ഇ.പിക്ക് പാർട്ടി പിന്തുണ; ഇടതുമുന്നണിയിൽ അതൃപ്തി, അമ്പരപ്പ്
text_fieldsതിരുവനന്തപുരം: ബി.ജെ.പി നേതാവുമായുള്ള കൂടിക്കാഴ്ച വിവാദത്തിൽ ഇ.പി ജയരാജനോടുള്ള സി.പി.എമ്മിന്റെ തണുപ്പൻ സമീപനം മുന്നണിക്കുള്ളിലും സൃഷ്ടിച്ചത് അതൃപ്തിയും അമ്പരപ്പും. സി.പി.എമ്മിന്റെ തെറ്റും ശരിയും സി.പി.എമ്മാണ് തീരുമാനിക്കേണ്ടതെന്ന സി.പി.ഐയുടെ പ്രതികരണത്തിൽ പ്രതിഫലിക്കുന്നത് ഈ നീരസമാണ്. വിവാദങ്ങൾ മുന്നണിയുടെ പ്രതിച്ഛായയെ ബാധിച്ചു എന്ന പൊതുവിലയിരുത്തലിലാണ് സി.പി.ഐ. ബി.ജെ.പി നേതാവ് പ്രകാശ് ജാവ്ദേക്കറുമായുള്ള കൂടിക്കാഴ്ചയിൽ ജാഗ്രതക്കുറവുണ്ടായി എന്ന പരസ്യ വിമർശനം സി.പി.ഐ ഉന്നയിച്ചതിന് പിന്നാലെയാണ് പരസ്യമായി തന്നെ സി.പി.എം ജയരാജന് ക്ലീൻചിറ്റ് നൽകിയത്. മാത്രമല്ല ‘ജാവ്ദേക്കറെ കണ്ടതിൽ പ്രശ്നമില്ലെന്നും ഇനി ആര് കണ്ടാലും കുഴപ്പവുമില്ലെന്നും ’ പാർട്ടി സെക്രട്ടറി തന്നെ പറഞ്ഞുവെച്ചത് സി.പി.ഐക്ക് മുഖത്തടിയായി. ഇടതു രാഷ്ട്രീയത്തിന് ചേരാത്ത നിലപാട് സ്വീകരിച്ച ഇ.പിക്കെതിരെ സി.പി.എം സംസ്ഥാന ഘടകം നടപടിക്ക് ശിപാർശ ചെയ്യുമെന്ന പ്രതീക്ഷയിലായിരുന്നു സി.പി.ഐ. ‘‘ഇത്തരം വിഷയങ്ങളിൽ എന്തു നടപടി സ്വീകരിക്കണമെന്ന് കൃത്യമായി ധാരണയുള്ള പാർട്ടിയാണ് സി.പി.എം’ എന്ന സി.പി.ഐയുടെ ആമുഖ പ്രസ്താവനയിൽ എല്ലാം അടങ്ങിയിരുന്നു. എന്നാൽ, നടപടി ശിപാർശയുണ്ടായില്ലെന്ന് മാത്രമല്ല ഇ.പിയെ സി.പി.എം പിന്തുണക്കുക കൂടി ചെയ്തു. ഇതാണ് ഘടകകക്ഷികളെ അമ്പരപ്പിച്ചത്.
ഇത്തരം ഉദാര നിലപാട് തെറ്റായ സന്ദേശമാണ് നൽകുന്നതെന്ന് വിലയിരുത്തുമ്പോഴും സി.പി.ഐ നേതാക്കളാരും പരസ്യപ്രതികരണത്തിന് തയാറായിട്ടില്ല. തെരഞ്ഞെടുപ്പ് അവലോകനത്തിനായി മേയ് രണ്ടിന് സംസ്ഥാന എക്സിക്യുട്ടിവ് ചേരുന്നുണ്ട്. യോഗത്തിൽ ഇ.പി വിഷയവും ചർച്ചയാവും. അതിനു ശേഷം സി.പി.ഐ നിലപാട് മുന്നണിയിൽ അവതരിപ്പിക്കും. ഇടതുമുന്നണി സംവിധാനത്തിൽ കൺവീനർ സ്ഥാനം സി.പി.എമ്മിന് അവകാശപ്പെട്ടതാണ്. നയപരമായ നിലപാട് അറിയിക്കുകയല്ലാതെ കടുത്ത ഇടപെടലുകൾക്ക് സി.പി.ഐക്കും പരിമിതിയുണ്ട്.
പരസ്യമായി തള്ളിപ്പറയാതിരിക്കുമ്പോഴും തെരഞ്ഞെടുപ്പിനു ശേഷം സി.പി.എം നേതൃയോഗങ്ങൾ ഇ.പി വിഷയം ചർച്ചചെയ്യുമെന്നാണ് വിവരം. ഇനി തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷമേ കേന്ദ്ര കമ്മിറ്റി യോഗം ചേരുന്നുളളൂ. സംഘടന രീതിയുടെയും സമയപരിധിയുടെയും ഈ ആനുകൂല്യമാണ് ഇ.പിക്ക് ലഭിച്ചതെന്ന വിലയിരുത്തലുമുണ്ട്. ഇ.പിക്കെതിരെ പരസ്യ നിലപാട് തുടക്കത്തിൽ തന്നെ സ്വീകരിച്ചാൽ പ്രതിപക്ഷം ആയുധമാക്കുമെന്ന വിലയിരുത്തലും പാർട്ടിക്കുണ്ട്. ഇ.പിക്കൊപ്പം മുഖ്യമന്ത്രിയുടെ നേർക്ക് കൂടി യു.ഡി.എഫ് ആരോപണ മുന കൂർപ്പിച്ച സാഹചര്യത്തിൽ വിശേഷിച്ചും. നിലവിൽ മുന്നണി കൺവീനറായി ഇ.പി തുടരുമെങ്കിലും ആരോഗ്യ കാരണമോ മറ്റോ ഉന്നയിച്ച് അദ്ദേഹം സ്വയം ചുമതലയൊഴിയുമെന്ന് കരുതുന്നവരുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.