കണ്ണൂർ വീണ്ടും കൊലക്കത്തി രാഷ്ട്രീയത്തിലേക്കോ?
text_fieldsകണ്ണൂർ: ഇടക്കാലത്തെ സമാധാനത്തിന് പിന്നാലെ തെക്കൻ കണ്ണൂർ വീണ്ടും രാഷ്ട്രീയ സംഘർഷങ്ങളുടെ അശാന്തിയുടെ നാളുകളിലേക്ക് തിരിച്ചു നടക്കുകയാണോ ? പെരിങ്ങത്തൂർ ടൂർ പുല്ലൂക്കര മുക്കിൽ പീടികയിൽ യൂത്ത് ലീഗ് പ്രവർത്തകൻ മൻസൂറിന്‍റെ കൊലപാതകം ഈയൊരു ആശങ്കയാണ് സമാധാന കാംക്ഷികളുടെ മനസ്സിൽ നിറക്കുന്നത്. മട്ടന്നൂർ എടയന്നൂരിൽ യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബ് കൊല്ലപ്പെട്ടതാണ് കണ്ണൂരിലെ ഒടുവിലത്തെ രാഷ്ട്രീയ കൊലപാതകം. 2018 ഫെബ്രുവരി 12നായിരുന്നു അത്. രണ്ടു വർഷത്തെ ഇടവേളക്കു ശേഷം മറ്റൊരു ചെറുപ്പക്കാരന്‍റെ ജീവനെടുക്കപ്പെട്ടിക്കുന്നു.
ഷുഹൈബ് വധവുമായി മൻസൂറിന്‍റെ കൊലപാതകത്തിന് സാമ്യതകൾ ഏറെയുണ്ട്. ജീവിതത്തിലേക്ക് കാലെടുത്ത് വെച്ചു തുടങ്ങിയ അവിവാഹിതനായ ചെറുപ്പക്കാരനായിരുന്നു ഷുഹൈബ്. ആ ചെറുപ്പക്കാരന്‍റെയും കുടുംബത്തിന്‍റെയും വലിയ സ്വപ്നങ്ങളാണ് രാഷ്ട്രീയ എതിരാളികൾ കൊലക്കത്തിക്ക് അരിഞ്ഞ് വീഴ്ത്തിയത്. മൻസൂറും അവിവാഹിതനാണ്. കുടുംബത്തിന്‍റെ സ്വപ്നങ്ങൾ ചുമലിലേറ്റേണ്ട ആ ചെറുപ്പക്കാരൻ സ്വന്തം വീട്ടു മുറ്റത്താണ് ബോംബെറിഞ്ഞു വീഴ്ത്തപെട്ടത്. കാര്യമായ പ്രകോപനങ്ങളോ സംഘർഷ അന്തരീക്ഷമോ ഇല്ലാത്ത സാഹചര്യത്തിലാണ് മൻസൂർ കൊല്ലപ്പെട്ടത്. ഷുഹൈബിന്‍റെ കാര്യത്തിലും സാഹചര്യം സമാനമായിരുന്നു. രണ്ടു കൊലപാതകങ്ങളിലും പ്രതിസ്ഥാനത്ത് സി.പി.എമ്മാണ്.
കഴിഞ്ഞ ദിവസം രാവിലെ മുതല്‍ പ്രദേശത്ത് ചെറിയ രീതിയിലുളള സംഘര്‍ഷം ആരംഭിച്ചിരുന്നു. പോളിംഗ് ദിനത്തിൽ തർക്കമായി. 149-150 എന്നീ രണ്ടു ബൂത്തുകള്‍ക്കിടയിലായിരുന്നു പ്രശ്‌നം. 149-ാം നമ്പര്‍ ബൂത്തിലേക്ക് ഓപ്പണ്‍ വോട്ട് ചെയ്യുന്നതിനായി വോട്ടര്‍മാരെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കം.
വോട്ടെടുപ്പ് തീര്‍ന്നതോടെ തര്‍ക്കം അവസാനിച്ചെന്ന് കരുതിയെങ്കിലും രാത്രി ഏഴരയോടെ വീണ്ടുംസംഘര്‍ഷമുണ്ടാവുകയായിരുന്നു. രാത്രിയോടെ ഒളിച്ചിരുന്ന ഒരുസംഘം ആളുകള്‍ മന്‍സൂര്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങുന്ന സമയം നോക്കി ബോംബ് എറിയുകയും തുടര്‍ന്ന് വെട്ടി പരിക്കേല്‍പ്പിക്കുകയുമായിരുന്നു.
ഗുരുതരമായി പരിക്കേറ്റ മന്‍സൂറിനേയും സഹോദരനേയും ആദ്യം തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നീട് കോഴിക്കോട്ടുളള ആശുപത്രിയിലേക്ക് മാറ്റി. രാത്രി ഒരുമണിയോടെ മന്‍സൂറിന്‍റെ മരണം സ്ഥിരീകരിച്ചു.
രാഷ്ട്രീയ പാർട്ടികളുടെ സംരക്ഷണത്തിൽ വിഹരിക്കുന്ന ഗുണ്ടാ സംഘങ്ങൾക്കുമേൽ നേതൃത്വത്തിന് നിയന്ത്രണം നഷ്ടപ്പെടുന്നതിന്‍റെ ദൃഷ്ടാന്തമാണ് മൻസൂറിന്‍റെ കൊലപാതകം. നിസാരമായ പ്രശ്നങ്ങളുടെ പേരിൽ പോലും മുൻ പിൻ ആലോചിക്കാതെ കത്തിയും ബോംബും പ്രയോഗിക്കുകയാണ് രാഷ്ട്രീയ ക്രിമിനൽ സംഘങ്ങൾ .
അക്രമത്തില്‍ സഹോദരന്‍ മുഹസിന് സാരമായ പരുക്കേറ്റിട്ടുണ്ട്. സിപിഎം ആണ് അക്രമത്തിന് പിന്നിലെന്ന് ലീഗ് ആരോപിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഒരു സിപിഎം പ്രവര്‍ത്തകന്‍ പിടിയിലായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.