നോട്ടുനീക്കിയിട്ടുള്ളത്. യഥാർത്ഥത്തിൽ കേരള പൊലീസ് കാണിച്ചിട്ടുള്ള ഏറ്റവും ശക്തമായ അന്വേഷണത്തിന്‍റെ തുടർച്ചയാണ് സി.ബി.ഐ നടത്തിയത് -എ.കെ. ബാലൻ പറഞ്ഞു.
ഇനിയും കോടതികളുണ്ടെന്ന് ഇ.പി. ജയരാജൻ
സി.ബി.ഐ കോടതിയുടെ വിധി അന്തിമമല്ലെന്നും ഇനിയും കോടതികളുണ്ടെന്നും ഇന്നലെ സി.പി.എം നേതാവ് ഇ.പി. ജയരാജൻ പ്രതികരിച്ചത്. കോടതി വിധി വെച്ച് സി.പി.എമ്മിന് നേരെ കുറേ കോൺഗ്രസ് നേതാക്കൾ ഇറങ്ങിപ്പുറപ്പെട്ടിട്ടുണ്ട്. ചീമേനിയിൽ അഞ്ച് സി.പി.എം നേതാക്കെ പാർട്ടി ഓഫീസിനകത്തിട്ട് വെട്ടിനുറുക്കി കത്തിച്ച പാർട്ടിയാണ് കോൺഗ്രസ്. അതാണ് കോൺഗ്രസിന്‍റെ പാരമ്പര്യം. ആ പാരമ്പര്യം കോൺഗ്രസ് ഓർക്കുന്നത് നല്ലതാണ് -ഇ.പി. ജയരാജൻ പറഞ്ഞു.
പെരിയ ഇരട്ടക്കൊലക്കേസിൽ വിധി മൂന്നിന്
കാസർകോട് പെരിയയിൽ യൂത്ത് കോണ്ഗ്രസ് പ്രവര്ത്തകരായ കൃപേഷ് (21), ശരത് ലാൽ (24) എന്നിവരെ രാഷ്ട്രീയവൈരാഗ്യം മൂലം വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ജനുവരി മൂന്ന് ശിക്ഷാ വിധി പ്രഖ്യാപിക്കും. ഇന്നലെ 14 പ്രതികൾ കുറ്റക്കാരെന്ന് എറണാകുളം പ്രത്യേക സി.ബി.ഐ കോടതി കണ്ടെത്തിയിരുന്നു. കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച ഇരട്ടക്കൊലപാതകത്തിൽ സി.പി.എം ഉദുമ മുൻ എം.എൽ.എ കെ.വി. കുഞ്ഞിരാമൻ, ഡി.വൈ.എഫ്.ഐ. നേതാവ് കെ. മണികണ്ഠൻ, പാക്കം മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറി രാഘവൻ വെളുത്തോളി എന്നിവരും പ്രതികളാണ്. ആദ്യം ലോക്കൽ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ചശേഷമാണ് കേസ് സി.ബി.ഐ ഏറ്റെടുത്തത്. സി.ബി.ഐ അന്വേഷണത്തിനെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ ഹരജി നൽകിയിരുന്നെങ്കിലും കോടതി അന്വേഷണം ശരിവെക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.