പന്തളം നഗരസഭയിൽ ചെയർപേഴ്സൻ ഉൾപ്പെടെ 11 കൗൺസിലർമാർക്ക് പാർട്ടി കാരണംകാണിക്കൽ നോട്ടീസ്
text_fieldsപന്തളം: പന്തളം നഗരസഭ ഭരണത്തിലെ പ്രതിസന്ധി പരിഹരിക്കാൻ ബി.ജെ.പി സംസ്ഥാന- ജില്ല ഘടകങ്ങൾ വിളിച്ചുകൂട്ടിയ അനുരഞ്ജന ചർച്ചയിൽനിന്ന് വിട്ട് നിന്ന ചെയർപേഴ്സൻ ഉൾപ്പെടെ 11 കൗൺസിലർമാർക്ക് പാർട്ടിയുടെ കാരണം കാണിക്കൽ നോട്ടീസ്. ജില്ല നേതൃത്വത്തിന് വ്യക്തമായ മറുപടി നൽകണമെന്ന് ആവശ്യപ്പെട്ട് ജില്ല പ്രസിഡന്‍റ് വി.എസ്. സൂരജാണ് നോട്ടീസ് നൽകിയത്.
കഴിഞ്ഞ അഞ്ചിന് ബി.ജെ.പി വിളിച്ചുകൂട്ടിയ ചർച്ചയിൽനിന്ന് വിട്ടുനിൽക്കാൻ ആർ.എസ്.എസിന്റെ ഒരുവിഭാഗം ഇവർക്ക് നിർദേശം നൽകിയിരുന്നതായാണ് അറിയുന്നത്. ബി.ജെ.പി പാർലമെന്‍ററി പാർട്ടി ലീഡർ കെ.വി. പ്രഭയെ നഗരസഭ ചെയർപേഴ്സൻ സുശീല സന്തോഷ് അസഭ്യം പറയുന്ന വിഡിയോ പുറത്തായതിനെ തുടർന്നാണ് നഗരസഭയിൽ ഭരണസമിതിയുള്ള ബി.ജെ.പി രണ്ടു വിഭാഗമായി തിരിഞ്ഞത്.
കഴിഞ്ഞ അഞ്ചിന് പത്തനംതിട്ടയിൽ വെച്ച് ബി.ജെ.പി ജില്ല ഘടകം സംസ്ഥാന കമ്മിറ്റിയുടെ നിർദേശപ്രകാരം പ്രശ്നപരിഹാരത്തിനായി പാർട്ടിയിലെ എല്ലാ കൗൺസിലർമാരെയും വിളിച്ചുകൂട്ടി യോഗം നടത്തിയത്. പാർലമെന്‍ററി പാർട്ടി ലീഡർ കെ.വി. പ്രഭ, ബി.ജെ.പി ഏരിയ പ്രസിഡന്‍റും കൗൺസിലറുമായ സൂര്യ എസ്. നായർ ഉൾപ്പെടെ ഏഴുപേർ യോഗത്തിൽ പങ്കെടുക്കുകയും ചെയ്തു.
മുമ്പ് നഗരസഭയിൽ ഭരണം പ്രതിസന്ധിയിലാക്കിയ നിരവധി വിഷയങ്ങൾ സംസ്ഥാന- ജില്ല കമ്മിറ്റികൾക്ക് മുന്നിൽ അവതരിപ്പിച്ചിട്ടും ആരും ഗൗരവമായി എടുത്തിരുന്നില്ല എന്നാണ് യോഗത്തിൽനിന്ന് വിട്ടുനിന്ന കൗൺസിലർമാരുടെ പ്രതികരണം.ചെയർപേഴ്സനും ഡെപ്യൂട്ടി ചെയർപേഴ്സനും വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരുമാണ് വിട്ടുനിന്നത്.
ഇതിനു പിന്നാലെ കഴിഞ്ഞദിവസം പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ പങ്കെടുത്ത പത്തനംതിട്ടയിലെ പരിപാടിയിൽനിന്നും ഇവർ വിട്ടുനിന്നു.അന്നേദിവസം തന്നെ മുൻ എം.പി സുരേഷ് ഗോപിയുടെ കുടിവെള്ള പദ്ധതി ഉദ്ഘാടനം സംഘടിപ്പിച്ചതും വിവാദമായിരിക്കുകയാണ്. ചെയർപേഴ്സന്‍റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ സമരം ഇപ്പോഴും തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.