വിഭാഗീയതയുടെ കാലത്ത് പാർട്ടി തലപ്പത്ത്; സ്വന്തമാക്കിയത് സമാനതകളില്ലാത്ത നേട്ടങ്ങൾ
text_fieldsസി.പി.എമ്മിൽ വിഭാഗീയത കൊടുകുത്തിവാണിരുന്ന കാലത്താണ് കോടിയേരി ബാലകൃഷ്ണനെന്ന തന്ത്രശാലിയായ നേതാവ് പാർട്ടിയെ നയിക്കാനെത്തുന്നത്. വി.എസ്-പിണറായി ഗ്രൂപ്പിസത്തിലേക്ക് പാർട്ടി വഴിമാറിയ കാലത്ത് മധ്യസ്ഥന്റെ റോളിലായിരുന്നു കോടിയേരി. ഒടുവിൽ പാർലമെന്ററി സ്ഥാനങ്ങൾ ഉപക്ഷേിച്ച് ആലപ്പുഴ സമ്മേളനത്തിൽ വെച്ച് പിണറായി വഹിച്ചിരുന്ന പാർട്ടി സെക്രട്ടറി സ്ഥാനം സൗമ്യനായ രാഷ്ട്രീയക്കാരനായ കോടിയേരിയുടെ കൈയിലേക്ക് എത്തുകയായിരുന്നു.
പാർട്ടി നേതൃസ്ഥാനങ്ങൾ കണ്ണൂരിലേക്ക് ഒതുക്കപ്പെടുന്നുവെന്ന വിമർശനം ഉയർന്നപ്പോഴും കോടിയേരി പാർട്ടിയെ നയിച്ചു. കോടിയേരിയല്ലാതെ പാർട്ടി മറ്റ് പേരുകൾ പരിഗണനക്ക് എടുത്തില്ലെന്നതാണ് യാഥാർഥ്യം. കോടിയേരി ബാലകൃഷ്ണന്റെ കാലത്ത് സി.പി.എം വലിയ നേട്ടങ്ങളാണ് കുറിച്ചത്. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പ് തോൽവി ഒഴിച്ചുനിർത്തിയാൽ കേരളത്തിൽ കോടിയേരി ബാലകൃഷ്ണന്റെ പാർട്ടി വലിയ നേട്ടങ്ങളാണ് കുറിച്ചത്. ചരിത്രത്തിലാദ്യമായി തുടർ ഭരണമെന്ന നേട്ടം സി.പി.എം സ്വന്തമാക്കിയതും കോടിയേരി സംസ്ഥാന സെക്രട്ടറിയായിരുന്ന കാലത്താണ്.
കോടിയേരി പാർട്ടി സെക്രട്ടറി സ്ഥാനത്തിരിക്കുമ്പോൾ തന്നെയാണ് സി.പി.എമ്മിൽ വിഭാഗീയതയുടെ കനലുകൾ അണയാൻ തുടങ്ങിയത്. മക്കൾക്കെതിരായ വിവാദങ്ങളുയർന്നപ്പോഴും സി.പി.എമ്മിന്റെ അമരത്ത് കോടിയേരി ഉണ്ടായിരുന്നു. ഒടുവിൽ ആരോഗ്യ പ്രശ്നങ്ങൾ അലട്ടി തുടങ്ങിയപ്പോൾ പാർട്ടിയിൽ നിന്നും അവധിയെടുത്തു. അങ്ങനെ ഇടക്കാല സെക്രട്ടറിയായി എ.വിജയരാഘവൻ വന്നു. ചികിത്സക്ക് ശേഷം കൂടുതൽ കരുത്തനായി പാർട്ടിയെ നയിക്കാൻ കോടിയേരിയെത്തി. എന്നാൽ, ആരോഗ്യനില വീണ്ടും മോശമായതോടെ പാർട്ടി സെക്രട്ടറി സ്ഥാനമൊഴിഞ്ഞ് ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സക്ക് പോവുകയായിരുന്നു. രാഷ്ട്രീയഭേദമന്യേ വിവിധ പാർട്ടി നേതാക്കൾ അദ്ദേഹത്തെ ആശുപത്രിയിലെത്തി സന്ദർശിച്ചിരുന്നു. ഇടതുരാഷ്ട്രീയത്തിന്റെ കരുത്തിനൊപ്പം സൗമ്യതയും സമാസമം ചാലിച്ച രാഷ്ട്രീയനേതാവായിരുന്നു കോടിയേരി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.