പാർട്ടി വോട്ടുകൾ പോൾ ചെയ്തില്ല; കാരണം അന്വേഷിച്ച് സി.പി.എം
text_fieldsകോഴിക്കോട്: പാർട്ടി പ്രവർത്തകരും അനുഭാവികളും വോട്ട് ചെയ്യാത്തതിന്റെ കാരണം അന്വേഷിച്ച് സി.പി.എം. വോട്ടെടുപ്പിന് പിന്നാലെയാണ് പതിവിൽ നിന്ന് വ്യത്യസ്തമായി, പാർട്ടിക്ക് ഉറപ്പായ വോട്ടുകൾ പോൾ ചെയ്യാത്തതിന്റെ കാരണം അന്വേഷിക്കുന്നത്. തെരഞ്ഞെടുപ്പിന് മുന്നോടിയായി എൽ.ഡി.എഫിനും യു.ഡി.എഫിനും എൻ.ഡി.എക്കും ലഭിക്കുന്ന വോട്ടുകളുടെ എണ്ണം ബൂത്ത് തലത്തിൽ നിന്ന് സി.പി.എം ശേഖരിച്ചിരുന്നു. തെരഞ്ഞെടുപ്പിന് പിന്നാലെ വീണ്ടും കണക്കെടുത്തപ്പോൾ പാർട്ടിക്ക് ഉറപ്പായും ലഭിക്കേണ്ട വോട്ടിൽ വലിയ കുറവാണ് പലയിടത്തുമുള്ളത്. പ്രാഥമിക പരിശോധയിൽ പാർട്ടി വോട്ടുകളിൽ പത്തുശതമാനം വരെ പോൾ ചെയ്യാത്ത ബൂത്തുകളുണ്ടെന്ന് കണ്ടെത്തി. ഇതോടെയാണ് വോട്ടുചെയ്യാത്തവരുടെ പട്ടിക പ്രത്യേകം തയാറാക്കാനും കാരണം നേരിട്ട് ചോദിച്ച് മനസ്സിലാക്കി രേഖാമൂലം അറിയിക്കാനും ബൂത്ത് കൺവീനർമാർക്ക് നിർദേശം നൽകിയത്.
നിയോജക മണ്ഡലം തലത്തിലാണ് കണക്കുകൾ ക്രോഡീകരിച്ച് ശേഖരിക്കുന്നത്. തെരഞ്ഞെടുപ്പിൽ വോട്ടിനെത്താത്ത എൽ.ഡി.എഫ് വോട്ടർമാരെ സംബന്ധിച്ച വിവരം എന്ന ഫോറത്തിലാണ് ബൂത്ത് കൺവീനർമാർ നിയോജക മണ്ഡലം കമ്മിറ്റിക്ക് കണക്ക് നൽകേണ്ടത്. സ്ഥാനാർഥിക്ക് പ്രതീക്ഷിക്കുന്ന വോട്ടിന്റെ പോളിങ്ങിന് മുമ്പുള്ള കണക്കും പോളിങ്ങിന് ശേഷമുള്ള കണക്കും വ്യത്യാസവും ഫോറത്തിൽ രേഖപ്പെടുത്തണം.
തുടർന്ന് വോട്ടു ചെയ്യാത്തവരുടെ വോട്ടർ പട്ടികയിലെ ക്രമനമ്പർ, പേര്, വീട്ടുപേര്, മൊബൈൽ നമ്പർ, പാർട്ടി ബന്ധം, വോട്ടിനെത്താൻ പ്രയാസമാണെന്ന് മുൻകൂട്ടി മനസ്സിലാക്കിയിരുന്നോ, വോട്ട് ചെയ്യിക്കുന്നതിന് നടത്തിയ പ്രവർത്തനം, വോട്ട് ചെയ്യാത്തതിനുള്ള കാരണം എന്നിവ പട്ടികയായി രേഖപ്പെടുത്തി നൽകുകയാണ് വേണ്ടത്. വോട്ടെടുപ്പിന് മുന്നോടിയായി നൽകിയ കണക്കും വോട്ടെടുപ്പിന് ശേഷമുള്ള കണക്കും തമ്മിൽ വലിയ വ്യത്യാസമുണ്ടായതോടെ ഭൂരിപക്ഷം പ്രതീക്ഷിച്ച ബൂത്തുകളിൽ പാർട്ടി വോട്ടുകൾ വൻതോതിൽ ചോർന്നെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. കണക്കെടുപ്പിനുശേഷം വോട്ടുചോർച്ചയുണ്ടായ സ്ഥലങ്ങളിൽ പ്രാദേശിക ഘടകങ്ങൾക്കെതിരെ അന്വേഷണത്തിനും തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ വീഴ്ച വരുത്തിയ നേതാക്കൾക്കെതിരെ അച്ചടക്ക നടപടിക്കും സാധ്യതയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.